Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നവീൻ ബാബുവിൻ്റെ മരണം; സംസ്ഥാനത്തെ റവന്യൂ ജീവനക്കാർ ഇന്ന് അവധിയെടുത്ത് പ്രതിഷേധിക്കും

16 Oct 2024 10:33 IST

Shafeek cn

Share News :

കണ്ണൂര്‍ എഡിഎമ്മിന്റെ മരണത്തില്‍ പ്രതിഷേധിച്ച് റവന്യൂവകുപ്പ് ജീവനക്കാര്‍ ഇന്ന് ജോലി ബഹിഷ്‌കരിക്കും. ജീവനക്കാരുടെ കൂട്ടായ്മയുടേതാണ് തീരുമാനം. ജീവനക്കാരുടെ പ്രതിഷേധം കളക്ട്രേറ്റുകളുടെ പ്രവര്‍ത്തനത്തെയും വില്ലേജ് താലൂക്ക് ഓഫീസുകളെയും ബാധിക്കും.


മരണത്തില്‍ ഉത്തരവാദിയായവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് ജീവനക്കാരുടെ ആവശ്യം. സര്‍വീസ് സംഘടനകളുടെ ആഹ്വാനപ്രകാരമല്ല പ്രതിഷേധം. വില്ലേജ് ഓഫിസ് മുതല്‍ സെക്രട്ടറിയേറ്റ് വരെയുള്ള റവന്യുവകുപ്പിലെ ഉദ്യോഗസ്ഥരാണ് അവധിയെടുക്കുന്നത്. അതിനിടെ എഡിഎമ്മിനെതിരെ കൈക്കൂലി പരാതി നല്‍കിയ പ്രശാന്തിനെ പരിയാരം മെഡിക്കല്‍ കോളേജിലെ ജോലിയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ജിഒ അസോസിയേഷന്‍ രംഗത്തെത്തി. സര്‍ക്കാര്‍ ജീവനക്കാരന്‍ കച്ചവട സ്ഥാപനം തുടങ്ങിയെന്നതാണ് കാരണം. അഴിമതി നിരോധന നിയമപ്രകാരം പ്രശാന്തിനെതിരെ കേസെടുക്കണമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.


ഇന്നലെ രാവിലെയാണ് എഡിഎമ്മിനെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നവീന്‍ ബാബുവിന്റെ തിങ്കളാഴ്ച നടന്ന യാത്രയയപ്പ് ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണം ഉയര്‍ത്തിയിരുന്നു. ക്ഷണിക്കാതെ എത്തിയാണ് യാത്രയയപ്പില്‍ എഡിഎമ്മിനെതിരെ ദിവ്യ രംഗത്തെത്തിയത്. ഇതിന്റെ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും രണ്ട് ദിവസത്തിനകം അത് പുറത്തുവിടുമെന്നും ദിവ്യ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.


പെട്രോള്‍ പമ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണമാണ് ദിവ്യ വേദിയില്‍ ഉയര്‍ത്തിയത്. ഉദ്യോഗസ്ഥര്‍ സത്യ സന്ധരായിരിക്കണമെന്നും നവീന്‍ ബാബു കണ്ണൂരില്‍ പ്രവര്‍ത്തിച്ചതുപോലെ മറ്റിടങ്ങളില്‍ പ്രവര്‍ത്തിക്കരുതെന്നും പി പി ദിവ്യ വേദിയില്‍ പറഞ്ഞിരുന്നു. അതേസമയം പി പി ദിവ്യയുടെ പരാമര്‍ശം സിപിഐഎം ജില്ലാ നേതൃത്വം തള്ളി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യാത്രയയപ്പ് യോഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അഴിമതിക്കെതിരായ സദുദ്ദേശപരമായ വിമര്‍ശനം മാത്രമാണെന്നും തെറ്റായ പ്രവണതകള്‍ അനുഭവത്തില്‍ ഉണ്ടായാല്‍ പലരും ജനപ്രതിനിധികളോട് അവരുടെ സങ്കടങ്ങള്‍ വിവരിക്കാറുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ നേതൃത്വം പറഞ്ഞിരുന്നു.


തനിക്ക് കണ്ണൂരില്‍ ജോലി ചെയ്യാന്‍ താല്‍പര്യമുണ്ടായിരുന്നില്ലെന്ന് പറഞ്ഞു കൊണ്ട് നവീന്‍ ബാബു സുഹൃത്തിനയച്ച സന്ദേശവും പുറത്ത് വന്നിരുന്നു. കണ്ണൂരില്‍ നിന്ന് സ്ഥലംമാറ്റത്തിന് ശ്രമിച്ചെങ്കിലും സ്വന്തം സര്‍വീസ് സംഘടന സഹകരിച്ചില്ലെന്നും വാട്സ്ആപ് സന്ദേശത്തിലുണ്ട്. തന്നെ പത്തനംതിട്ട എഡിഎമ്മാക്കാന്‍ സിപിഐക്കാര്‍ തയ്യാറായി. എന്നാല്‍ സ്വന്തം സംഘടന താന്‍ അറിയാതെ ഇടപെട്ടെന്നാണ് സന്ദേശത്തിലുള്ളത്.


Follow us on :

More in Related News