Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സബ്‌സിഡി വിലയ്ക്ക് നൽകിയിരുന്ന അരി നിർത്തലാക്കി സർക്കാർ; ജനകീയ ഹോട്ടലുകൾ അടച്ചുപൂട്ടലിന്‍റെ വക്കിൽ

05 Jul 2024 12:35 IST

Shafeek cn

Share News :

തിരുവനന്തപുരം: കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് സബ്‌സിഡി വിലയ്ക്ക് നൽകിയിരുന്ന അരി നിർത്തലാക്കി സർക്കാർ. ഊണിനു സർക്കാർ നൽകിയിരുന്ന 10 രൂപ സബ്‌സിഡി നിർത്തലാക്കിയതിനു പിന്നാലെ സംസ്ഥാന സർക്കാർ കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് സബ്‌സിഡി വിലയ്ക്ക് നൽകിയിരുന്ന അരിയും നിർത്തലാക്കി. അരിവില ഇങ്ങനെ ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പിടിച്ചുനിൽക്കാനാകാതെ പൂട്ടേണ്ട ഗതിയിലാണ് സംസ്ഥാനത്തെ കുടുംബശ്രീ ജനകീയ ഹോട്ടലുകൾ.


കിലോയ്ക്ക് 40 രൂപയ്ക്ക് മുകളിലായി ഇപ്പോഴത്തെ അരി വില. ഇതു വാങ്ങി വേണം 30 രൂപയ്ക്ക് ഊണ് വിളമ്പാൻ. പണമടച്ചു വാങ്ങാൻ എത്തിയപ്പോഴാണ് സബ്‌സിഡി അരി നിർത്തലാക്കിയെന്ന് ഇവർ അറിയുന്നത്. കഴിഞ്ഞ വർഷം നിർത്തലാക്കിയ ഊണിന്റെ സബ്‌സിഡി ഇനത്തിലും കിട്ടാനുണ്ട് ലക്ഷങ്ങൾ. ഇതോടെ കടത്തിന് മുകളിൽ കടത്തിലാണിവർ. പച്ചക്കറിക്കും പലചരക്കിനും മീനിനും എല്ലാം വില കുതിക്കുകയാണ്. ഈ അവസ്ഥയിൽ സംരംഭം നടത്തികൊണ്ട് പോകാൻ പറ്റാത്ത സ്ഥിതിയാണ്.


അരിയുടെ പ്രതിസന്ധി അറിയിച്ചപ്പോൾ ഊണിനു വിലകൂട്ടാനാണ് നിർദ്ദേശം കിട്ടിയത്. സാധാരണക്കാരന് ഇത് താങ്ങാനാവില്ലെന്ന് ജനകീയ ഹോട്ടൽ ജീവനക്കാരി സുഹറ പറയുന്നു. വില കൂട്ടി ലാഭം കൊയ്യണമെന്ന് ഇവരാരും ആഗ്രഹിക്കുന്നില്ല. അന്നന്നത്തെ അന്നത്തിനു വേണ്ടിയാണ് സംരംഭം. ഈ നില പോയാൽ ജനകീയ ഹോട്ടലിൽ ഊണു വിളമ്പണമെങ്കിൽ സ്വന്തം വീട് പട്ടിണിയാക്കേണ്ടി വരുമെന്ന ഗതികേടിലാണിവ‍ർ. ഉപ്പ് തൊട്ട് കർപ്പൂരം വരെയുളളവയ്ക്ക് വില കൂടുകയാണ്. ഈ സാഹചര്യത്തിൽ സർക്കാർ സബ്‌സിഡി കൂടെയില്ലെങ്കിൽ ജനകീയ ഹോട്ടലുകൾ കടം വന്ന് പൂട്ടുക തന്നെ ചെയ്യും.

Follow us on :

More in Related News