Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുലയർ സംസ്കൃതം പഠിക്കേണ്ടെന്ന്; കേരള സർവകലാശാലയിൽ അധ്യാപികയുടെ ജാതി അധിക്ഷേപം; പരാതി

08 Nov 2025 09:22 IST

NewsDelivery

Share News :

തിരുവനന്തപുരം ജാതീയമായി അധിക്ഷേപിച്ചെന്ന് കേരള സര്‍വകലാശാല സംസ്‌കൃതവിഭാഗം മേധാവി ഡോ.സി.എന്‍.വിജയകുമാരിക്കെതിരെ പൊലീസില്‍ പരാതി നല്‍കി ഗവേഷക വിദ്യാര്‍ഥി വിപിന്‍ വിജയന്‍. സംസ്‌കൃതം അറിയാത്ത വിദ്യാര്‍ഥിക്ക് സംസ്‌കൃതത്തില്‍ പിഎച്ച്ഡി നല്‍കരുതെന്ന് ആവശ്യപ്പെട്ട് വകുപ്പ് മേധാവി സി.എന്‍.വിജയകുമാരി കത്ത് നല്‍കിയ സംഭവത്തില്‍ കടുത്ത ജാതി വിവേചനത്തിനാണ് താന്‍ ഇരയാക്കാപ്പെട്ടതെന്നു വിപിന്‍ വിജയന്‍ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വൈസ് ചാൻസലർക്കും കഴക്കൂട്ടം എസ്പിക്കും വിപിന്‍ പരാതി നല്‍കിയത്. 

കാര്യവട്ടം ക്യാംപസില്‍ എംഫില്‍ പഠിക്കുമ്പോള്‍ ഗൈഡ് ആയിരുന്ന വിജയകുമാരി അന്നു മുതല്‍ ജാതി പറഞ്ഞ് അധിക്ഷേപിച്ചിരുന്നുവെന്നു വിപിന്റെ പരാതിയില്‍ പറയുന്നു. പുലയന്മാര്‍ സംസ്‌കൃതം പഠിക്കണ്ട എന്നും പുലയനും പറയനും വന്നതോടെ സംസ്‌കൃത വിഭാഗത്തിന്റെ മഹിമ നശിച്ചു എന്നും ടീച്ചര്‍ പറഞ്ഞു. വിപിനെപ്പോലുള്ള നീച ജാതികള്‍ക്ക് എത്ര ശ്രമിച്ചാലും സംസ്‌കൃതം വഴങ്ങില്ല എന്നും പറഞ്ഞു അധിക്ഷേപിച്ചുവെന്നും പരാതിയില്‍ പറയുന്നു. തന്റെ പ്രബന്ധത്തിന് ഗവേഷണ ബിരുദത്തിന് വിസി നിയമിച്ച വിഷയവിദഗ്ധര്‍ ശുപാര്‍ശ ചെയ്തിട്ടും ഗവേഷണബിരുദം നല്‍കരുതെന്ന് വിജയകുമാരി നിയമവിരുദ്ധമായി ശുപാര്‍ശ ചെയ്യുകയായിരുന്നുവെന്നും വിപിന്‍ പരാതിപ്പെട്ടു. വിജയകുമാരിക്കെതിരെ പട്ടികജാതി പട്ടികവർഗ അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.

അതേസമയം, കേരള സര്‍വകലാശാലയിലെ ജാതി അധിക്ഷേപം നിര്‍ഭാഗ്യകരമായ സംഭവമാണെന്നും അന്വേഷണം നടത്തുമെന്നും മന്ത്രി ആർ. ബിന്ദു പറഞ്ഞു. അധ്യാപകരുടെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത കാര്യമാണിത്. ഒരു കുട്ടിയോടും അധ്യാപകര്‍ ഈ നിലയില്‍ പെരുമാറാന്‍ പാടില്ല. രണ്ടു ദിവസം മുന്‍പാണ് വിദ്യാര്‍ഥിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തില്‍ അന്വേഷണം നടത്തും. സര്‍വകലാശാലയുടെ ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് പക്വതയും മാന്യതയും അന്തസും പുലര്‍ത്തേണ്ട ബാധ്യതയുണ്ട്. മുന്‍വിധിയോടെയുള്ള പെരുമാറ്റം ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

Follow us on :

More in Related News