Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Sep 2024 10:05 IST
Share News :
ദുബായ്: ആരോപണത്തില്‍ സത്യമില്ലെന്ന് നിവിന്‍ പോളിയുമായി ദുബായില്‍വച്ച് കൂടിക്കാഴ്ച നടത്തിയ റാഫേല്‍. സംവിധായകന്‍ സുനിലോ നിവിന്‍ പോളിയോ ഇങ്ങനെ ചെയ്യില്ലെന്നാണ് വിശ്വാസം. ദുബായില്‍ മാളില്‍ വച്ച് നിവിന്‍ പോളിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും കൂടിക്കാഴ്ച്ചക്ക് ശേഷം പിരിയുകയും ചെയ്തുവെന്നും റാഫേല്‍ പ്രമുഖ മാധ്യമത്തോട് പറഞ്ഞു.
കഴിഞ്ഞ നവംബറില്‍ ബന്ധുക്കള്‍ക്കൊപ്പമായിരുന്നു കൂടിക്കാഴ്ച. സിനിമാ നിര്‍മ്മാണത്തിന് സാമ്പത്തിക സഹായം നല്‍കുന്ന ആളാണ് റാഫേല്‍. സിനിമ ചെയ്യാനായി സുനില്‍ വിളിച്ചിരുന്നു. മകനും മകളുമുള്‍പ്പെടെ കുടുംബമൊന്നിച്ചാണ് നിവിന്‍ പോളിയെ കാണാനായി പോയത്. ദുബായ് മാളിലെ കഫേയില്‍ വെച്ചായിരുന്നു സുനിലും നിവിന്‍ പോളിയും താനും തമ്മിലുള്ള കൂടിക്കാഴ്ച്ചയെന്ന് റാഫേല്‍ പറയുന്നു. താനറിയുന്ന സുനിലോ നിവിനോ ഇങ്ങനെ ചെയ്യുന്നവരാണെന്ന് കരുതുന്നില്ല. പെണ്‍കുട്ടിയുമായി ബന്ധമുള്ള വാര്‍ത്തകള്‍ കണ്ടിരുന്നു. അതില്‍ സത്യമുണ്ടോ ഇല്ലയോ എന്ന് പറയാനറിയില്ല. പെണ്‍കുട്ടി പറയുന്നത് കേള്‍ക്കുമ്പോള്‍ സത്യമുണ്ടെന്ന് തോന്നും. പക്ഷേ താനറിയുന്ന നിവിന്‍പോളിയും സുനിലും അങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കാനും കഴിയുന്നില്ലെന്നും റാഫേല്‍ പറഞ്ഞു.
നിവിന്‍ പോളിയുടെ വാക്കുകള്‍:
അതിനിടെ, തനിക്കെതിരായ ബലാത്സംഗ പരാതിക്ക് പിന്നില്‍ ഗൂഢാലോചന സംശയിക്കുന്നുവെന്ന് നടന്‍ നിവിന്‍ പോളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിവിന്‍ പോളിക്കെതിരെ എഫ്‌ഐആര്‍ ഇട്ടതിന് പിന്നാലെ കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നിവിന്‍ പോളി. ഒന്നരമാസം മുന്‍പ് പൊലീസ് അവസാനിപ്പിച്ചുവെന്ന് പറഞ്ഞ പരാതി ഇത്തരത്തില്‍ വരണമെങ്കില്‍ അതിന് ഗൂഢാലോചന സംശയിക്കുന്നുവെന്നാണ് നിവിന്‍ പറഞ്ഞത്. അങ്ങനെയൊരു പെണ്‍കുട്ടിയെ കണ്ടിട്ടില്ലെന്നും അവരുമായി സംസാരിച്ചിട്ടില്ലെന്നും പരിചയമില്ലെന്നും നിവിന്‍ പോളി പറഞ്ഞു. അടിസ്ഥാന രഹിതമായുള്ള ആരോപണമാണ്.
ആദ്യമായിട്ടാണ് ഇങ്ങനെയൊരു ആരോപണം നേരിടുന്നത്. വാര്‍ത്ത നല്‍കുന്നതില്‍ കുഴപ്പമില്ല. പക്ഷേ കാര്യങ്ങള്‍ അന്വേഷിച്ചിട്ട് കൊടുത്താല്‍ നല്ലതാകും. എന്റെ ഭാഗത്ത് ന്യായം ഉണ്ടെന്ന് 100 ശതമാനം ഉറപ്പുള്ളതുകൊണ്ടാണ് ഇന്ന് തന്നെ വാര്‍ത്താസമ്മേളനം വിളിച്ചത്. എന്റെ കുടുംബം എന്റെയൊപ്പം തന്നെയാണ്. ആദ്യം അമ്മയെ വിളിച്ചാണ് പറഞ്ഞത്. അവരെല്ലാം എന്റെ കൂടെയാണ്. കേസില്‍ ഉള്‍പ്പെട്ടുവെന്ന് പറയുന്ന പ്രതികളെയൊന്നും അറിയില്ല. ഒരാളെ സിനിമയ്ക്ക് പണം നല്‍കുന്ന വ്യക്തി എന്ന നിലയില്‍ അറിയാം. അത്തരത്തിലുള്ള ബന്ധവും ഉണ്ട്.
എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് അറിയുന്നത്. അതിനാല്‍ കേസ് അതിന്റെ വഴിക്ക് പോകും. നിയമപരമായി പോരാടും. അതിന്റെ ഏതറ്റം വരെയും പോകും. ഇത് സത്യമല്ലെന്ന് തെളിയിക്കാന്‍ എല്ലാ വഴികളും തേടും. ഇങ്ങനെ ആരോപണം ആര്‍ക്കെതിരെയും വരാം. ഇനി നാളെ മുതല്‍ ആര്‍ക്കെതിരെയും വരാം. അവര്‍ക്കെല്ലാം ഇവിടെ ജീവിക്കണം. അവര്‍ക്ക് കൂടി വേണ്ടിയാണ് എന്റെ പോരാട്ടം. എന്റെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ വിളിച്ച് പിന്തുണ അറിയിച്ചിട്ടുണ്ട്. ഏത് ശാസ്ത്രീയമായ അന്വേഷണത്തിനും തയ്യാറാണ്. ഇങ്ങനെ കാര്യങ്ങള്‍ സംസാരിച്ച് ശീലമില്ലെന്നും നിവിന്‍ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.