Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബാർ ജീവനക്കാരെ താമസസ്ഥലത്ത് വെച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് 12 വർഷം കഠിന തടവും 7000 രൂപ പിഴയും ശിക്ഷ

26 Nov 2025 18:56 IST

MUKUNDAN

Share News :

ചാവക്കാട്:കുന്നംകുളം ആർസി പാർക്ക് ബാറിലെ ജീവനക്കാരായ കർണാടക കുടക് ചേലോത്ത് വീട്ടിൽ രവി മകൻ വിജീഷ്(26),നെല്ലുവായ് പതിയാരത്തുള്ള കോഴിക്കാട്ടിൽ വീട്ടിൽ രാമകൃഷ്ണൻ മകൻ ബാലു(50), മണ്ണാർക്കാട് പറമ്പിള്ളി പൊന്മാനാടിയിൽ വീട്ടിൽ ഗോപാലൻ നായർ മകൻ വിജയൻ(48)എന്നിവരെ പ്രവർത്തന സമയം കഴിഞ്ഞ് ബാറിൽ എത്തി മദ്യം ചോദിച്ചപ്പോൾ നൽകാത്തതിലൂള്ള വിരോധം വെച്ച് ഇരുമ്പ് പൈപ്പ്,വാൾഎന്നിവ ഉപയോഗിച്ച് അടിച്ചും വെട്ടിയും പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നാംപ്രതിയായ കുന്നംകുളം തെക്കേ അങ്ങാടി പഴുന്നാന വീട്ടിൽ ചെറിയാൻ മകൻ ജെറീഷിനെ(39)ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് കോടതി വിവിധ വകുപ്പുകളിലായി ആകെ 12 വർഷം കഠിനതടവിനും 7000 രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചു.2016 ജൂലൈ മൂന്നിന് രാത്രി 1 മണിക്കാണ് കേസിനാസ്പദമായ സംഭവം.കുന്നംകുളം ആർസി പാർക്ക് ബാറിലെ ജോലിക്കാർ താമസിക്കുന്ന തെക്കേ അങ്ങാടിയിലുള്ള സ്റ്റാഫ് ക്വാർട്ടേഴ്സിലേക്ക് 9 പ്രതികളായ കുന്നംകുളം തെക്കേ അങ്ങാടിയിൽ ഉള്ള പഴുന്നാന വീട്ടിൽ ചെറിയാൻ മകൻ ജെറീഷ്,കുന്നംകുളം സൗത്ത് ബസാർ ചെറുവത്തൂർ വീട്ടിൽ ചുമ്മാർ മകൻ സജി,കുന്നംകുളം ചിറളയം കുറ്റിക്കാട്ട് വീട്ടിൽ വർഗീസ് മകൻ സ്റ്റോമി,കുന്നംകുളം ചിറളയം കൊള്ളന്നൂർ വീട്ടിൽ ജിജോ മകൻ സ്റ്റിൻസൺ എന്ന ഡാടു,കുന്നംകുളം ശങ്കരപുരം വാലിക്കുടത്ത് വീട്ടിൽ രാജൻ മകൻ ജീസന്‍,ആർക്കാറ്റ് കുറുക്കൻപാറ ഉപ്പുങ്ങൽ വീട്ടിൽ അപ്പുണ്ണി മകൻ സുധീർ,ചിറ്റഞ്ഞൂർ സൗഹൃദ നഗർ കുത്തൂർ വീട്ടിൽ മോഹനൻ മകൻ രോഹിത്,കുന്നംകുളം ചിറളയം വലിയവീട്ടിൽ വിൽസൺ മകൻ വിജിൻ,കുന്നംകുളം ചിറളയം പാടത്ത് വീട്ടിൽ യേശുദാസ് മകൻ ജീവൻ എന്നിവർ ഒന്നാംപ്രതി ജെറീഷിന്റെ നേതൃത്വത്തിൽ ഇരുമ്പ്പൈപ്പ്,വാൾ എന്നിവയുമായി വാതിലുകൾ ചവിട്ടി പൊളിച്ച് കോട്ടേഴ്സ് മുറികളിലേയ്ക്ക് അതിക്രമിച്ചുകയറി ബാറിലെ ജോലി കഴിഞ്ഞുവന്ന് മുറികളിൽ ഉറങ്ങുകയായിരുന്ന വിജീഷ്,ബാലു,വിജയൻ എന്നിവരെ ഇരുമ്പ് പൈപ്പ്,വാൾ എന്നിവ ഉപയോഗിച്ച് വെട്ടി കൊലപെടുത്താൻ ശ്രമിക്കുകയായിരുന്നു.ബഹളം കേട്ട് കോട്ടേഴ്സിലെ മറ്റു താമസക്കാർ എത്തിയപ്പോൾ പ്രതികൾ അവരെ ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രക്ഷപ്പെട്ടു.തുടർന്ന് മറ്റു താമസക്കാരും,ഓടികൂടിയവരും ചേർന്ന് ഗുരുതരമായി പരിക്കേറ്റ് ചോരയിൽ കുളിച്ച് കിടന്നവരെ ഉടനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

