Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സാദിഖലി തങ്ങൾ പെരുമാറുന്നത് ജമാഅത്തെ ഇസ്‍ലാമിയുടെ മട്ടിൽ; വിമർശനവുമായി മുഖ്യമന്ത്രി

17 Nov 2024 15:43 IST

Shafeek cn

Share News :

പാലക്കാട്: മുസ്ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സാദിഖലി തങ്ങൾ ജമാഅത്തെ ഇസ്‍ലാമിയുടെ ഒരു അനുയായിയുടെ മട്ടിൽ പെരുമാറുന്നയാളാണെന്നും, നേരത്തേയുള്ള തങ്ങൾ എല്ലാവരാലും ആദരിക്കപ്പെട്ടയാളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. സന്ദീപ് വാര്യര്‍ സാദിഖലി തങ്ങളെ കാണാന്‍ പോയ വാര്‍ത്ത വായിച്ചപ്പോള്‍ പണ്ട് ഒറ്റപ്പാലത്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് വന്ന അനുഭവമാണ് യാഥാർത്യത്തിൽ ഓര്‍ത്തുപോയത്.


ബാബരി മസ്ജിദ് തകര്‍ത്തതിന് ശേഷമുള്ള തെരഞ്ഞെടുപ്പായിരുന്നു. ബാബറി മസ്ജിദ് തകര്‍ത്തത് ആര്‍.എസ്.എസിന്‍റെ നേതൃത്വത്തിലുള്ള സംഘപരിവാറായിരുന്നു. പക്ഷേ, അവര്‍ക്ക് ആവശ്യമായ എല്ലാ ഒത്താശയും ചെയ്തുകൊടുത്തത് അന്നത്തെ കോണ്‍ഗ്രസ് പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരുമാണ്. എന്നാൽ ആ ഘട്ടത്തില്‍ കോണ്‍ഗ്രസിനൊപ്പം മുസ്ലീം ലീഗ് മന്ത്രിസഭയിലുണ്ടായിരുന്നു.


കോണ്‍ഗ്രസിന്‍റെ നിലപാടുകളോട് പ്രതിഷേധിക്കണം എന്ന് ആവശ്യം ഉയര്‍ന്നു. പക്ഷേ മന്ത്രിസ്ഥാനം വിട്ടുകൊടുത്തുള്ള നടപടി സ്വീകരിക്കേണ്ടതില്ലെന്നാണ് ലീഗ് നിലപാട് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇപ്പോഴുള്ള ലീഗ് അണികളും മതന്യൂനപക്ഷങ്ങളും ഇന്നലെ വരെ സന്ദീപ് വാര്യർ സ്വീകരിച്ച നിലപാട് നന്നായി അറിയുന്നവരാണ്. അതേസമയം ബി.ജെ.പി വിട്ടെത്തിയ സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനം മാധ്യമങ്ങൾ മഹത്വവത്കരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഞായറാഴ്ച രാവിലെ പാണക്കാട് തറവാട്ടിലെത്തിയ സന്ദീപിനെ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ, നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, എം.എൽ.എമാരായ എൻ. ഷംസുദ്ദീൻ, നജീബ് കാന്തപുരം, യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ഉൾപ്പെടെയുള്ളവർ ചേർന്നാണ് സ്വീകരിച്ചത്. കെ.പി.സി.സിയുടെ നിർദേശ പ്രകാരമാണ് സന്ദീപ് പാണക്കാട്ടെത്തിയത്.

Follow us on :

More in Related News