Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊവിഡ് കാലഘട്ടത്ത് ഒരു കുടുംബനാഥനെപ്പോലെയാണ് ഞാന്‍ ജനങ്ങള്‍ക്കൊപ്പം നിന്നത്. മഹാരാഷ്ട്രയിലെ ജനങ്ങള്‍ എന്നോട് ഇങ്ങനെ ചെയ്തുവെന്ന് വിശ്വസിക്കാനാകുന്നില്ല; ഉദ്ധവ് താക്കറെ

24 Nov 2024 09:03 IST

Shafeek cn

Share News :

മുംബൈ: മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിലെ വമ്പന്‍ തോല്‍വിക്ക് പിന്നാലെ പ്രതികരണവുമായി ശിവസേന ഉദ്ധവ് വിഭാഗം നേതാവ് ഉദ്ധവ് താക്കറെ. ബിജെപി ഒരു പാര്‍ട്ടി ഒരു രാജ്യം എന്നനിലയിലേക്ക് കാര്യങ്ങളെ കൊണ്ടുപോകുകയാന്നെന്നും മഹാരാഷ്ട്രയിലെ ജനങ്ങള്‍ തന്നോട് ഇങ്ങനെ ചെയ്തെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും ഉദ്ധവ് പറഞ്ഞു. 'എനിക്ക് വിശ്വസിക്കാനാകുന്നില്ല. എന്റെ ജനങ്ങള്‍ എന്നോട് തന്നെ ഇങ്ങനെ ചെയ്യുമെന്ന്. കൊവിഡ് കാലഘട്ടത്ത് ഒരു കുടുംബനാഥനെപ്പോലെയാണ് ഞാന്‍ ജനങ്ങള്‍ക്കൊപ്പം നിന്നത്. ജനങ്ങള്‍ ഞങ്ങളെയാണ് കേട്ടത്. അമിത് ഷായെയും മോദിയെയും കേള്‍ക്കേണ്ട എന്ന് ജനങ്ങള്‍ തന്നെ പറയുന്നുണ്ടായിരുന്നു. പിന്നെ എങ്ങനെയാണ് അവര്‍ക്കിത്ര വോട്ട് കിട്ടിയത്?'; ഉദ്ദവ് താക്കറെ പറഞ്ഞു.


അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പില്‍ അതിഭീകര ഭൂരിപക്ഷം ലഭിച്ചതിന് പിന്നാലെ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകളിലേക്ക് കടന്ന് മഹായുതി സഖ്യം. സഖ്യത്തിലെ നിയുക്ത എംഎല്‍എമാരുടെ നിയമസഭാ കക്ഷയോഗം ഇന്ന് നടക്കും. നിയമസഭാ നേതാവിനെ തിരഞ്ഞെടുക്കുന്നത് ഉള്‍പ്പെടെയുള്ള ചര്‍ച്ചകള്‍ ആയിരിക്കും യോഗത്തില്‍ ഉണ്ടാവുക. ബിജെപിയുടെയും ഷിന്‍ഡെ വിഭാഗം ശിവസേനയുടെയും, അജിത് വിഭാഗം എന്‍സിപിയുടെയും നിയമസഭാ കക്ഷി യോഗത്തിന് തുടര്‍ച്ചയായിട്ടായിരിക്കും മഹായുതി സഖ്യത്തിന്റെ സംയുക്ത നിയമസഭാ കക്ഷിയോഗം ചേരുക. 130 ഓളം സീറ്റ് ലഭിച്ച ബിജെപി മുഖ്യമന്ത്രി സ്ഥാനം ഇക്കുറി വിട്ട് നല്‍കാന്‍ ഇടയില്ല.


രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള ദേശീയ നേതാക്കള്‍ ഇന്ന് മുംബൈയില്‍ സംസ്ഥാനത്തെ നേതാക്കളുമായി മന്ത്രിസഭാ രൂപീകരണ ചര്‍ച്ച നടത്തും. അതില്‍ ഉണ്ടാകുന്ന തീരുമാനത്തിന് തുടര്‍ച്ചയായിട്ടാകും ഘടകകക്ഷികളുമായുള്ള ആശയവിനിമയവും സംയുക്ത നിയമസഭാ കക്ഷി യോഗവും. ഉപമുഖ്യമന്ത്രിപദം 2 പ്രധാന ഘടകകക്ഷികള്‍ക്ക് നല്‍കുന്നതില്‍ ബിജെപി എതിര് നില്‍ക്കാനിടയില്ല. ഏകനാഥ് ഷിന്‍ഡെയ്ക്ക് ഒരുതവണകൂടി മുഖ്യമന്ത്രിപദം നല്‍കണമെന്ന നിലപാടാണ് ശിവസേന ഷിന്‍ഡെ വിഭാഗത്തിനുള്ളത്.


Follow us on :

More in Related News