Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jan 2025 11:07 IST
Share News :
പ്രശസ്ത സസ്യ ശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോ. കെ എസ് മണിലാല്‍ (86) അന്തരിച്ചു. തൃശൂരില്‍ വച്ചായിരുന്നു അന്ത്യം. കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന ലാറ്റിന്‍ ഗ്രന്ഥം ഇംഗ്ലീഷിലും മലയാളത്തിലും ആദ്യമായി എത്തിച്ച ഗവേഷകനാണ് പ്രൊഫ മണിലാല്‍. കാലിക്കറ്റ് സര്‍വകലാശാല ബോട്ടണി വകുപ്പ് മുന്‍ മേധാവിയുമായിരുന്നു.
കാട്ടുങ്ങല്‍ എ സുബ്രഹ്മണ്യത്തിന്റെയും കെകെ ദേവകിയുടെയും മകനായി 1938 സെപ്റ്റംബര്‍ 17ന് പറവൂര്‍ വടക്കേക്കരയിലാണ് മണിലാല്‍ ജനിച്ചത്. എറണാകുളം മഹാരാജാസ് കോളജില്‍ നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കിയ ശേഷം മധ്യപ്രദേശിലെ സാഗര്‍ സര്‍വകലാശാലയില്‍ തുടര്‍പഠനം നടത്തി.
ഹോര്‍ത്തൂസ് ഇംഗ്ലീഷ്, മലയാളം പതിപ്പുകള്‍ ഉള്‍പ്പടെ ഒട്ടേറെ ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ഫ്‌ലോറ ഓഫ് കാലിക്കറ്റ്(1982), ഫ്‌ലോറ ഓഫ് സൈലന്റ് വാലി(1988), ബോട്ടണി ആന്‍ഡ് ഹിസ്റ്ററി ഓഫ് ഹോര്‍ത്തൂസ് മലബാറിക്കൂസ് (1980), ആന്‍ ഇന്റര്‍പ്രട്ടേഷന്‍ ഓഫ് വാന്‍ റീഡ്‌സ് ഹോര്‍ത്തൂസ് മലബാറിക്കൂസ്(1988), ഹോര്‍ത്തൂസ് മലബാറിക്കൂസ് ആന്‍ഡ് ദി സോഷ്യോകള്‍ച്ചറല്‍ ഹെറിറ്റേജ് ഓഫ് ഇന്ത്യ (2012) എന്നീ ഗ്രന്ഥങ്ങള്‍ അതില്‍ ഉള്‍പ്പെടുന്നു. 200 ലേറെ ഗവേഷണപ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മണിലാല്‍, 19 പുതിയ സസ്യയിനങ്ങളെ ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തുകയും ചെയ്തു. നാല് സസ്യയിനങ്ങള്‍ മണിലാലിന്റെ പേരിലും അറിയപ്പെടുന്നു.
പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ കൊച്ചിയിലെ ഡച്ച് ഗവര്‍ണറായിരുന്ന ഹെന്‍ട്രിക് ആഡ്രിയാന്‍ വാന്‍ റീഡ് ആണ് കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് 12 വോള്യങ്ങളുള്ള ഹോര്‍ത്തൂസ് മലബാറിക്കൂസ് തയ്യാറാക്കിയത്. ഡച്ച് തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ നിന്ന് പ്രസിദ്ധീകരിച്ച ലാറ്റിന്‍ ഭാഷയിലുള്ള ഗ്രന്ഥം, മൂന്നു നൂറ്റാണ്ടിന് ശേഷം മണിലാലിന്റെ പ്രവര്‍ത്തനഫലമായാണ് ഇംഗ്ലീഷിലും മലയാളത്തിലും എത്തിയത്.
കോഴിക്കോട്ടെയും സൈലന്റ് വാലിയിലെയും സസ്യ വൈവിധ്യത്തെക്കുറിച്ച് മണിലാലിന്റെ നേതൃത്വത്തില്‍ നടന്ന വര്‍ഷങ്ങള്‍ നീണ്ട ഇദ്ദേഹത്തിന്റെ പഠനങ്ങളും ശ്രദ്ധേയമാണ്. റോയല്‍ സൊസൈറ്റി നഫീല്‍ഡ് ഫൗണ്ടേഷന്‍ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ട മണിലാല്‍ 1971 ല്‍ ബ്രിട്ടനില്‍ സസ്യശാസ്ത്ര ഗവേഷണം നടത്തി.
സസ്യവര്‍ഗീകരണ ശാസ്ത്രത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ മുന്‍നിര്‍ത്തി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ള ഇകെ ജാനകി അമ്മാള്‍ പുരസ്‌കാരം 2003 ല്‍ ലഭിച്ചു. ശാസ്ത്രമേഖലയില്‍ നല്‍കിയ സംഭാവനകളെ പരിഗണിച്ച് 2020 ലാണ് രാഷ്ട്രം അദ്ദേഹത്തെ പത്മശ്രീ ബഹുമതി നല്‍കി ആദരിച്ചത്. ഡച്ച് രാജ്ഞി ബിയാട്രിക്‌സിന്റെ ശുപാര്‍ശ പ്രകാരം നല്‍കപ്പെടുന്ന നെതര്‍ലന്‍ഡ്‌സിന്റെ ഉന്നത സിവിലിയന്‍ പുരസ്‌കാരമായ ഓഫീസര്‍ ഇന്‍ ദ ഓര്‍ഡര്‍ ഓഫ് ഓറഞ്ച്‌നാസ്സൗ 2012 ല്‍ മണിലാലിനെ തേടിയെത്തി. ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ ഏഷ്യക്കാരനാണ് മണിലാല്‍.
ജ്യോത്സ്‌നയാണ് ഭാര്യ.
അനിതയാണ് മകള്‍.
Follow us on :
Tags:
More in Related News
Please select your location.