Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സുഭദ്ര കൊലപാതകം; കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് സംശയം; ബന്ധുവിനെ ചോദ്യം ചെയ്യാന്‍ പൊലീസ്

13 Sep 2024 17:27 IST

Shafeek cn

Share News :

കേരളത്തെ ഞെട്ടിച്ച ആലപ്പുഴയിലെ സുഭദ്ര കൊലപാതക കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കെന്ന സംശയത്തില്‍ പൊലീസ്. നിലവില്‍ കേസില്‍ അറസ്റ്റിലായ പ്രതി മാത്യുവിന്റെ ബന്ധുവായ റൈനോള്‍ഡിനെ ചോദ്യം ചെയ്യുകയാണ് പൊലീസ്. ഇയാള്‍ കൊലപാതകത്തിന് സഹായം ചെയ്‌തോ എന്നാണ് പൊലീസിന്റെ സംശയം. അതേസമയം കൊല്ലപ്പെട്ട സുഭദ്രയ്ക്ക് ലഹരി നല്‍കിയോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. പ്രതിയായ മാത്യുവിനും ശര്‍മിളയ്ക്കും ലഹരി എത്തിച്ച് നല്‍കുന്നത് റെയ്‌നോള്‍ഡ് ആണെന്നാണ് പൊലീസ് പറയുന്നത്.


ആലപ്പുഴയിലെ കലവൂരില്‍ വയോധികയായ സുഭദ്രയെ കൊന്ന് കുഴിച്ചുമൂടിയത് അതിക്രൂര മര്‍ദ്ദനത്തിന് ശേഷമാണെന്നാണ് പൊലീസ് പറയുന്നത്. 73 കാരിയായ സുഭദ്രയുടെ നെഞ്ചില്‍ ചവിട്ടി എന്നും കഴുത്ത് ഞരിച്ചെന്നും പ്രതികളായ മാത്യുവും ശര്‍മിളയും ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഇന്നലെ കര്‍ണാടക മണിപ്പാലില്‍ നിന്ന് പിടിയിലായ പ്രതികളെ ഇന്ന് രാവിലെയാണ് മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. തുടര്‍ന്ന് നടന്ന വിശദമായ ചോദ്യം ചെയ്യലില്‍ സാമ്പത്തിക നേട്ടത്തിനായാണ് സുഭദ്രയെ കൊന്നതെന്ന് പ്രതികള്‍ വെളിപ്പെടുത്തി.


പ്രതിയായ മാത്യുവും ഷര്‍മിളയും ചേര്‍ന്ന് സുഭദ്രയെ അതിക്രൂരമായി മര്‍ദിച്ചു. മേസ്തിരിയെ വിളിച്ചു വരുത്തി ഇരുവരും തങ്ങളുടെ വീടിന് പിറകുവശത്ത് ഒരു കുഴി എടുത്ത ശേഷം, ഏഴാം തിയ്യതി വൈകുന്നേരം തന്നെയാണ് കൊലപാതകം നടന്നന്നതെന്നും പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. അതേസമയം അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.


ഉഡുപ്പിയില്‍ നിന്നും എട്ട് കിലോ മീറ്റര്‍ അകലെയുള്ള മണിപ്പാലിലെ തന്റെ സുഹൃത്തിന്റെ വീട്ടിലേക്കുള്ള യാത്രമധ്യേയാണ് പ്രതികളായ ഇരുവരും അന്വേഷണ സംഘത്തിന്റെ പിടിയിലായത്. അതേസമയം ഉഡുപ്പി സ്വദേശിയായ ശര്‍മിള പോകാന്‍ സാധ്യത ഉള്ള സുഹൃത്തുക്കള്‍, ബന്ധുക്കള്‍ തുടങ്ങിയവരുടെ വിവരങ്ങള്‍ പൊലീസ് നേരത്തെ തന്നെ ശേഖരിച്ചിരുന്നു. ഇവിടങ്ങളില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞായിരുന്നു പൊലീസ് അന്വേഷണം.


കൊലപാതക കൃത്യത്തിന് ശേഷം ഉഡുപ്പിയിലെത്തിയ പ്രതികള്‍ അടുത്ത ദിവസങ്ങളില്‍ തന്നെ കൊച്ചിയില്‍ തിരിച്ചെത്തി. എന്നാല്‍ കൊലപാതക വിവരം പുറത്തറിഞ്ഞതോടെയാണ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിന്ന് മണിപ്പാലിലേക്ക് യാത്ര തിരിച്ചത്. മാത്യുവിന്റെ സുഹൃത്തായ ഒരാള്‍ കൂടി പോലിസ് കസ്റ്റഡിയില്‍ ഉണ്ട്. കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നാണ് വിലയിരുത്തല്‍. കസ്റ്റഡിയില്‍ വാങ്ങിയ ശേഷമാകും ഇനി കൂടുതല്‍ തെളിവെടുപ്പിലേക്ക് നീങ്ങുക.




Follow us on :

More in Related News