Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Aug 2024 12:33 IST
Share News :
ഡൽഹി: ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബംഗ്ലാദേശ് എന്ന രാജ്യത്തിന്റെ സൗഹൃദമാണ് വലുതെന്നും അവിടുത്തെ ജനങ്ങളുടെ അഭിവൃദ്ധിക്കാണ് ഇന്ത്യ മുൻതൂക്കം നൽകിയിട്ടുള്ളതെന്നും കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയ്ക്ക് അഭയം നൽകിയ കേന്ദ്രസർക്കാരിനെ അഭിനന്ദിച്ച് ശശി തരൂർ. ബംഗ്ലാദേശിലെ അധികാരമാറ്റം ഇന്ത്യയ്‌ക്ക് ഭയപ്പെടേണ്ട യാതൊരു സാഹചര്യവും സൃഷ്‌ടിക്കുന്നില്ലെന്നും തരൂർ അഭിപ്രായപ്പെട്ടു.
ജനങ്ങളാണ് വലുത്, രാജ്യവും വ്യക്തിയുമെല്ലാം അതുകഴിഞ്ഞേയുള്ളൂ. 1971 മുതൽ ഇന്ത്യൻ സർക്കാർ ബംഗ്ലാദേശിനൊപ്പം തന്നെയുണ്ട്. അവിടെ ആര് അധികാരത്തിൽ വന്നാലും ഇന്ത്യയുടെ സമീപനത്തിന് മാറ്റമുണ്ടായിട്ടില്ല. ഭാവിയിൽ ഉണ്ടാകാനും സാദ്ധ്യതയില്ലെന്ന് തരൂർ പ്രതികരിച്ചു. ബംഗ്ലാദേശിന്റെ പുതിയ രാഷ്‌ട്രീയ സാഹചര്യത്തിൽ ഇന്ത്യയ്‌ക്ക് ഒരുവിധത്തിലുള്ള ആവലാതിയും വേണ്ടെന്ന് പുതിയ സർക്കാരിന് നേതൃത്വം നൽകുന്ന നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് പ്രതികരിച്ചിരുന്നു. യൂനുസിനെ തനിക്ക് വ്യക്തിപരമായി അറിയാമെന്നും, അദ്ദേഹം വളരെ വലിയ ആദരവിന് വിധേയനായിട്ടുള്ള വ്യക്തിയാണെന്നുമാണ് തരൂർ വ്യക്തമാക്കിയത്.
”വാഷിംഗ്‌ടണുമായോ ജമാ അത്തെ ഇസ്ളാമിയുമായോ പാകിസ്ഥാന്റെ ഐഎസ്ഐയേയുമായോ യൂനുസിന് ബന്ധമുണ്ടെന്നിരിക്കിലും അതൊന്നും ഇന്ത്യയ്‌ക്ക് ആവലാതി ഉണ്ടാകാനുള്ള കാരണമേയല്ല. എന്നാൽ പാകിസ്ഥാനും ചൈനയും ഈ അവസരത്തിൽ കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന തന്ത്രം പ്രയോഗിക്കും. അതാണ് നമ്മൾ കൂടുതൽ ശ്രദ്ധിക്കേണ്ടത്. ബംഗ്ലാദേശിലെ പ്രശ്നങ്ങൾ വഷളാക്കിയതിൽ ഐഎസ്ഐയ്‌ക്ക് കൃത്യമായ പങ്കുള്ളതായി ഞാൻ സംശയിക്കുന്നു. അവിടെ വളരെ സ്വധീനമുള്ള ചൈനയും തദവസരം മുതലെടുത്ത് അവരുടെ സ്വാധീനമേഖല വികസിപ്പിക്കാനുള്ള കുതന്ത്രം പുറത്തെടുത്തിട്ടുണ്ട്. പക്ഷേ യൂനുസിനെ നമ്മൾ വിശ്വാസത്തിലെടുക്കേണ്ടിയിരിക്കുന്നു. ബംഗ്ളാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്.
ഷെയ്‌ഖ് ഹസീനയെ സഹായിച്ചില്ലായിരുന്നുവെങ്കിൽ ഇന്ത്യയ്ക്ക് എന്നും അതൊരു അവമതിപ്പുണ്ടാക്കിയേനേ. ഹസീന എന്നും ഇന്ത്യയുടെ സുഹൃത്താണ്. സുഹൃത്ത് ഒരു അപകടസ്ഥിതിയിലാകുമ്പോൾ മറ്റൊന്നും നോക്കാതെ അവരെ സഹായിക്കേണ്ടത് നമ്മുടെ കടമയാണ്. സുരക്ഷിത താവളം ഒരുക്കേണ്ടതും നമ്മുടെ ഉത്തരവാദിത്തമാണ്. അതാണ് കൃത്യമായി ഇന്ത്യ ചെയ്തത്. അതിന് കേന്ദ്രസർക്കാരിനെ ഞാൻ അഭിനന്ദിക്കുകയാണ്. ഇന്ത്യക്കാരെന്ന നിലയിൽ നമുക്ക് ലോകത്തോട് ചില കർത്തവ്യങ്ങളുണ്ട്. അതാണ് സർക്കാർ ഹസീനയുടെ കാര്യത്തിൽ ചെയ്തിട്ടുള്ളത്.
അവർ എത്രകാലം ഇന്ത്യയിൽ തുടരണമെന്നത് അവരുടെ തീരുമാനമാണ്. കാത്തിരുന്ന് കാണേണ്ടതാണ് ആ തീരുമാനമെന്നാണ് എന്റെ അഭിപ്രായം. ”-തരൂർ പറഞ്ഞു. ബംഗ്ലാദേശിൽ ഹിന്ദുക്കൾ ആക്രമിക്കപ്പെടുന്നു എന്ന റിപ്പോർട്ടുകളോട് തരൂർ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ”തീർച്ചയായും അത്തരം ദൗർഭാഗ്യകരമായ സംഭവങ്ങൾ നടന്നിട്ടുണ്ട്. ആർക്കും അത് നിഷേധിക്കാനും കഴിയില്ല. പക്ഷേ ആശ്വാസകരമായ മറ്റൊരു വാർത്ത എന്തെന്നാൽ ബംഗ്ലാദേശിലെ മുസ്ളിം സമുദായങ്ങൾ അവരുടെ വീടുകളിൽ ഹിന്ദുക്കൾക്ക് അഭയം ഒരുക്കുന്നുണ്ട് എന്നതാണ്”.
Follow us on :
Tags:
More in Related News
Please select your location.