Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അവയവക്കടത്ത് ; ബന്ധം ഹൈദരാബാദില്‍ നിന്നെന്ന് സാബിത്തിന്റെ മൊഴി

21 May 2024 10:50 IST

- Shafeek cn

Share News :

കൊച്ചി: അവയവ മാഫിയയുമായുള്ള ബന്ധം ഹൈദരാബാദില്‍ നിന്നാണെന്ന് കേസിലെ പ്രതിയായ സാബിത്ത് നാസറിന്റെ മൊഴി. അതേസമയം, ഇവിടെ നിന്നാണ് വിദേശത്തേയ്ക്കുള്ള കടത്ത് സംഘങ്ങളുമായി തനിക്ക് ബന്ധം കിട്ടിയതെന്നും സാബിത്ത് മൊഴി നല്‍കിയിട്ടുണ്ട്. നെടുമ്പാശേരി അവയവക്കടത്ത് കേസ് അന്വേഷിക്കാനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. എറണാകുളം റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്.


പ്രതി സാബിത്ത് നാസറിനെ കസ്റ്റഡിയില്‍ വാങ്ങാനുള്ള നടപടികള്‍ അന്വേഷണ സംഘം ഇന്ന് പൂര്‍ത്തിയാക്കും. തുടര്‍ന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. സാബിത്ത് നാസര്‍ ഇരയാക്കിയ പാലക്കാട് സ്വദേശി ഷെമീറിനായുള്ള അന്വേഷണത്തിലാണ് പൊലീസ്. ഇയാളെ കണ്ടെത്തി പരാതിയില്‍ തുടര്‍ നടപടികള്‍ എടുക്കാനാണ് തീരുമാനം. അവയവക്കടത്ത് നടത്തിയവരില്‍ ഭൂരിഭാഗവും ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലെ യുവാക്കള്‍ ആണെന്ന് സബിത്ത് നാസര്‍ പൊലീസിനോട് സമ്മതിച്ചിരുന്നു. ഇതിനിടെ, രാജ്യാന്തര അവയവ മാഫിയ സംഘങ്ങളുമായി പ്രതിക്കുള്ള ബന്ധത്തില്‍ കേന്ദ്ര ഏജന്‍സികളും അന്വേഷണം തുടങ്ങി.


രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 2019 മുതല്‍ അവയവക്കടത്തിന് ഇറാനിലേക്ക് പ്രതി സാബിത്ത് നാസര്‍ അടങ്ങുന്ന സംഘം ആളെ എത്തിച്ചിരുന്നു. ഇതില്‍ 19പേരും ഉത്തരേന്ത്യക്കാരാണ്. വൃക്ക നല്‍കാന്‍ തയ്യാറായി 2019ല്‍ ഹൈദാരാബദിലെത്തിയതായിരുന്നു സാബിത്ത് നാസര്‍. എന്നാല്‍ ആ നീക്കം പാളിയിരുന്നു. പക്ഷെ അവയവ മാഫിയ സംഘങ്ങളുമായി ഇയാള്‍ ബന്ധമുറപ്പിച്ചു. പിന്നീട് ശ്രീലങ്കയിലും, കുവൈറ്റിലും അവിടെ നിന്ന് ഇറാനിലും വ്യാപിച്ച് കിടക്കുന്ന രാജ്യാന്തര അവയവ മാഫിയ സംഘത്തിലെ മുഖ്യകണ്ണിയായി ഇയാള്‍ മാറി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ സ്വാധീനിച്ച് വ്യാജ പാസ്‌പോര്‍ട്ടും ആധാര്‍ കാര്‍ഡും ഉള്‍പ്പടെ സംഘടിപ്പിച്ചായിരുന്നു പ്രതിയുടെ ഇടപാടുകളെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.


ഇറാനിലെ സ്വകാര്യ ആശുപത്രികളിലാണ് ശസ്ത്രക്രിയ നടത്തിയിരുന്നത്. സംഘത്തിലെ മറ്റ് ഏജന്റുമാര്‍ വഴി അവയവം ആവശ്യമുള്ളവരെ ബന്ധപ്പെടും. ഇവരോട് ഫുള്‍ പാക്കേജായി 60ലക്ഷം രൂപയ്ക്ക് മുകളിലാണ് ആവശ്യപ്പെടുക. വൃക്ക നല്‍കുന്നവര്‍ക്ക് ടിക്കറ്റ്, താമസം മുതല്‍ ചികിത്സാ ചിലവും പ്രതിഫലമായി പരമാവധി 6 ലക്ഷം രൂപ വരെയും നല്‍കും. വന്‍തുക ആശുപത്രിയില്‍ ചിലവായെന്ന് തെറ്റിദ്ധരിപ്പിച്ച് ബാക്കി തുക മുഴുവന്‍ ഏജന്റിന്റെ പോക്കറ്റിലാക്കുകയുമായിരുന്നു പതിവ്.

എത്ര പേരെ ഇയാള്‍ അവയവ കൈമാറ്റത്തിനായി സമീപിച്ചു, ഇവരുമായി നടത്തിയ സാമ്പത്തിക ഇടപാടുകള്‍, ഇവരുടെ ആരോഗ്യസ്ഥിതി, ഇതില്‍ എത്ര പേര്‍ മടങ്ങി വരാനുണ്ട് എന്നീ കാര്യങ്ങളിലാണ് അന്വേഷണം. ഇരകളായവരെ കണ്ടെത്തി പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയാണ് ആദ്യ നടപടി. പ്രതിയുടെ ചാവക്കാട് സ്വദേശിയായ പങ്കാളിക്കായുള്ള തെരച്ചിലാണ് അന്വേഷണ സംഘം. കൊച്ചിയിലുള്ള മറ്റൊരു സുഹൃത്തില്‍ നിന്നും മൊഴിയെടുത്തു. രാജ്യാന്തര മാഫിയ സംഘങ്ങളുടെ സാന്നിദ്ധ്യമുള്ള കേസില്‍ എന്‍ഐഎ ഉള്‍പ്പടെ കേന്ദ്ര അന്വേഷണ ഏജന്‍സികളും വിവരശേഖരണം തുടരുകയാണ്. കൂടുതല്‍ ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യമെന്ന തെളിവ് കിട്ടിയാല്‍ കേന്ദ്ര ഏജന്‍സികള്‍ കേസ് ഏറ്റെടുക്കാനും സാധ്യതയുണ്ട്.

Follow us on :

More in Related News