Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഖരീഫ് സഞ്ചാരികൾക്ക് കൈത്താങ്ങായി സലാല ട്രാവലേഴ്സ് ക്ലബ്; സേവന പ്രവർത്തനങ്ങൾ തുടരുന്നു

11 Sep 2026 12:44 IST

ENLIGHT MEDIA OMAN

Share News :

സലാല: ദോഫാറിന്റെ മേഘാവൃതമായ മലനിരകളും പച്ചപ്പ് പുതച്ച താഴ്വരകളും വെള്ളച്ചാട്ടങ്ങളും ആസ്വദിക്കാൻ ഖരീഫ് സീസണിൽ സലാലയിലേക്ക് എത്തുന്ന സഞ്ചാരികൾക്ക് കൈത്താങ്ങായി സലാല ട്രാവലേഴ്സ് ക്ലബ് വിവിധ സേവന പ്രവർത്തനങ്ങളുമായി സജീവമായി രംഗത്തുണ്ട്.

സഞ്ചാരികളുടെ യാത്ര കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമാക്കുക എന്ന ലക്ഷ്യത്തോടെ ക്ലബ് യാത്രാ വിവരങ്ങൾ, മാർഗനിർദേശങ്ങൾ, അടിയന്തര സഹായം, താമസ-ഗതാഗത സൗകര്യങ്ങൾ കണ്ടെത്തൽ, യാത്രാ പ്ലാനിംഗ് തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കുന്നു. വഴിതെറ്റുന്നവർക്കും വാഹന തകരാറുകൾ ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങൾ നേരിടുന്നവർക്കും 24 മണിക്കൂറും സഹായം ലഭ്യമാക്കുന്ന സംവിധാനവും ക്ലബിനുണ്ട്.

ഖരീഫ് ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ക്ലബ് ദിവസേന ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി മത്സരങ്ങൾ സംഘടിപ്പിച്ചുവരുന്നു. ഇൻസ്റ്റഗ്രാമിലൂടെയും വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും നടക്കുന്ന മത്സരങ്ങളിൽ മികച്ച ചിത്രങ്ങൾക്കും വീഡിയോകൾക്കും സമ്മാനങ്ങൾ നൽകുന്നു. ഖരീഫ് സീസണിന്റെ അവസാനം മികച്ച ഫോട്ടോഗ്രാഫർക്കും വീഡിയോഗ്രാഫർക്കും പ്രത്യേക പുരസ്കാരങ്ങളും സമ്മാനിക്കുന്നു.

ഓരോ വെള്ളിയാഴ്ചയും ക്ലബ് അംഗങ്ങൾ ദോഫാറിലെ അധികമാർക്കും അറിയാത്ത പ്രകൃതി സൗന്ദര്യമേഖലകൾ കണ്ടെത്തുന്നതിനായി പ്രത്യേക പര്യവേഷണ യാത്രകൾ നടത്തുന്നു. മറഞ്ഞുകിടക്കുന്ന വെള്ളച്ചാട്ടങ്ങൾ, വ്യൂ പോയിന്റുകൾ, വാദികൾ തുടങ്ങിയ സ്ഥലങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച് കൂടുതൽ സഞ്ചാരികളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.

ഖരീഫ് സീസണിൽ മാത്രം ഒതുങ്ങുന്നതല്ല ക്ലബിന്റെ പ്രവർത്തനങ്ങൾ. വർഷം മുഴുവൻ ക്യാമ്പുകൾ, മരുഭൂമി സഫാരി, ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയ സാമൂഹിക സേവനങ്ങളിലും ക്ലബ് സജീവ സാന്നിധ്യം പുലർത്തുന്നുണ്ട്.

സിറാജ് സിദാൻ, സിദ്ദീഖ് ബാബു, ഫാറൂഖ് സലാല, ഉസ്മാൻ, സായവൻ, അനസ് പോപ്സ്, ശിഹാബ് ആലടി എന്നിവരുടെ നേതൃത്വത്തിലാണ് ക്ലബിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്.

ദോഫാറിന്റെ പ്രകൃതി സൗന്ദര്യം കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനോടൊപ്പം സഞ്ചാരികൾക്ക് മികച്ച യാത്രാനുഭവം സമ്മാനിക്കുക എന്നതാണ് സലാല ട്രാവലേഴ്സ് ക്ലബിന്റെ പ്രധാന ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു.

Follow us on :

More in Related News