Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സയൻസ് ഫിയസ്റ്റ മേയ് 23, 24​ തീതികളിൽ

18 May 2025 01:25 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ഒമാനിലെ യുവാക്കൾക്കും വിദ്യാർഥികൾക്കുമിടയിൽ ശാസ്ത്ര പരിജ്ഞാനം പ്രോത്സാഹിപ്പിക്കുന്നതിനും കഴിവുകൾ വളർത്തുന്നതിനും വേണ്ടി ഇന്ത്യൻ സയൻസ് ഫോറം (ഐ.എസ്.എഫ്​) സംഘടിപ്പിക്കുന്ന വാർഷിക സയൻസ് ഫിയസ്റ്റ മേയ് 23, 24​ തീതികളിൽ നടക്കുമെന്ന്​ ഇന്ത്യൻ സയൻസ് ഫോറം ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.  

നാഷനൽ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ അൽ ഹെയിൽ കാമ്പസിലായിരിക്കും പരിപാടി. മത്സരങ്ങൾ, പ്രദർശനങ്ങൾ, വർക്ക്‌ഷോപ്പുകൾ എന്നിവയുൾപ്പെടെയുള്ള പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. സുൽത്താനേറ്റിലെ ഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസ് മുഖ്യാതിഥിയായി പങ്കെടുക്കും. 

അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് യൂനിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രഫസറും നാച്ചുറൽ ലാം​​​​ങ്വേജ് പ്രോസസങിൽ വിദഗ്ദ്ധനുമായ ഡോ. മോണോജിത് ചൗധരി മുഖ്യ പ്രഭാഷകനാകും. ഒമാനിലെ ഐ.ടി മേഖലയിലെ പ്രമുഖനായ സാങ്കേതിക വിദഗ്ദ്ധൻ താരിഖ് അൽ ബർവാനി, ഒമാനിലെ ഇന്ത്യൻ സ്കൂളുകളുടെ ഡയറക്ടർ ബോർഡ് ചെയർമാൻ സയ്യിദ് അഹമ്മദ് സൽമാൻ എന്നിവർ വിശിഷ്ടാതിഥികളായും പ​ങ്കെടുക്കും. 

ഈ വർഷത്തെ ശാസ്ത്ര പ്രതിഭകളെ വാർത്ത സമ്മേളനത്തിൽ, ഇന്ത്യൻ സയൻസ് ഫോറം ചെയർമാൻ ഡോ. ജെ. രത്‌നകുമാർ പ്രഖ്യാപിച്ചു.  

ഇഷ ഫാത്തിമ (ഇന്ത്യൻ സ്കൂൾ സലാല-ക്ലാസ് നാല്), അദ്വിക് അബി (ഇന്ത്യൻ സ്കൂൾ മബേല, ക്ലാസ് ആറ്), റിച്ചൻ കുമാർ (ഇന്ത്യൻ സ്കൂൾ ബൗഷർ, ക്ലാസ് ആറ്), മിഥിൽ സദാശിവം (ഇന്ത്യൻ സ്കൂൾ ഗൂബ്ര, ക്ലാസ് ഏഴ്), രെഹ മുഫീദ് ഇന്ത്യൻ സ്കൂൾ നിസ്‍വ -ക്ലാസ് എട്ട്), നാസിഷ്, ഷൗക്കത്ത് മുഖാരി (ഇന്ത്യൻ സ്കൂൾ ഗുബ്ര, ക്ലാസ് ഒമ്പത്) , ദേവരാജ കൃഷ്ണൻ (ഇന്ത്യൻ സ്കൂൾ സീബ്, ക്ലാസ് പത്ത്) എന്നിവരാണ്​ ശാസ്ത്ര പ്രതിഭ വിജയികൾ.

രണ്ട് ദിവസത്തെ പരിപാടിയിൽ ക്ഷണിക്കപ്പെട്ട വ്യക്​തികൾ, വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, ഇന്ത്യൻ കമ്മ്യൂനിറ്റി അംഗങ്ങളുൾപ്പെടെ ഏകദേശം 5000ത്തോളംപേർ മേളയിൽ എത്തുമെന്നാണ്​ സംഘാടകർ കണക്ക്​ കൂട്ടുന്നത്​. വിവിധ ശാസ്ത്ര മത്സരങ്ങളിൽ മികവ് പുലർത്തിയ വിദ്യാർഥികളുടെ നേട്ടങ്ങൾ കാണാനുള്ള മികച്ച അവസരമാണ് ഈ പരിപാടി എന്നും, പ്രദർശനത്തിലേക്കും ചടങ്ങിലേക്കും എല്ലാവരേയും സ്വാഗതം ചെയ്യുകയാണ് എന്നും സംഘടകർ അറിയിച്ചു.  

സയൻസ് ഫിയസ്റ്റ വിദ്യാർഥികൾക്ക് അവരുടെ അറിവും ശാസ്ത്രത്തോടുള്ള അഭിനിവേശവും പ്രകടിപ്പിക്കുന്നതിനുള്ള മികച്ച വേദിയാണ്. വിദ്യാർഥികൾക്ക് ശാസ്ത്രത്തെക്കുറിച്ച് കൂടുതലറിയാനും പ്രമുഖ ശാസ്ത്രജ്ഞരിൽനിന്നും വിദഗ്ധരിൽ നിന്നും പ്രചോദനം ഉൾകൊള്ളാനുമുള്ള അവസരമാണിതെന്നും സംഘാടകർ പറഞ്ഞു. 

ആദ്യ ദിനത്തിൽ വിവിധ ശാസ്ത്ര പരിപാടികൾ, രണ്ടാം ദിവസം ശാസ്ത്ര പ്രദർശനം, ഫൈനൽ ക്വിസ് മത്സരവും പ്രഫ. മോണോജിത് ചൗധരിയുമായുള്ള വിദ്യാർഥികളുടെ കൂടിക്കാഴ്ചയും നടത്തും.  ഈ പരിപാടിയുടെ തുടക്കം മുതലേ മികച്ച വിജയമാക്കുന്നതിന് പിന്തുണ നൽകുന്ന ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾക്കും ഇന്ത്യൻ സ്‌കൂൾ ബോർഡിനും നന്ദി അറിയിക്കുകയാണെന്നും നിർമിത ബുദ്ധി (എ.ഐ)​ അധിഷ്ടിതമായാണ് ഈ വർഷത്തെ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നതെന്നും ഇന്ത്യൻ സയൻസ് ഫോറം ചെയർമാൻ ഡോ. ജെ. രത്നകുമാർ പറഞ്ഞു.

ജനറൽ സെക്രട്ടറി സുരേഷ് അക്കംമഠത്തിൽ, ജനറൽ കോർഡിനേറ്റർ ലത ശ്രീജിത്ത്, ട്രഷറർ ഗാന്ധിരാജ്, പ്രോഗ്രാം കോർഡിനേറ്റർ ഹാല പി. ജമാൽ എന്നിവരും വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.


⭕⭕⭕⭕⭕⭕⭕⭕⭕

For: News & Advertisements: +968 95210987 / enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News