Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയത്ത് യുവാവിനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ കോഴിക്കോട് സ്വദേശികളായ രണ്ടു പേർ അറസ്റ്റിൽ

10 Aug 2024 19:34 IST

CN Remya

Share News :

കോട്ടയം: കോട്ടയം സി.എം.എസ് കോളേജിന് സമീപം യുവാവ് നടത്തിവന്നിരുന്ന ഫിനാൻസ് സ്ഥാപനത്തിൽ നിന്നും യുവാവിനെ കബളിപ്പിച്ച് 22 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂർ മറിയംവില്ല വീട്ടിൽ (കോഴിക്കോട് കുന്നമംഗലം ഭാഗത്ത് ഇപ്പോൾ വാടകയ്ക്ക് താമസം ) മുഹമ്മദ് സഫാത്ഖാൻ (27), കോഴിക്കോട് എക്കാട്ടൂർ ഭാഗത്ത് എടത്തുംചാലിൽ വീട്ടിൽ അമൽ സജീവ് (24) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സി.എം.എസ് കോളേജിന് സമീപം പ്രവര്‍ത്തിക്കുന്ന ഫിനാൻസ് സ്ഥാപനത്തിൽ നിന്നും 22 ലക്ഷത്തോളം രൂപ സ്ഥാപന ഉടമയെ കബളിപ്പിച്ച് തട്ടിയെടുക്കുകയായിരുന്നു. സഫാത്ഖാന് വിദേശത്ത് പഠിക്കുവാൻ വിദേശ യൂണിവേഴ്സിറ്റിയിൽ നിന്നും ഓഫർ ലെറ്റർ ലഭിച്ചിട്ടുണ്ടെന്നും, ഇതിനായി 22 ലക്ഷത്തോളം രൂപ അക്കൗണ്ടിൽ കാണിക്കണമെന്നും പറഞ്ഞ് വിദേശ യൂണിവേഴ്സിറ്റിയുടെ വ്യാജ ഓഫർ ലെറ്റർ തയ്യാറാക്കി സ്ഥാപന ഉടമയെ കാണിച്ച് പണം പിന്നീട് തിരികെ നൽകാമെന്ന വ്യവസ്ഥയിൽ 22 ലക്ഷത്തോളം രൂപ ഇവര്‍ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് ഇവർ പണം ഡിവൈൻ ഗോൾഡ് എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് അയച്ചുനല്‍കി സ്വർണ്ണ കോയിൻ വാങ്ങിയെടുക്കുകയും ചെയ്തു. കാലാവധി കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാതിരുന്നതിനെ തുടർന്ന് സ്ഥാപന ഉടമ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ പണം ഇവരുടെ അക്കൗണ്ടിൽ എത്തിയതായി കണ്ടെത്തുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇരുവരെയും പിടികൂടുകയുമായിരുന്നു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ പ്രശാന്ത് കുമാർ കെ.ആർ, എസ്.ഐ വിദ്യാ. വി, എ.എസ്.ഐ സജി ജോസഫ്, സി. പി.ഓ മാരായ ശ്യാം.എസ്. നായർ, രാജീവ് കുമാർ കെ.എൻ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി.

Follow us on :

More in Related News