Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്: ഒന്നാം ഘട്ടത്തില്‍ 64.46% പോളിങ്

07 Nov 2025 08:14 IST

NewsDelivery

Share News :

പറ്റ്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ 64.46 ശതമാനം പോളിങ്. എന്നാല്‍ ഇത് അന്തിമ കണക്കല്ല. വൈകാതെ കണക്കുകള്‍ ക്രോഡീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിടും. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലേക്കാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടന്നത്.

ഇന്ത്യാസഖ്യവും എന്‍ഡിഎയും നേര്‍ക്കുനേര്‍ പോരിനിറങ്ങിയപ്പോള്‍ സംസ്ഥാനത്ത് ഇടമുണ്ടാക്കാന്‍ തെരഞ്ഞടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിയും മത്സരരംഗത്തുണ്ട്. രാവിലെ 7 മണി മുതല്‍ വൈകീട്ട് 5 മണി വരെയാണ് വോട്ടെടുപ്പിന് സമയം അനുവദിച്ചതെങ്കിലും പലയിടങ്ങളിലും ക്യൂ ശേഷിച്ചതിനാല്‍ നീട്ടി നല്‍കി.

അതേസമയം വോട്ടിങ് പുരോഗമിക്കുന്നതിനിടെ ബിഹാര്‍ ഉപമുഖ്യമന്ത്രി വിജയ് സിന്‍ഹയുടെ കാറിനുനേരെ കല്ലേറുണ്ടായി. ലക്കിസറായില്‍ വച്ചാണ് അതിക്രമമുണ്ടായത്. 1314 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ടായിരുന്നു. സമ്മതിദാനാവകാശമുള്ള 3.75 കോടി വോട്ടര്‍മാരാണ് ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെട്ടിരുന്നത്.

ആദ്യ ഘട്ട പോളിങ്ങിനായി 45,324 ബൂത്തുകളാണ് ക്രമീകരിച്ചത്. മുഴുവന്‍ ബൂത്തുകളിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് കാസ്റ്റിങ്ങുമുണ്ട്. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവ്, എന്‍ഡിഎ സര്‍ക്കാരിലെ ഉപമുഖ്യമന്ത്രിമാരായ വിജയ് സിന്‍ഹ, സമ്രാട്ട് ചൗധരി തുടങ്ങിയവര്‍ ആദ്യ ഘട്ടത്തില്‍ ജനവിധി തേടി.

കൂടാതെ 18 മന്ത്രിമാരും ആദ്യ ഘട്ടത്തിലെ ജനവിധിയില്‍ ഉള്‍പ്പെട്ടു. ഇന്ന് പോളിങ് നടന്ന 121 സീറ്റുകളില്‍ കഴിഞ്ഞതവണ 63 എണ്ണം വിജയിക്കാന്‍ ഇന്ത്യാസഖ്യത്തിന് കഴിഞ്ഞിരുന്നു. 55 സീറ്റുകളിലാണ് എന്‍ ഡി എ വിജയിച്ചത്. ശേഷിക്കുന്ന സീറ്റുകള്‍ മറ്റുള്ളവരും നേടി. തലസ്ഥാനമായ പറ്റ്നയിലും വ്യാഴാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ്.

കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് സംസ്ഥാനത്ത് ഒരുക്കിയിരുന്നത്. ബുധനാഴ്ച, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പുറത്തുവിട്ട ഹരിയാന തെരഞ്ഞെടുപ്പ് അട്ടിമറി സംബന്ധിച്ച വെളിപ്പെടുത്തലുകള്‍, ബിഹാര്‍ ജനവിധിയില്‍ പ്രതിഫലിക്കുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

Follow us on :

More in Related News