Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യുവാവിനെയും സുഹൃത്തിനെയും വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് 17 വർഷം കഠിനതടവും 55000 രൂപ പിഴയും ശിക്ഷ

14 Mar 2025 22:01 IST

MUKUNDAN

Share News :

ചാവക്കാട്:യുവാവിനെയും സുഹൃത്തിനെയും വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് 17 വർഷം കഠിനതടവും 55000 രൂപ പിഴയും ശിക്ഷ.ചാവക്കാട് മണത്തല മണികണ്ഠൻ റോഡിൽ താമസിക്കുന്ന പള്ളിപ്പറമ്പിൽ വീട്ടിൽ അനീഷിനെ(42)യാണ് ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് കോടതി വിവിധ വകുപ്പുകളിൽ ആയി ആകെ 17 വർഷം കഠിനതടവിനും 55000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്.പിഴ അടച്ചില്ലെങ്കിൽ 11 മാസം കഠിനതടവ് അനുഭവിക്കാനും കോടതി വിധിച്ചു.മണത്തല പള്ളിത്താഴം ഭാഗത്ത് താമസിക്കുന്ന ചാലിയത്ത് വീട്ടിൽ അബൂബക്കർ മകൻ ജാഫറി(43)നെയും,സുഹൃത്ത് നൗഫലിനെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ശിക്ഷ.2009 സെപ്റ്റംബർ രണ്ടിന് രാത്രിയിലാണ് സംഭവം.അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം ബൈക്കിൽ വന്ന് നിന്ന് മണത്തലയിലുള്ള ബാർബർ ഷോപ്പിന്റെ മുൻവശം റോഡിൽ വെച്ച് മണത്തല പള്ളിയിലേക്ക് നമസ്കാരത്തിനായി പോകുകയായിരുന്ന ജാഫറിനെയും നൗഫലിനെയും ആക്രമിക്കുകയായിരുന്നു.ഒന്നാംപ്രതി അനീഷ് വാൾ കൊണ്ട് ജാഫറിന്റെ കഴുത്തിലും തലയിലും ഇരു കൈകളിലും വെട്ടി പരിക്കേൽപ്പിച്ചു.ആക്രമണം തടയാൻ ശ്രമിച്ചപ്പോഴാണ് നൗഫലിനെയും വെട്ടി പരിക്കേൽപ്പിച്ചത്.ബഹളം കേട്ട് ആളുകൾ ഓടി കൂടിയപ്പോൾ പ്രതികൾ കൊലവിളി നടത്തി ബൈക്കിൽ ചാവക്കാട് ഭാഗത്തേക്ക് പോവുകയും ചെയ്തു.പരിക്കേറ്റ ജാഫറിനെയും നൗഫലിനെയും ഓടി കൂടിയവർ ചികിത്സയ്ക്കായി ആദ്യം മുതുവുട്ടൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.ദിവസങ്ങളോളം ഐസിയുവിൽ കിടന്ന ശേഷമാണ് ജാഫറിന് ജീവൻ തിരിച്ചുകിട്ടിയത്.മുൻ വൈരാഗ്യമായിരുന്നു ആക്രമണത്തിന് കാരണം.പിഴ സംഖ്യ പരിക്കുപറ്റിയ ജാഫറിനും നൗഫലിനും നൽകാൻ വിധിയിൽ പ്രത്യേക പരാമർശമുണ്ട്.പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 9 രേഖകളും തൊണ്ടിമുതലുകളും,ഹാജരാക്കുകയും 9 സാക്ഷികളെ വിസ്തരിക്കുകയും ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു,ചാവക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറും ഇപ്പോൾ പാലക്കാട് നർക്കോട്ടിക് സെൽ ഡിവൈഎസ്പിയുമായ പി.അബ്ദുൽ മുനീറാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് തുടർന്ന് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.പ്രതിയായ അനീഷ് ചാവക്കാട്,ഗുരുവായൂർ ടെമ്പിൾ,ഗുരുവായൂർ തുടങ്ങി സ്റ്റേഷൻ പരിധികളിൽ നിരന്തരം കൊലപാതകം,കൊലപാതകശ്രമം ഉൾപ്പെടെയുള്ള മറ്റ് കുറ്റകൃത്യത്തിലും ഉൾപ്പെട്ടിട്ടുള്ള അപകടകാരിയായ ആളായതിനാൽ കാപ്പ നടപടികളുടെ ഭാഗമായി ഇപ്പോൾ കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ വകുപ്പ് പ്രകാരം തടവിൽ കഴിഞ്ഞുവരികയാണ്.പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.കെ.ആർ.രജിത് കുമാർ ഹാജരായി.കോർട്ട് ലൈസൻ ഓഫീസറായ പോലീസ് അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ പി.ജെ.സാജനും പ്രോസിക്യൂഷന് സഹായിച്ചു.



Follow us on :

More in Related News