Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൊടുപുഴ ഫെസ്റ്റ് 2കെ25: 'ലാ വിക്‌ടോറിയ' വിദ്യാര്‍ഥി സംഗമം സംഘടിപ്പിച്ചു

27 Jan 2025 19:51 IST

ജേർണലിസ്റ്റ്

Share News :



തൊടുപുഴ: പുത്തന്‍ ആശയങ്ങളിലും സമരബോധത്തിലും അടിയുറച്ച് പ്രതികരണശേഷിയുള്ള സമൂഹമായി മാറണമെന്ന ചിന്ത സമ്മാനിച്ച് 'ലാ വിക്‌ടോറിയ' വിദ്യാര്‍ഥി സംഗമം. തൊടുപുഴ ഫെസ്റ്റ് 2കെ25 വേദിയിലാണ് നാളെയുടെ പ്രതീക്ഷകളായ വിദ്യാര്‍ഥികള്‍ക്ക് ലോകത്തെ സംഭവ വികാസങ്ങള്‍ തങ്ങളെ ബാധിക്കുന്നതെങ്ങനെയെന്ന ധാരണ നല്‍കിയും രക്തസാക്ഷി സ്മരണകളുണര്‍ത്തിയും സംഗമം ശ്രദ്ധേയമായത്. ഡോ. പി. സരിന്‍ ഉദ്ഘാടനംചെയ്തു. ഡൊണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ലഭിച്ച നാസി സല്യൂട്ട് പലതിനെയും ഓര്‍മിപ്പിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നാസി സല്യൂട്ട് അടിച്ചവരാണ് ലക്ഷക്കണക്കിനാളുകളെ കൊന്നൊടുക്കിയത്. നാളെ ഇന്ത്യയിലും അഭിവാദനരീതി ഒരു ഭരണാധികാരി തീരുമാനിക്കാന്‍ സാധ്യതയുണ്ടെന്നും അത് പലതിന്റെയും ഓര്‍മപ്പെടുത്തലാകുമെന്നും തിരിച്ചറിയണം. രാജ്യത്ത് പൗരത്വം എങ്ങനെയൊക്കെ റദ്ദ് ചെയ്യപ്പെടുമെന്നത് സംബന്ധിച്ച് കുറച്ച് വര്‍ഷങ്ങളില്‍ തീരുമാനങ്ങളുണ്ടാകും. ഇതിനെതിരെയെല്ലാം പ്രതികരിക്കാനും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനും സാധിക്കണം. ലോകത്തെ അപകടത്തിലേക്ക് നയിക്കുന്ന ആളുകള്‍ക്ക് മുന്നിന്‍ അങ്ങനെ ചെയ്യരുതെന്ന് പറയാന്‍ ഉയര്‍ന്നുവരേണ്ട ശബ്ദങ്ങളാണ് വിദ്യാര്‍ഥികളുടേത്. അതിലെ തെറ്റുകള്‍ വിളിച്ചുപറയാന്‍ മടിയില്ലാത്തവരാകണം. അതിനുള്ള ധൈര്യം സമ്പാദിക്കലാണ് വിദ്യാര്‍ഥി കാലഘട്ടത്തില്‍ ആര്‍ജ്ജിച്ചെടുക്കേണ്ടത്. മികച്ച ആശയങ്ങള്‍ കൊണ്ടുവന്ന്, അത് അടുത്ത തലമുറയുടെ ആവശ്യങ്ങളുമായി ബന്ധപ്പെടുത്തി നിയമനിര്‍മാണത്തിന് വരെ വഴിവയ്ക്കുന്ന ഇടപെടലുകള്‍ നടത്തണമെന്നും സരിന്‍ പറഞ്ഞു.  

എം.ജി സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍ എം.എസ് ഗൗതം അധ്യക്ഷത വഹിച്ചു. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ മുഖ്യപ്രഭാഷണം നടത്തി. എം.എസ് ഗൗതം, എം.ജി സര്‍വകലാശാല യൂണിയന്‍ അംഗങ്ങളായ പി. ശ്രീജിത്ത്, ലിന്റോ എന്നിവരെയും ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട കോളജ് യൂണിയന്‍ ഭാരവാഹികളെയും വിവിധ മത്സരങ്ങളില്‍ വിജയികളായവരെയും ഡോ. പി സരിനും കെ. അനുശ്രീയും ചേര്‍ന്ന് അഭിനന്ദിച്ചു. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് ശരത്പ്രസാദ്, സെക്രട്ടറി സഞ്ജീവ് സഹദേവന്‍, സംസ്ഥാന കമ്മിറ്റിയംഗം ലിനു ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.  


Follow us on :

More in Related News