Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിലമ്പൂർ വനത്തിനുള്ളില്‍ സ്വർണം അരിച്ചെടുക്കുന്നതില്‍ ഏർപ്പെട്ട ഏഴു പേർ പിടിയില്‍.

29 Dec 2025 11:45 IST

Jithu Vijay

Share News :

നിലമ്പൂർ : നിലമ്പൂർ വനത്തിനുള്ളില്‍ സ്വർണം അരിച്ചെടുക്കുന്നതില്‍ ഏർപ്പെട്ട ഏഴു പേർ പിടിയില്‍. വനം ഇന്റലിജൻസും റേഞ്ച് ഓഫീസറും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.


നിലമ്പൂർ നോർത്ത് ഡിഎഫ്‌ഒ പി. ധനേഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് വനം ഇന്റലിജൻസ് വിഭാഗം പരിശോധന നടത്തിയത്. നിലമ്പൂർ റേഞ്ച്, പനയങ്കോട് സെക്ഷൻ പരിധിയിലെ ആയിരവല്ലിക്കാവ് വനഭാഗത്തെ ആമക്കയം ഭാഗത്ത് മോട്ടോർ പമ്പ് ഉപയോഗിച്ച്‌ മണല്‍ ഊറ്റി സ്വർണം അരിച്ചെടുത്തിരുന്നു എന്ന് കണ്ടെത്തി.


മമ്പാട് പുള്ളിപ്പാടം സ്വദേശികളാണ് പിടിയിലായ ഏഴ് പേരും. റസാഖ്, ജാബിർ, അലവിക്കുട്ടി, അഷ്റഫ്, സക്കീർ , ഷമീം, സുന്ദരൻ എന്നിവരാണ് പിടിയിലായത്. ഈ ഭാഗം കേന്ദ്രീകരിച്ച്‌ വലിയ തോതില്‍ സ്വർണഖനനം നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് ദിവസങ്ങളായി നടന്നുവരുന്ന അന്വേഷണത്തിൻ്റെ ഭാഗമായിരുന്നു റെയ്ഡ്.


നിലമ്പൂർ വനമേഖലയില്‍ സ്വർണത്തിന്റെ അംശമുണ്ടെന്ന് നേരത്തെ മനസിലായതാണ്. ആദ്യകാലങ്ങളില്‍ സമീപവാസികള്‍ ഇവിടെ നിന്ന് നിത്യവൃത്തിക്കായി മണല്‍ ഖനനം ചെയ്ത് സ്വർണം ശേഖരിക്കുമായിരുന്നു. പിന്നീട് വ്യാവസായിക അടിസ്ഥാനത്തില്‍ ഇവിടെ നിന്ന് മണല്‍ കൊണ്ടുപോകുന്നത് സജീവമാകുകയായിരുന്നു. ഇതോടെയാണ് വനംവകുപ്പ് കർശന നടപടി സ്വീകരിച്ചത്. അതിനുശേഷം നിലമ്പൂർ മേഖലയില്‍ ഇത്തരത്തിലുള്ള സ്വർണഖനനങ്ങള്‍ കർശനമായി നിരോധിച്ചിരുന്നു. ജുവലറി ഉടമകളുടെ നിർദ്ദേശാനുസരണമാണോ ഇവർ മണല്‍ ശേഖരിക്കാനെത്തുന്നതെന്ന കാര്യത്തിലും അന്വേഷണം നടത്തുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

Follow us on :

More in Related News