Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മംഗലശ്ശേരി നിവാസികളുടെ പട്ടയം: സർക്കാർ ഒളിച്ച് കളി അവസാനിപ്പിക്കണം- വെൽഫെയർ പാർട്ടി'

14 Mar 2025 22:23 IST

UNNICHEKKU .M

Share News :



മുക്കം: ചേന്ദമംഗല്ലൂർ മംഗലശ്ശേരി നിവാസികളുടെ പട്ടയത്തിനായുള്ള കാത്തിരിപ്പ് നാലര പതിറ്റാണ്ടിന് ശേഷവും പരിഹാരമാവാതെ തുടരുകയാണ്. മംഗലശ്ശേരി നിവാസികളുടെ പട്ടയ വിഷയത്തിൽ സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന ഒളിച്ചുകളി അവസാനിപ്പിച്ച് എത്രയും വേഗം പട്ടയം വിതരണം ചെയ്യണമെന്ന് വെൽഫെയർ പാർട്ടി മുക്കത്ത് നടത്തിയ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. മാറി മാറി വരുന്ന സർക്കാരുകൾക്കും, അധികാരികൾക്കും ഏറ്റവും ഒടുവിൽ മുഖ്യമന്ത്രിയുടെ നവകേരള സദസ്സിലടക്കം നിരവധി പരാതികളാണ് ഇതുമായി ബന്ധപ്പെട്ട് നൽകിയിട്ടുള്ളത്. ഇതുവരെയും യാതൊരു പരിഹാരവുമാവാത്തതിനാൽ മംഗലശ്ശേരി നിവാസികൾ വർഷങ്ങളായി അടിസ്ഥാന ആവശ്യങ്ങൾ പോലുംപൂർത്തീകരിക്കപ്പെടാതെ ദുരിതം അനുഭവിക്കുകയാണ്. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും പട്ടയം, സേവനങ്ങളെല്ലാം സ്മാർട്ട് എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാന സർക്കാറിന് വേണ്ടി എം.എൽ.എ യുടെ അധ്യക്ഷതയിൽ ഇന്നലെ വിളിച്ചു ചേർത്ത തിരുവമ്പാടി നിയോജക മണ്ഡലം പട്ടയ അസംബ്ലിയിൽ മംഗലശ്ശേരി പട്ടയം സംബന്ധിച്ച് ഡിവിഷൻ കൗൺസിലറുടെ ചോദ്യത്തിന് അവ്യക്തമായ മറുപടിയാണ് നൽകിയത്. 

പട്ടയ വിഷയവുമായി ബന്ധപ്പെട്ട് 16764/79 ഫയൽ ആർകൈവ്സിൽ കാണാതായെന്നും, ആയതിനാൽ വന സംരക്ഷണ നിയമത്തിലെ നടപടികൾ സ്വീകരിച്ചു കൊണ്ട് റഗുലറൈസ് ചെയ്യുന്ന നടപടികൾനടക്കേണ്ടതുണ്ടെന്നുമുള്ള മറുപടിയാണ് നാളിതുവരെയായി അധികൃതർ പറഞ്ഞു കൊണ്ടിരുന്നത്. എന്നാൽ 16764/79 ഫയലിന്റെ രണ്ട് വോള്യം ആർകൈവ്സിൽ നിന്ന് കണ്ടെടുക്കുകയും, പ്രസ്തുത ഭൂമി നിലവിൽ റവന്യൂ കൈവശം തന്നെയാണെന്നും കണ്ടെത്തി സർക്കാരിന് റിപ്പോർട്ട് സമർപ്പിച് ഒന്നര വർഷം കഴിഞ്ഞിട്ടും പട്ടയം ലഭ്യമാക്കുന്നതിനുള്ള യാതൊരു നടപടികളും സർക്കാർ സ്വീകരിച്ചിട്ടില്ല. 26/9/2023 ന് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് ഒന്നര വർഷമായി സർക്കാർ പുറത്ത് കൊണ്ട് വന്നിട്ടില്ല.. വിഷയത്തിൽ സർക്കാർ നടത്തുന്ന ഒളിച്ചുകളി അവസാനിപ്പിച്ച് പട്ടയം വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിക്കണം. വെൽഫെയർ പാർട്ടി മുക്കം മുൻസിപ്പൽ കമ്മിറ്റി പ്രസിഡൻറ് കെ അബ്ദുൽ റഹീമിന് ആർ.ടി.ഐ പ്രകാരമാണ് മംഗലശ്ശേരി പട്ടയ വിഷയം ശാശ്വതമായി പരിഹരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ അടങ്ങിയ, ജില്ലാ കളക്ടർക്ക് വേണ്ടി ഡെപ്യുട്ടി കളക്ടർ പുരുഷോത്തമൻ പി.എൻ തയ്യാറാക്കി ലാൻഡ് റവന്യൂ കമ്മീഷണർക്ക് സമർപ്പിച്ച, പ്രസ്തുത റിപോർട്ടിന്റെ പകർപ്പ് ലഭിച്ചത്. 


