Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Dec 2024 07:43 IST
Share News :
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകന്റെ ഫോണ്‍ പിടിച്ചെടുക്കാനുള്ള പൊലിസ് നീക്കം നിയമസഭയില്‍ ഉന്നയിക്കുമെന്ന് ഡോ.എം.കെ. മുനീര്‍ എം.എല്‍.എ. ജനുവരി 17ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ ആദ്യംതന്നെ ഈ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമം ലേഖകന്‍ അനിരു അശോകന്റെ ഫോണ്‍ പിടിച്ചെടുക്കാനുള്ള ക്രൈംബ്രാഞ്ച് നീക്കത്തിനെതിരെയും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിനു നേരെയുള്ള പൊലിസ് കടന്നുകയറ്റത്തിനെതിരെയും കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.കെ. മുനീര്‍. ഉറവിടം വ്യക്തമാക്കണമെന്നതിനര്‍ഥം മാധ്യമപ്രവര്‍ത്തകര്‍ ഇനി വാര്‍ത്തകള്‍ കണ്ടെത്തി പ്രസിദ്ധീകരിക്കേണ്ടതില്ലെന്നാണ്. ഉറവിടം കണ്ടെത്തി വലിയ ക്രിമിനല്‍ കുറ്റമാക്കുന്നതോടുകൂടി മാധ്യമങ്ങള്‍ക്കു വാര്‍ത്ത കിട്ടേണ്ട ഉറവിടങ്ങള്‍ ഇല്ലാതാക്കാമെന്നും നിയന്ത്രിക്കാമെന്നു കരുതുന്നത് ഫാഷിസ്റ്റ് മനോഭാവമാണ്. വെള്ളരിക്കാ പട്ടണമാണെന്നു കരുതി പൊലിസ് മാധ്യമപ്രവര്‍ത്തകരെ പീഡിപ്പിക്കാമെന്നു കരുതുന്നുണ്ടെങ്കില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം പൊതുസമൂഹമുണ്ടാകും. തങ്ങള്‍ നല്‍കുന്ന വാര്‍ത്തകള്‍ നല്‍കിയാല്‍ മതിയെന്നു കരുതുന്നവരെയും പൊലിസിനെ മര്‍ദകോപാധിയാക്കുന്ന ശക്തികളെയും ഗൗരവമായിത്തന്നെയാണ് കാണുന്നതെന്നും എം.കെ. മുനീര്‍ പറഞ്ഞു. അന്തര്‍ദേശീയ തലങ്ങളിലൊന്നും വാര്‍ത്തയുടെ ഉറവിടം വ്യക്തമാക്കേണ്ടതില്ല. ഇന്ത്യയില്‍തന്നെ പല സുപ്രിംകോടതി വിധികളിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുകൂലമായ വിധിയാണ് ഉണ്ടായിരിക്കുന്നത്.
രാജ്യത്തെ ഏത് സെക്രട്ടേറിയറ്റുകളിലേക്കും പാസോടുകൂടി മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശിക്കാന്‍ അവകാശമുണ്ടെങ്കില്‍ സംസ്ഥാനത്ത് മാത്രം മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. എലത്തൂര്‍ ട്രെയിന്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ടും വാര്‍ത്തയുടെ ഉറവിടം പൊലിസ് തേടിയിരുന്നുവെന്നും എം.കെ. മുനീര്‍ ചൂണ്ടിക്കാട്ടി. കെ.യു.ഡബ്ല്യു.ജെ ജില്ലാ പ്രസിഡന്റ് ഇ.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. യൂനിയന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം. ഫിറോസ് ഖാന്‍, കെ.എ. സൈഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി.കെ. സജിത് സ്വാഗതവും വൈസ് പ്രസിഡന്റ് എ. ബിജുനാഥ് നന്ദിയും പറഞ്ഞു.
പ്രകടനത്തിന് കെ.എസ് രേഷ്മ, ഒ. സയ്യിദ് അലി ശിഹാബ്, ഹാഷിം എളമരം, ലുഖ്മാന്‍ മമ്പാട്, പി.പി അനില്‍കുമാര്‍, മിതോഷ് ജോസഫ്, പി. ഗിരീഷ്‌കുമാര്‍, എ.വി ഫര്‍ദിസ്, സി.പി ബിനീഷ്, ഫിജാസ് താനൂര്‍ നേതൃത്വം നല്‍കി.
അടിക്കുറിപ്പ്: പൊലിസിന്റെ മാധ്യമവേട്ടക്കിതിരേ കേരളപത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി നടത്തിയ പ്രഥിഷേധസംഗമം ഡോ. എം.കെ മുനീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
Follow us on :
Tags:
More in Related News
Please select your location.