Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Dec 2024 11:59 IST
Share News :
എ.വി. ഫർദിസ്
കോഴിക്കോട്:
മലയാളത്തിൽ ആദ്യമായി രണ്ടു എഴുത്തുകാർ കൂടിയിരുന്നെഴുതിയ നോവലാണ് 'അറബിപ്പൊന്ന് ' .
ഇരുവരുടെയും സുഹൃത്തുക്കൾ രസകരമായി ഇതിനെ വിശേഷിപ്പിക്കുന്നതാണ് ,കൂട്ടുകൃഷിയിൽ പിറന്ന ആദ്യത്തെ നോവൽ എന്നത്.
എം.ടിയും എൻ.പി മുഹമ്മദും തമ്മിലുള്ള ദൃഢബന്ധത്തിൻ്റെ ഒരു സ്മാരകം കൂടിയാണ്
'അറബിപ്പൊന്ന് ' എന്നു വേണമെങ്കിൽ പറയാം.
1953- ൽ മാതൃഭൂമി ആഴ്ചപതിപ്പിൽ സഹ പത്രാധിപരായി കോഴിക്കോട്ട് വന്നത് മുതൽ തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള സൗഹൃദം. ഇതിൻ്റെ അടിത്തറ വായന തന്നെയായിരുന്നു. രണ്ടു പേരും ലോകമൊന്നാകെയുള്ള പുസ്തകങ്ങൾ അന്വേഷിച്ച് കണ്ടെത്തി വായിച്ചു തീർക്കാൻ മത്സരിക്കുന്നവർ. അങ്ങനെ വായിച്ചതിനെക്കുറിച്ചുള്ള ചർച്ചകൾക്കായി വൈകുന്നേരങ്ങളിൽ ഇരുവരും കണ്ടുമുട്ടും. ചിലപ്പോൾ മാതൃഭൂമിക്കടുത്തു വെച്ചാണെങ്കിൽ മറ്റ് ചിലപ്പോൾ എൻ.പി ജോലി ചെയ്യുന്ന വൈ. എം. സി. ഏ ക്രോസ് റോഡിലെ ഹൗസിംഗ് കോ -ഓപറേറ്റീവ് സൊസൈറ്റിയിലായിരിക്കും. അത്തരം സായാഹ്ന ചർച്ചകളിലാണ്, കോഴിക്കോട്ടെ ബീച്ച് കേന്ദ്രീകരിച്ച് നടക്കുന്ന കള്ളക്കടത്തു സംഘങ്ങളെക്കുറിച്ചും വാർത്തകൾ വന്നത്. എം.വി ദേവൻ, പട്ടത്തു വിള കരുണാകരൻ തുടങ്ങിയവരൊക്കെയുള്ള ചർച്ചയിലാണ് എന്തുകൊണ്ട് സ്വർണ കള്ളക്കടത്തു പ്രമേയമാക്കി ഒരു ക്രൈം നോവലെഴുതിക്കൂടായെന്ന ചർച്ച വരുന്നത്. മലയാളത്തിൽ ഇതൊരു വലിയ സംഭവമാകുമെന്നും എല്ലാവരും അഭിപ്രായപ്പെട്ടു. അങ്ങനെ നോവലിൻ്റെ കഥാതന്തു പറഞ്ഞ് വാസൂ എഴുതൂ എന്ന് എൻ.പി .
എന്നാൽ എനിക്കറിയാത്ത ഭൂമികയാണത്. അപ്പോൾ എൻ.പി തന്നെ എഴുതിയാൽ മതിയെന്ന് എം.ടി.
അവസാനം ഇരുവരും കൂടി എഴുതുകയെന്ന തീരുമാനത്തിലാണ് പ്രശ്നം പരിഹരിക്കുന്നത്. അങ്ങനെ ഇരുവരും കൂടി ചർച്ച ചെയ്ത് ചർച്ച ചെയ്ത് എഴുത്ത് തുടങ്ങി, പക്ഷേ മാസങ്ങൾ പിന്നിട്ടിട്ടും എഴുത്തിന് വിചാരിച്ചത്ര വേഗതയില്ല.
പകൽ ഇരുവർക്കും ജോലിയുള്ളതും എഴുത്തിൻ്റെ വേഗത കുറച്ചു. അങ്ങനെ രണ്ടു പേരും ജോലിയിൽ നിന്ന് ഒരു മാസത്തേക്ക് ലീവെടുത്ത് കരുവാരക്കുണ്ട് തൃക്കുറ്റിശ്ശേരി മനയിലെ പത്തായപുരയിൽ താമസിച്ച് എഴുത്തു തുടങ്ങി. പതിനഞ്ചു ദിവസം കൊണ്ട് പൂർത്തിയാക്കിയെങ്കിലും, വീണ്ടും പകർത്തിയെഴുതുവാൻ ഒരു വർഷമെടുത്ത് 1960 ലാണ് അറബിപ്പൊന്ന് പ്രകാശിതമാകുന്നത്. അറബിപ്പൊന്ന് എം.ടിയെ അതിപ്രശസ്തനും എൻ.പിയെ പ്രശസ്തനുമാക്കി മാറ്റി.
