Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Oct 2024 09:27 IST
Share News :
കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ ഒളിവില്‍ പോയ മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡൻ്റ് പി പി ദിവ്യ ആശുപത്രിയില്‍ ചികിത്സ തേടി. പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലാണ് ചികിത്സ തേടിയത്. അമിത രക്തസമ്മര്‍ദത്തെ തുടര്‍ന്നാണ് ചികിത്സ തേടിയത്. ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.
ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയാനിരിക്കെയാണ് ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുന്നത്. നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദിവ്യയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുത്തിരുന്നു. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യത്തിനായി ദിവ്യ കോടതിയെ സമീപിക്കുകയായിരുന്നു. യാത്രയയപ്പ് ചടങ്ങിനിടെ ദിവ്യ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു നവീന്‍ ബാബു ജീവനൊടുക്കിയത്.
കഴിഞ്ഞ ദിവസം മണിക്കൂറുകളോളം നീണ്ട വാദമാണ് കോടതിയില്‍ നടന്നത്. ജാമ്യത്തിനായി ദിവ്യയുടെ അഭിഭാഷകൻ എഡിഎമ്മിനെ കുറ്റപ്പെടുത്തിയപ്പോൾ, നവീൻ ബാബുവിന്‍റെ കുടുംബത്തിന്‍റെ അഭിഭാഷകനും പ്രോസിക്യൂഷനും ദിവ്യയെ കുറ്റപ്പെടുത്തി വാദമുഖങ്ങൾ നിരത്തി. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് നിസാർ അഹമ്മദാണ് ഉത്തരവ് പറയുക. ദിവ്യ ആസൂത്രിതമായി യാത്രയയപ്പ് യോഗത്തിലെത്തി വ്യക്തിഹത്യ നടത്തിയെന്നും, പ്രേരണക്കുറ്റം നിലനിൽക്കുമെന്നുമാണ് പ്രോസിക്യൂഷൻ വാദം.
പി പി ദിവ്യക്കെതിരെ കടുത്ത നടപടിക്കൊരുങ്ങുകയാണ് സിപിഐഎം. ദിവ്യക്കെതിരായ സംഘടനാ നടപടി ചർച്ച ചെയ്യാൻ സിപിഎം ജില്ലാ നേതൃയോഗങ്ങൾ ബുധനാഴ്ച ചേരുന്നുണ്ട്. ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയെങ്കിലും പാര്‍ട്ടി തല നടപടികൾ വന്നിട്ടില്ല. പി പി ദിവ്യയെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് തരം താഴ്ത്താനാണ് പാര്‍ട്ടിയുടെ തീരുമാനം. ജില്ലാ സമ്മേളനം കഴിഞ്ഞ് വരുന്ന പുതിയ ജില്ലാ കമ്മിറ്റിയില്‍ ദിവ്യയെ ഉള്‍പ്പെടുത്താതിരിക്കാനാണ് തീരുമാനം. നടപടി പ്രത്യക്ഷത്തില്‍ പ്രഖ്യാപിക്കാതെ പരോക്ഷമായി നടപ്പില്‍ വരുത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
കൈക്കൂലി പരാതി നൽകിയ പ്രശാന്തിനെ ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്യുകയും ദിവ്യയുടെ ഇടപെടൽ സംശയത്തിലാവുകയും ചെയ്തതോടെ, കണ്ണൂരിലെ സിപിഎമ്മും പ്രതിരോധത്തിലാണ്. പോലീസും മുൻകൂര്‍ ജാമ്യ ഹര്‍ജിയിലെ വിധി വരുന്നതിനായി കാക്കുകയാണ്. നവീന്‍ ബാബുവിൻ്റെ മരണത്തിലെ ലാന്‍ഡ് റവന്യൂ വകുപ്പ് അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം റവന്യൂ മന്ത്രി കെ രാജന് കൈമാറിയിരുന്നു. എന്‍ഒസി നല്‍കുന്നതില്‍ നവീന്‍ ബാബുവിന് കാലതാമസം വന്നിട്ടില്ലെന്നും കോഴ വാങ്ങിയിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.
Follow us on :
Tags:
More in Related News
Please select your location.