Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 May 2024 11:55 IST
Share News :
കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ പൊട്ടിയ കയ്യില്‍ ഇടേണ്ട കമ്പി മാറി പോയെന്ന പരാതിയില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ പൊലീസ് ആവശ്യപ്പെടും. ആരോപണത്തില്‍ വ്യക്തത വരുത്തുകയെന്നതാണ് ഇതിൻ്റെ ലക്ഷ്യമെന്ന് പൊലീസ് അറിയിച്ചു. ശസ്ത്രക്രിയക്ക് വിധേയനായ രോഗി കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. സംഭവത്തില്‍ രോഗിയുടെ മൊഴി വിശദമായി വീണ്ടും രേഖപ്പെടുത്തും. ശസ്ത്രക്രിയയില്‍ പിഴവില്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം.
കോഴിക്കോട് പയ്യാനക്കല്‍ സ്വദേശി അജിത്താണ് പരാതിക്കാരന്‍. സംഭവത്തില്‍ പൊലീസ് നേരത്തെ അജിത്തിന്റെ മൊഴിയെടുത്തിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം രോഗിയായ അജിത്തിന് വേദന ശക്തമായപ്പോഴാണ് പിഴവ് തിരിച്ചറിഞ്ഞത്. രാത്രി വീണ്ടും ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടര്‍ പറഞ്ഞു. നിരസിച്ചപ്പോള്‍ ഡോക്ടര്‍ ദേഷ്യപ്പെട്ടതായും അജിത്ത് പൊലീസിന് മൊഴി നല്‍കിയിരുന്നു. 24 വയസുകാരനായ അജിത്തിനെ വാഹനാപകടത്തെ തുടര്‍ന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ശസ്ത്രക്രിയക്കു വേണ്ടി ഒരാഴ്ചയോളമാണ് ആശുപത്രിയില്‍ കഴിഞ്ഞത്. പൊട്ടലുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും ശസ്ത്രക്രിയ ഒരാഴ്ച നീട്ടുകയായിരുന്നു. മറ്റൊരു രോഗിയുടെ കമ്പിയാണ് ഡോക്ടര്‍ തന്റെ കയ്യിലിട്ടതെന്നും തങ്ങള്‍ വാങ്ങി കൊടുത്ത കമ്പിയല്ല ഇട്ടതെന്നും അജിത്തിന്റെ അമ്മ പറഞ്ഞു. കൈ വേദന അസഹനീയമായപ്പോള്‍ അജിത്തിന് അനസ്തേഷ്യ നല്‍കി. 3000 രൂപയുടെ ശസ്ത്രക്രിയ ഉപകരണങ്ങള്‍ തങ്ങള്‍ വാങ്ങി നല്‍കിയെങ്കിലും അതൊന്നും ഡോക്ടര്‍ ഉപയോഗിച്ചിട്ടില്ലെന്നും അജിത്തിന്റെ അമ്മ ആരോപിച്ചിരുന്നു.
എന്നാല്‍, ശസ്ത്രക്രിയയില്‍ പൊട്ടിയ കയ്യില്‍ ഇടേണ്ട കമ്പി മാറി പോയെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നായിരുന്നു അസ്ഥിരോഗ വിഭാഗം തലവന്‍ ഡോ. ജേക്കബിന്റെ വിശദീകരണം. ശസ്ത്രക്രിയ നടത്തിയതില്‍ പിഴവുണ്ടായിട്ടില്ല. പ്രോട്ടോക്കോള്‍ പ്രകാരമായിരുന്നു ശസ്ത്രക്രിയ. നാല് വയസ്സുകാരിയുടെ കൈക്ക് പകരം നാക്കിന് ശസ്ത്രക്രിയ ചെയ്ത വിവാദത്തിന് പിറകെയായിരുന്നു മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ് സംഭവിച്ചത്. നാല് വയസ്സുകാരിയുടെ ചികിത്സ പിഴവ് സംബന്ധിച്ച് മെഡിക്കല്‍ ബോര്‍ഡ് യോഗം ജൂണ്‍ ഒന്നിന് ചേരാനിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് അജിത്തിന്റെ വിഷയത്തിലും മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന ആവശ്യവുമായി പൊലീസ് രംഗത്തെത്തിയിരുക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്.
Follow us on :
Tags:
More in Related News
Please select your location.