Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൗഹൃദം സ്ഥാപിച്ച് എത്തിയ യുവാവ് ഉത്സവത്തിനെത്തിയ വയോധികയുടെ സ്വർണ്ണാഭരണങ്ങൾ തട്ടിയെടുത്തതായി പരാതി.

14 Mar 2025 23:36 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: വടയാർ ഇളങ്കാവ് ദേവി ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിയ വയോധികയുടെ സ്വർണ്ണാഭരണങ്ങൾ ബന്ധുവെന്ന് പറഞ്ഞ് സൗഹൃദം സ്ഥാപിച്ച് എത്തിയ യുവാവ് തട്ടിയെടുത്തതായി പരാതി.

മുളക്കുളം കീഴൂരിലുള്ള 63 കാരിയായ വീട്ടമ്മയുടെ കഴുത്തിൽ കിടന്ന 2പവനിലധികം തൂക്കം വരുന്ന സ്വർണമാലയും കൈയിൽ കിടന്ന് അരപ്പവന്റെ സ്വർണ്ണ മോതിരവുമാണ് യുവാവ് തട്ടിയെടുത്തത്. വടയാർ ഇളങ്കാവ് ദേവി ക്ഷേത്ര ഗ്രൗണ്ടിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം.19,000രൂപ ആലുവയിലുള്ള കമ്പനിയിൽ കൊടുത്താൽ 9 ലക്ഷം രൂപ സർക്കാരിൽ നിന്നും കിട്ടുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ബന്ധുവെന്ന് സൗഹൃദം സ്ഥാപിച്ച് യുവാവ് വയോധികയെ സമീപിക്കുകയായിരുന്നു.പണമില്ലെന്ന് പറഞ്ഞ ഇവരുടെ ഫോൺ വാങ്ങി മക്കളെ വിളിക്കുന്നതായി ഭാവിക്കുകയും തുടർന്ന് കഴുത്തിൽ കിടക്കുന്ന സ്വർണ്ണമാല വാങ്ങിക്കാൻ മക്കൾ പറഞ്ഞതായി വയോധികയെ വിശ്വസിപ്പിച്ച ശേഷം ആഭരണങ്ങൾ കൈക്കലാക്കുകയായിരുന്നു. 

വൈകിട്ട്  പണവും സ്വർണ്ണവുമായി വീട്ടിലെത്താമെന്ന് പറഞ്ഞ ശേഷം യുവാവ് കടന്ന് കളയുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് രാത്രി വൈകി വീട്ടിലെത്തിയ മക്കളോട് വീട്ടമ്മ വിവരം പറഞ്ഞതോടെയാണ് തട്ടിപ്പ് മനസ്സിലായത്. തുടർന്ന് തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകുകയായിരുന്നു.കേസ്സ് രജിസ്റ്റർ ചെയ്ത് പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെക്കുറിച്ച് സൂചനകൾ ലഭിച്ചതായാണ് അറിയുന്നത്.


 

Follow us on :

More in Related News