Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തന്റെ ജോലിയുമായി ബന്ധപ്പെട്ട് കായിക മന്ത്രി നടത്തിയ പ്രസ്താവന വാസ്തവവിരുദ്ധം : അനസ് എടത്തൊടിക

14 Mar 2025 21:35 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി : കൊണ്ടോട്ടി നഗരസഭ ഏർപ്പെടുത്തിയ പ്രഥമ ഇ അഹമ്മദ് പ്രതിഭാ പുരസ്കാരം ഇന്ത്യൻ ഫുട്ബോളർ അനസ് എടത്തൊടികയ്ക്ക് സമ്മാനിച്ചു. ഫുട്ബോൾ പ്രേമികളും കായിക താരങ്ങളും നിറഞ്ഞു കവിഞ്ഞ പ്രൗഢഗംഭീരമായ ചടങ്ങിൽ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ:പി രവീന്ദ്രൻ പ്രസ്തുത പുരസ്‌കാരം സമർപ്പിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ നിതാ ഷഹീർ സി. എ അധ്യക്ഷത വഹിച്ചു. നഗരസഭ പരിധിയിൽ ദേശീയ സംസ്ഥാന ശ്രദ്ധ നേടിയ പ്രതിഭകളെ ആദരിക്കുന്നതിന് നഗരസഭാ ഭരണസമിതി ഏർപ്പെടുത്തിയതാണ് മുൻ കേന്ദ്രമന്ത്രി ഇ അഹമ്മദിന്റെ പേരിലുള്ള പ്രതിഭാ പുരസ്കാരം. ഹോട്ടൽ കൗജു എയർപോർട്ട് ഇന്റർനാഷണൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ 25,000 രൂപയും മൊമന്റോയും പ്രശംസ പത്രവും അടങ്ങിയ പുരസ്കാരം അനസ് ഏറ്റുവാങ്ങി. വളർന്നുവരുന്ന കായികതാരങ്ങൾക്ക് പ്രചോദനവും മാതൃകയുമാണ് നഗരസഭയുടെ ഈ പുരസ്കാരം എന്ന് പുരസ്‌കാരം സമർപ്പിച്ചു കൊണ്ട് ഡോ:പി രവീന്ദ്രൻ അഭിപ്രായപ്പെട്ടു. ഇ അഹമ്മദിന്റെ കഴിവും ഭരണപാടവവും അനുസ്മരിച്ച വി സി ഇത്തരം സംരംഭങ്ങൾ മറ്റു തദ്ദേശസ്വയ സ്ഥാപനങ്ങളിലും നടപ്പിലാക്കണമെന്നും നിർദ്ദേശിച്ചു.

നഗരസഭാ പരിധിയിലെ സ്കൂളുകളിൽ നിന്ന് വിരമിച്ച പ്രധാന അധ്യാപകരെയും വിവിധ തുറകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെയും ചടങ്ങിൽ ആദരിച്ചു.

ജയ്ദീപ്(ജി എം യു പി സ്കൂൾനീറാട്),

ഉസ്മാൻ (ജി എം യു പി.സ്കൂൾ ചിറയിൽ), ഷേർളി(ജി എം യു പി സ്കൂൾ കാഞ്ഞീരപറമ്പ്), അഷ്‌റഫ്‌ നാനാക്കൽ( ദേവധാർ യു പി സ്കൂൾ നെടിയിരുപ്പ്), ബാബു ജിവിഎച്ച് എസ്എസ് കൊണ്ടോട്ടി), കരീം ( ജി എം എൽ പി സ്കൂൾ തുറക്കൽ ), അബൂബക്കർ സിദ്ദീഖ്( എ എം എൽ പി സ്കൂൾ മണാരിൽ) എന്നീ അധ്യാപകരെയും

മറ്റുമേഖലകളിൽ കഴിവ് തെളിയിച്ചവരായ

മുഹമ്മദ്‌ ഷാജഹാൻ,

ഷൈമജ ശിവറാം ടീച്ചർ, റസിയ ടീച്ചർ, അബ്ബാസ് തരിപ്പറമ്പൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

കാലിക്കറ്റ് സർവകലാശാല കായിക വകുപ്പ് മേധാവി ഡോ: സക്കീർ ഹുസൈൻ മുഖ്യപ്രഭാഷണം നടത്തി. ഡോ: ടി പി അഹമ്മദ് പ്രശംസ പത്രം കൈമാറി.

