Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ തെരുവ് നായ്ക്കളുടെ ആക്രമണം; ഒരാടിനെ കടിച്ചുകീറി കൊന്നു. മറ്റൊരു ആട്ടിൻകുഞ്ഞിന് ആക്രമണത്തിൽ ഗുരുതര പരിക്ക്.

20 Jul 2025 16:51 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: കൂട്ടമായി എത്തിയ തെരുവ് നായ്ക്കൾ കൂട്ടിന് സമീപം കെട്ടിയിട്ടിരുന്ന ഒരാടിനെ കടിച്ചുകീറി കൊന്നു. ആക്രമണത്തിൽ മറ്റൊരു ആട്ടിൻകുഞ്ഞിന് ഗുരുതരമായി പരിക്കേറ്റ് അവശനിലയിൽ. ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ തലയോലപ്പറമ്പ് തലപ്പാറയിലാണ് തെരുവ് നായ്ക്കളുടെ ആക്രമണം. തലപ്പാറ പുളിംച്ചുവട്ടിൽ ലില്ലി ജോസഫിൻ്റെ 2 വയസ്സ് പ്രായമുള്ള മുട്ടനാടിനെയാണ് അക്രമകാരികളായ തെരുവ് നായ്ക്കൾ കടിച്ചുകീറി കൊന്നത്. 2 വയസ്സ് പ്രായമുള്ള പെണ്ണാടിൻ്റെ ഇരുകാലുകളുടെയും തുടഭാഗം കടിച്ചുകീറിയതിനെ തുടർന്ന് മരണത്തോട് മല്ലിടിക്കുന്ന സ്ഥിതിയിലാണ്. വീടിനു സമീപം പറമ്പിൽ ആടിന് തീറ്റ കൊണ്ടുവരാനായി ലില്ലിയും ഭർത്താവ് ജോസഫും പോയ സമയത്താണ് ആക്രമണം ഉണ്ടായത്. ആട്ടിൻകുട്ടികളുടെ കരച്ചിൽ കേട്ട് ഇവർ ഓടിയെത്തിയപ്പോഴേക്കും തെരുവ് നായ്ക്കൾ കടന്ന് കളഞ്ഞു. കഴിഞ്ഞ 12 ന് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ഇവരുടെ 6 മാസം പ്രായമുള്ള ആട്ടിൻകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് വാക്സിൻ എടുത്തെങ്കിലും രണ്ട് ദിവസം കഴിഞ്ഞ് ചത്തു. ആട് വളർത്തിയാണ് നിർദ്ധനയായ ലില്ലി നേഴ്സിംഗ് പഠിക്കുന്ന രണ്ട് പെൺമക്കളുടെ വിദ്യാഭ്യാസത്തിന് ആവശ്യമായ തുക കണ്ടെത്തിയിരുന്നത്. ഇവരുടെ ബന്ധുവും സമീപവാസിയുമായ പുളിംച്ചുവട്ടിൽ ജോണിയുടെ മൂന്ന് കോഴികളെയും ഒരു താറാവിനെയും തെരുവ് നായ്ക്കൾ കഴിഞ്ഞ ദിവസം കടിച്ചുകീറി കൊന്നിരുന്നു. കോഴികളുടെ ബഹളം കേട്ട് ഉടൻ വീട്ടുകാർ ഓടിയെത്തിയെങ്കിലും തെരുവുനായ്ക്കൾ കടന്ന് കളയുകയായിരുന്നു. തലപ്പാറയിലും സമീപ പ്രദേശത്തും തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രമാണ്. കൂട്ടം കൂടിയെത്തുന്ന തെരുവ് നായ്ക്കൾ വളർത്ത് മൃഗങ്ങളെയും, കാൽനടയാത്രക്കാരെയും മറ്റും ആക്രമിക്കുന്നത് പതിവാണെന്നും ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും രൂക്ഷമായ തെരുവ് നായ ശല്യത്തിന് പരിഹാരമില്ലെന്നും പ്രദേശവാസികൾ പറയുന്നു.


Follow us on :

More in Related News