മംഗലശ്ശേരി തോട്ടം ഭൂമി പതിച്ചു നൽകിയത് നിക്ഷിപ്ത വന ഭൂമി നിയമം (Vested Forest Land Assignment Rules) പ്രകാരമല്ല, കേരള ആരബിൾ ഫോറസ്റ്റ് ലാൻഡ് അസൈൻമെൻറ് റൂൾസ് 1970 പ്രകാരമാണ്. വന സംരക്ഷണ നിയമം നിലവിൽ വന്നത് 1980 ലാണ്. എന്നാൽ മേൽ സൂചിപ്പിച്ച ഭൂമി റവന്യൂ വകുപ്പിന് കൈമാറിയതും, ആരബിൾ ഫോറസ്റ്റ് ലാൻഡ് അസൈൻമെൻറ് റൂൾസ് 1970 പ്രകാരം പതിച്ചു നൽകാനുള്ള നടപടികളും, പ്രസ്തുത തിയ്യതിക്ക് മുൻപ് തന്നെ നടന്നിട്ടുള്ളതാണ്. ആയതിനാൽ വന സംരക്ഷണ നിയമത്തിലെ നടപടികൾ സ്വീകരിച്ചു കൊണ്ട് റഗുലറൈസ് ചെയ്യേണ്ടതില്ലെന്നും, ടി ഭൂമി നിലവിൽ റവന്യൂ കൈവശമാണെന്നും, അർഹരായവർക്ക് ആരബിൾ ഫോറസ്റ്റ് ലാൻഡ് അസൈൻമെൻറ് റൂൾസ് 1970 മാനദണ്ഡ പ്രകാരം തന്നെ പട്ടയങ്ങൾ നൽകാവു ന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. പട്ടയത്തിന് അർഹരായവരെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി ഒരു പതിവ് കമ്മിറ്റി രൂപീകരിക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. 26/9/2023 ലാണ് പ്രസ്തുത റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്. നാളിതുവരെയായി എന്ത് നടപടികളാണ് ഇതിൽ സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കണം. മംഗലശ്ശേരി നിവാസികളുടെ പട്ടയം തെരഞ്ഞെടുപ്പ് സമയത്തെ വിഷയം മാത്രമായി ചുരുക്കി, സാങ്കേതിക കാരണങ്ങൾ പറഞ്ഞു, ജനങ്ങളെ കബളിപ്പിക്കുന്ന സമീപനം സർക്കാർ അവസാനിപ്പിക്കണം. മംഗലശ്ശേരി തോട്ടം ഭൂമി റവന്യൂ ഭൂമി തന്നെയാണെന്ന് കണ്ടെത്തിയതിനാൽ പട്ടയം വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കണം. അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി വെൽഫെയർ പാർട്ടി മുന്നോട്ട് പോവും. വാർത്ത സമ്മേളനത്തിൽ വെൽഫെയർ പാർട്ടി മുക്കം മുൻസിപ്പാലിറ്റി പ്രസിഡണ്ട് കെ. അബ്ദുറഹീം, കൗൺസിലർ എ അബ്ദുൽ ഗഫൂർ, കെ.പി. ഷരീഫ് എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News