തനിക്ക് ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ് ഇതെന്ന് മറുപടി പ്രസംഗത്തിൽ അനസ് എടത്തൊടിക പറഞ്ഞു. നഗരസഭയ്ക്ക് നന്ദി രേഖപ്പെടുത്തിയ അദ്ദേഹം പുരസ്കാര തുകയിൽ നിന്ന് ഇരുപതിനായിരം രൂപ തിരുവനന്തപുരം സി എച്ച് സെന്ററിന് നൽകുമെന്നും അറിയിച്ചു .തന്റെ ജോലിയുമായി ബന്ധപ്പെട്ട് നിയമസഭയിൽ കായിക മന്ത്രി വി. അബ്ദുറഹ്മാൻ നടത്തിയ പ്രസ്താവന ശരിയല്ലെന്നും കൃത്യസമയത്ത് തന്നെ താൻ അപേക്ഷ നൽകിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയ്ക്ക് വേണ്ടി 22 ഓളം അന്താരാഷ്ട്ര മത്സരങ്ങളിൽ പ്രതിരോധദുർഗം കാത്ത അനസിന് ഇതുവരെ സംസ്ഥാന സർക്കാർ ജോലി നൽ കാത്തത് വിവാദമായിരുന്നു. ഇക്കാര്യം കൊണ്ടോട്ടി എം എൽ എ.ടി വി ഇബ്രാഹിം നിയമസഭയിൽ ഉന്നയിച്ചിരുന്നു. ബോഡി ബിൽഡിംഗ്‌ മത്സരത്തിൽ പങ്കെടുത്തവരെ പോലും ജോലിക്ക് പരിഗണിച്ച സർക്കാർ, രാജ്യത്തിനു വേണ്ടി ബൂട്ട് കെട്ടിയ അനസ് എടത്തൊടികയെയും റിനോ ആന്റോയെയും പരിഗണിക്കാത്തത് തെറ്റായിപ്പോയെന്ന് എം എൽ എ കഴിഞ്ഞ ദിവസം നിയമസഭയിൽ ഉണർത്തിച്ചിരുന്നു. എന്നാൽ, നിശ്ചിത കാലയളവിനുള്ളിൽ അപേക്ഷ സമർപ്പിക്കാത്തതാണ് അനസിന്റെ കാര്യത്തിൽ വിനയായതെന്ന് മന്ത്രി അബ്ദുറഹ്മാൻ ടി വി ഇബ്രാഹിം എം എൽ എ യ്ക്ക് മറുപടി നൽകിയിരുന്നു. ഈ വിഷയത്തോടാണ് അനസ് എടത്തൊടിക തന്റെ മറുപടി പ്രസംഗത്തിൽ വൈകാരികമായി പ്രതികരിച്ചത്.

മുനിസിപ്പൽ വൈസ് ചെയർമാൻ അഷ്റഫ് മടാൻ, സ്ഥിരം സമിതി അധ്യക്ഷരായ റംല കൊടവണ്ടി,സി മിനിമോൾ, കെ പി ഫിറോസ്, സി ടി ഫാത്തിമത്ത് സുഹറാബി, എ മുഹിയുദ്ദീൻ അലി, കൗൺസിലർമാരായ കോട്ട ശിഹാബ്, കെ സ്വാലിഹ്, അനസിന്റെ ആദ്യകാല ഫുട്ബോൾ ഗുരു ഡോ: സി ടി അജ്മൽ, സുരേഷ് നീറാട്, മുസ്തഫ മുണ്ടപ്പലം, പ്രഹ്ലാദകുമാർ എന്നിവർ സംബന്ധിച്ചു.


ഫോട്ടോ : കൊണ്ടോട്ടി നഗരസഭയുടെ പ്രഥമ ഇ അഹമ്മദ് പ്രതിഭാ പുരസ്‌കാരം ഇന്ത്യൻ ഫുട്ബോൾ താരം അനസ് എടത്തൊടികയ്ക്ക് കാലിക്കറ്റ്‌ സർവകലാശാല വി സി ഡോ : പി. രവീന്ദ്രൻ നൽകുന്നു. നഗരസഭാ അംഗങ്ങളായ എ. മുഹ്‌യുദ്ദിൻ അലി, ചെയർപേഴ്സൺ നിത ഷഹീർ, റംല കൊടവണ്ടി, കെ. പി. ഫിറോസ്, കെ. സ്വാലിഹ്, വൈസ് ചെയർമാൻ അഷ്‌റഫ്‌ മടാൻ, ശിഹാബ് കോട്ട, സി. മിനിമോൾ, സി. ടി. ഫാത്തിമത്ത് സുഹ്റാബി, സുഹൈറുദ്ദിൻ, സൗദാബി എന്നിവർ സമീപം

Follow us on :

More in Related News