അതോടെ ഇരുവരുടെയും ദൈനംദിന ചർച്ചകളും അഭംഗുരം തുടർന്നുകൊണ്ടിരുന്നു, ഇരുവർക്കും ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് കണ്ടു മുട്ടുവാൻ സാധിക്കാതിരുന്ന കാലം വരെ.
പിന്നീട് ഈ വിടവ് നികത്താൻ 1998-ൽ എൻ. പി യുടെ മകൻ എൻ.പി ഹാഫിസ് മുഹമ്മദ് രണ്ടു പേരെയും ആറുമണിക്കൂറിലധികമാണ് അടുത്തിരുത്തി സംസാരിപ്പിച്ചത്, ഒരു പത്രത്തിൻ്റെ വാർഷിക പതിപ്പിൽ അച്ചടിച്ചു വന്ന അഭിമുഖം കോഴിക്കോട് നിന്ന് തുടങ്ങി തുഞ്ചൻ പറമ്പിലെത്തി, വീണ്ടും കോഴിക്കോട് വരെ നീണ്ടതായിരുന്നുവെന്ന് എൻ.പി. ഹാഫിസ് മുഹമ്മദ് ഓർമിച്ചെടുക്കുന്നു.
രണ്ടു പേരും തങ്ങളെ സ്വയം വിലയിരുത്തുന്നത്, ഇത്തരം കൂടിക്കാഴ്ചയിലാണെന്നും അദ്ദേഹം പറഞ്ഞു.
എനിക്ക് അസ്വസ്ഥത വരുമ്പോൾ ഞാൻ കാണാനാഗ്രഹിക്കുന്ന ആൾ എൻ.പിയാണെന്ന് എം.ടിയും എന്തെങ്കിലും ഗൗരവമായി സംസാരിക്കുവാൻ ആഗ്രഹിക്കുമ്പോൾ ആദ്യം വിളിക്കുവാൻ മനസ്സിൽ തോന്നുക വാസൂൻ്റെ പേരാണെന്ന് എൻ.പി മുഹമ്മദും പരസ്പരം തങ്ങളുടെ ബന്ധത്തെക്കുറിച്ച് പറയാറുള്ളത്.
ഇങ്ങനെ 1996-ൽ എറണാകുളത്ത് ഒരു പരിപാടിക്കെത്തിപ്പെട്ട രണ്ടു പേരും എന്ത് തങ്ങളുടെ സംഭാവനയായി ഇനി നല്കാനുണ്ടെന്ന മണിക്കൂറുകൾ നീണ്ട ചർച്ച നടത്തുവാൻ ഒരു ദിവസം റൂമെടുത്ത് താമസിച്ചു. അവസാനം ഇരുവരും ഒന്നിച്ചെടുത്ത തീരുമാനം രണ്ട് നോവലുകൾ ഇരുവരും എഴുതുകയെന്നുള്ളതായിരുന്നു.
എൻ.പി. തൻ്റെ പിതാവും സ്വാതന്ത്ര്യസമരസേനാനിയുമായ എൻ.പി. അബു സാഹിബിനെ കേന്ദ്ര കഥാപാത്രമാക്കി ദൈവത്തിൻ്റെ കണ്ണിന് രണ്ടാം ഭാഗം എഴുതുകയെന്നതായിരുന്നു. എന്നാൽ അത് പൂർത്തീകരിക്കാതെ വർഷങ്ങൾക്ക് മുൻപ് എൻ.പി കടന്നുപോയി. എന്നാൽ അന്ന് എം.ടിയുടെ മനസ്സിലുണ്ടായിരുന്നത്.
ചുറ്റുപാടിൻ്റെ മാറ്റങ്ങളോട് പൊരുത്തപ്പെടുവാൻ കഴിയാതെ പോകുന്ന ഒരു പാവപ്പെട്ട കർഷകൻ്റെ കഥ പറയുന്ന നോവലായിരുന്നു. ഇല്ലാതാകുന്ന തൻ്റെ നിളയുടെ വേദനയുടെ പശ്ചാത്തലത്തിൽ മലയാളിക്ക് എം.ടി യിൽ നിന്ന് ലഭിക്കാമായിരുന്ന ഒരു വേറിട്ട നോവൽ എന്ന സ്വപ്നവും പൂർത്തീകരിക്കാൻ കഴിയാതെ ഇപ്പോൾ എം.ടിയും വിടവാ ങ്ങിയിരിക്കയാണ്.
Follow us on :
More in Related News
Please select your location.