Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അ‍ർജുൻ മിഷൻ; ഇന്ന് നി‍ർണായകം: ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തിൽ തെരച്ചിൽ തുടരും

14 Aug 2024 09:17 IST

- Shafeek cn

Share News :

ബംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനായി മത്സ്യത്തൊഴിലാളി ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തില്‍ നടന്ന തെരച്ചില്‍ ഇന്നും തുടരും. അര്‍ജുൻ ഓടിച്ചിരുന്ന ലോറി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ആത്മവിശ്വാസമുണ്ടെന്നും ഈശ്വര്‍ മല്‍പെ ഇന്നലെ പറഞ്ഞിരുന്നു.


ഇന്ന് കൂടുതല്‍ ആളുകളെ എത്തിച്ച് വിപുലമായ തെരച്ചിലായിരിക്കും നടത്തുക. ഇന്നലെ വൈകിട്ട് രണ്ടു മണിക്കൂറോളമാണ് തെരച്ചില്‍ നടത്തിയത്. ഇന്ന് നല്ല വെയിലുള്ള സമയത്ത് തെരച്ചില്‍ നടത്തിയാല്‍ കൂടതല്‍ ഗുണകരമാകുമെന്നും ഈശ്വര്‍ മല്‍പെ പറഞ്ഞു. ഇന്നലെത്തെ തെരച്ചിലില്‍ അര്‍ജുൻ ഓടിച്ചിരുന്ന ലോറിയിലുണ്ടായിരുന്ന ഹൈഡ്രോളിക് ജാക്കി കണ്ടെത്തിയിരുന്നു. 

ലോറി കണ്ടെത്താനാകുമെന്ന പ്രതീക്ഷയുണ്ടെന്നും പുഴയുടെ അടിയൊഴുക്ക് കുറഞ്ഞിട്ടുണ്ടെന്നും മുങ്ങിതാഴുമ്പോള്‍ അടിഭാഗം കാണാനാകുന്നുണ്ടെന്നും ഈശ്വര്‍ മല്‍പെ പറഞ്ഞു. പുഴയിയുടെ അടിയില്‍ എല്ലാം വ്യക്തമായി കാണാനാകുന്നുണ്ടെന്നും വെയിലുള്ള സമയത്ത് രാവിലെ തന്നെ ഇറങ്ങാനായാല്‍ കൂടുതല്‍ ഇടങ്ങളിൽ പരിശോധന നടത്താനാകുമെന്നും ഈശ്വര്‍ മല്‍പെ പറഞ്ഞു.


അര്‍ജുൻ ഓടിച്ചിരുന്ന ലോറിയുടെ ജാക്കി കണ്ടെത്തിയത് പ്രതീക്ഷ നല്‍കുന്നതാണെന്നും ലോറി പുഴയില്‍ തന്നെയുണ്ടാകാമെന്നതിനൊരു തെളിവ് ലഭിച്ചത് പ്രതീക്ഷ നല്‍കുന്ന കാര്യമാണെന്നും ലോറി ഉടമ മനാഫും അര്‍ജുന്‍റെ സഹോദരി ഭര്‍ത്താവ് ജിതിനും പറഞ്ഞു. ഇന്നത്തെ തെരച്ചിലിൽ നാവികസേനയും പങ്കെടുക്കും. കാലാവസ്ഥയും ഒഴുക്കും അനുകൂലമെങ്കിൽ മാത്രമേ നാവികസേനയുടെ ഡൈവിംഗ് സംഘം പുഴയിലിറങ്ങി മുങ്ങി പരിശോധന നടത്തൂ. നാവികസേനയും തെരച്ചിലിൽ പങ്കെടുക്കണമെന്ന് അർജുന്‍റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.


കരസേനയുടെ സഹായവും തെരച്ചിലിനുണ്ടാകും. കരസേനയുടെ ചെറു ഹെലികോപ്റ്റർ തെരച്ചിലിന് സഹായം നൽകും. നാവികസേനാംഗങ്ങൾക്ക് സഹായവുമായിട്ടായിരിക്കും കരസേനയുടെ ചെറു ഹെലികോപ്റ്റർ എത്തുക. പുഴയിലെ തെരച്ചിൽ ദൗത്യത്തിന് നിലവിൽ കരസേനയെ നിയോഗിച്ചിട്ടില്ല.

Follow us on :

More in Related News