Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 May 2026 19:59 IST
Share News :
മസ്കറ്റ്: മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി ഒമാനിലെ മസ്കത്തിലെത്തിയ മുൻകാല പ്രവാസിയും, കണ്ണൂർ തളിപ്പറമ്പ് കാക്കത്തോട് സ്വദേശിയുമായ മഹ്മൂദ് എം.പി (62) മസ്കറ്റിലെ സ്വകാര്യ ആശുപത്രിയിൽ നിര്യാതനായി.
വെള്ളിയാഴ്ച്ച മസ്കറ്റ്, അൽ ഖുവൈറിൽ നടക്കാനിരുന്ന മകൻ്റെ വിവാഹ റിസപ്ഷൻ ചടങ്ങിന് മണിക്കൂറുകൾ മുമ്പായിരുന്നു മരണം.
മസ്കറ്റിലെ ഖുറമിലെ പെർഫ്യൂം ഷോപ്പിൽ മാനേജരായ മകൻ മാസിൻ മഹ്മൂദിന്റെ വിവാഹ ചടങ്ങിനായാണ് മഹ്മൂദും ഭാര്യ റഹ്മത്തും മക്കളായ മെഹ്റ, മാജിത എന്നിവരും ദിവസങ്ങൾക്ക് മുമ്പ് മസ്കറ്റിലെത്തിയത്.
കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് നാട്ടിൽ ചികിത്സയിലായിരുന്ന മഹ്മൂദിന്റെ ആരോഗ്യനില മസ്കറ്റിലെത്തിയ ശേഷം വഷളാകുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിനിടെ ആരോഗ്യനില ഗുരുതരമായതോടെ കഴിഞ്ഞ ദിവസം ലളിതമായി നിക്കാഹ് ചടങ്ങ് നടത്തി.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് പിതാവിന്റെ സാന്നിധ്യത്തിൽ മകൻ മാസിൻ വിവാഹ മഹർ വധുവിന് കൈമാറിയത്. മലയാളി ബന്ധങ്ങൾ ഉള്ള മുംബൈ സ്വദേശിനിയും മസ്കറ്റ് പ്രവാസിയുമായ സബ മുനീർ മൂസയാണ് വധു.
തന്റെ വിവാഹം പിതാവിന്റെ വലിയ ആഗ്രഹമായിരുന്നുവെന്ന് മകൻ മാസിൻ വേദനയോടെ അറിയിച്ചു. അൽ ഖുവൈറിലെ വിന്ധം ഗാർഡനിലെ അൽമാലി ഹാളിൽ വെള്ളിയാഴ്ച രാത്രി നടത്താനിരുന്ന റിസപ്ഷൻ ചടങ്ങ് റദ്ദാക്കി.
മസ്കറ്റിലെ മത്രയിൽ നാല്‍പത് വർഷത്തോളം വ്യാപാരിയായിരുന്ന മഹ്മൂദ് 2022 മെയ് മാസത്തിലാണ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്.
ഭാര്യ: റഹ്മത്ത്. മക്കൾ: മാസിൻ മഹ്മൂദ്, മെഹ്റ, മാജിത. മരുമക്കൾ: അബ്ദുല്ല കെ.എസ് (അൽഐൻ), മുഷ്താഖ് (തളിപ്പറമ്പ്).
മയ്യത്ത് തുടർനടപടികൾ പൂർത്തിയാക്കി മസ്കറ്റിലെ ആമിറാത്തിൽ ഖബറടക്കി.
Follow us on :
Tags:
More in Related News
Please select your location.