Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Mar 2026 21:12 IST
Share News :
കോട്ടയം: സ്ഥിരമായി മത്സരിച്ച് റിക്കോർഡ് സ്ഥാപിക്കുക എന്നത് തന്റെ ലക്ഷ്യമല്ലെന്നും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർത്തീകരിച്ച് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്നും പിൻവാങ്ങുകയാണ് ഉദ്ദേശ്യമെന്നും യുഡിഎഫ് പാലാ നിയോജക മണ്ഡലം സ്ഥാനാർഥി മാണി. കാപ്പൻ. യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവൻഷനിലാണ് കാപ്പന്റെ പ്രഖ്യാപനം. എന്നാൽ പൊതുപ്രവർത്തനരംഗത്ത് സജീവമായിട്ടുണ്ടാകുമെന്നും നാടിന്റെ നന്മക്കായി അദ്ധ്വാനിക്കുന്ന പുതു തലമുറക്കായിട്ടാണ് വഴി മാറുന്നതെന്നും കാപ്പൻ പറഞ്ഞു. നല്ലവരായ ജനങ്ങൾ വോട്ട് നൽകി വിജയിപ്പിച്ചതിന് തനിക്കെതിരെ കള്ളക്കേസുകൾ കൊടുപ്പിക്കുകയും നാടുനീളെ ഫ്ളക്സ് വെച്ച് അപമാനിക്കുകയും ചെയ്യുന്ന രാഷ്ട്രീയ ശൈലി പ്രൗഢമായ പാലായുടെ പാരമ്പര്യത്തിന് ചേരുന്നതല്ല. ജയപരാജയങ്ങൾ സ്വഭാവികമാണെന്നും മൂന്ന് തവണ തോറ്റാണ് താൻ ജയിച്ചതെന്നും ഇക്കുറി വലിയ ഭൂരിപക്ഷത്തിൽ ജയിച്ച് പാർലമെന്ററി മോഹം അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നും നേതാക്കളെ സാക്ഷിനിർത്തി ടൗൺഹാൾ തിങ്ങി നിറഞ്ഞ സദസിനോടായി കാപ്പൻ പറഞ്ഞപ്പോൾ വേദിയും സദസും ഒരു നിമിഷം നിശ്ചലമായി.
യു.ഡി.എഫ് നിയോജക മണ്ഡലം കൺവൻഷൻ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ജനദ്രോഹ നടപടികളുമായി മുമ്പോട്ടു പോകുന്ന ഇടതു മുന്നണിയിൽ നിന്ന് ആദ്യം രക്ഷപ്പെട്ട മാണി സി. കാപ്പൻ കെ.ഡി.പിയുടെ സ്ഥാനാർത്ഥിയല്ല മറിച്ച് കോൺഗ്രസിന്റെ സ്ഥാനാർത്ഥിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അപചയം മൂലം കാപ്പന്റെ പാത പിന്തുടർന്ന് നല്ല കമ്മ്യൂണിസ്റ്റ് നേതാക്കളും പ്രവർത്തകരും യു.ഡി.എഫിലേക്ക് ഒഴുകിയെത്തുകയാണ്. മുൻ മന്ത്രി ജി.സുധാകരനെപ്പോലെയുള്ള നല്ല കമ്മ്യൂണിസ്റ്റുകൾ ഐക്യ ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്തും. പ്രതിപക്ഷത്തായിരുന്ന കാപ്പൻ നിയോജക മണ്ഡലത്തിൽ നടപ്പാക്കിയ വികസനപ്രവർത്തനങ്ങൾ അത്ഭുതാവഹമാണ്. എന്നാൽ കാപ്പൻ വഴി ഈ നാട്ടിലൊന്നും നടക്കരുതെന്ന് ചിലർക്കുണ്ടായിരുന്ന നിർബന്ധബുദ്ധിക്ക് ഇത്തവണ പാലാക്കാർ പ്രതികാരം ചെയ്യും. അതു വഴി കാപ്പന്റെ ഭൂരിപക്ഷം ചരിത്രത്തിൽ റിക്കോർഡായിരിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
യോഗത്തിൽ നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ. സതീശ് ചൊള്ളാനി അധ്യക്ഷത വഹിച്ചു. അഡ്വ. ഫ്രാൻസിസ് ജോർജ് എംപി, പി. സി തോമസ്, ജോയി എബ്രാഹം, ജോസഫ് വാഴക്കൻ, തോമസ് കല്ലാടൻ, മുനിസിപ്പൽ ചെയർ പേഴ്സൺ ദിയ ബിനു, ശ്രീനാദേവി കുഞ്ഞമ്മ തുടങ്ങി നിരവധി പേർ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.