രണ്ടാംപ്രതി സജി,മൂന്നാംപ്രതി സ്റ്റോമി,ആറാം പ്രതി സുധീർ എന്നിവർ ഒളിവിലാണ്.നാലാംപ്രതി സ്റ്റിൻസൺ,അഞ്ചാംപ്രതി ജീസന്‍,ഏഴാം പ്രതി രോഹിത്,എട്ടാം പ്രതി വിജിൻ,ഒമ്പതാം പ്രതി ജീവൻ എന്നിവരെ 12വർഷം മൂന്നുമാസം കഠിനതടവിനും 20000 രൂപ പിഴയടക്കുന്നതിനും കോടതി നേരത്തെ ശിക്ഷിച്ചിരുന്നു.ആ സമയം ഒന്നാം പ്രതി ജെറിഷ് ഒളിവിലായിരുന്നു.ശിക്ഷിക്കപ്പെട്ട ജെറിഷ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും,കാപ്പാ നിയമം ലംഘിച്ചതിൽ തടവിൽ കഴിഞ്ഞുവരുന്നയാളും,കുന്നംകുളം പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പെട്ടയാളുമാണ്.കുന്നംകുളം പോർക്കുളത്ത് വീടിനുമുന്നിൽ പള്ളിപ്പെരുന്നാൾ കണ്ടു നിന്നിരുന്ന മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായ ജെറീഷിന് ഏഴുവർഷം കഠിനതടവിനും  5000 രൂപ പിഴ അടയ്ക്കുന്നതിനും നേരത്തെ ഈ കോടതി ശിക്ഷിച്ചിരുന്നു.കുന്നംകുളം മക്കാലിക്കാവ് അമ്പലത്തിനടുത്തുള്ള വൈഎംസിഎ റോഡിൽ വച്ച് ബൈക്ക് യാത്രക്കാരായ യുവാക്കളെ റോഡിൽ തടഞ്ഞ് പെട്രോൾ ചോദിച്ചതിൽ കൊടുക്കാത്ത വിരോധം വെച്ച് ആക്രമിച്ച കേസിലും പ്രതിയായ ജെറീഷിനെ രണ്ടുവർഷം കഠിന തടവിന് ഈ കോടതി ശിക്ഷിച്ചിരുന്നു.പ്രോസിക്യൂഷൻ ഭാഗത്തുനിന്നും ആകെ 12 സാക്ഷികളെ വിസ്തരിക്കുകയും,52 രേഖകളും തൊണ്ടിമുതലകളും തെളിവായി ഹാജരാക്കി.കുന്നംകുളം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന ടി.പി.ഫർഷാദ് ആണ് പ്രതികൾക്കെതിരെ കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.കെ.ആർ.രജിത്കുമാർ ഹാജരായി.കോർട്ട് ലൈസൻ ഓഫീസരായ എഎസ്ഐ പി.ജെ.സാജൻ പ്രോസിക്യൂഷനെ സഹായിച്ചു.

Follow us on :

More in Related News