Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Feb 2025 21:47 IST
Share News :
തൊടുപുഴ: സി.എസ്.അര്‍ ഫണ്ട് തട്ടിപ്പ് കേസിലെ പ്രതി തൊടുപുഴ സ്വദേശി അനന്തു കൃഷ്ണന്‍ നേരെത്തെയും സാമ്പത്തിക തിരിമറി നടത്തിയതിന് കൂടുതല്‍ തെളിവുകള്‍. ബി.ജെ.പി സംസ്ഥാന സമിതി അംഗം ഗീതാ കുമാരിയില്‍ നിന്ന് 25 ലക്ഷം രൂപ വാങ്ങി വര്‍ഷങ്ങളായിട്ടും തിരികെ നല്‍കിയില്ലെന്ന് പരാതിയും കോടതിയില്‍ കേസും നിലവിലുണ്ട്. ഗീതാ കുമാരിയില്‍ നിന്ന് 2017ലാണ് അനന്തു 25 ലക്ഷം തട്ടിയത്. പകുതി വിലയ്ക്ക് സ്‌കൂട്ടറും ലാപ് ടോപ്പും കാര്‍ഷികോപകരണങ്ങളും നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെടുത്ത സംഭവത്തില്‍ ഇടുക്കി ജില്ലയില്‍ മാത്രം ആയിരത്തോളം പരാതികളാണ് ഇതുവരെ അനന്തുവിനെതിരെ ഉള്ളത്. ഇടുക്കിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട മൂന്ന് കേസില്‍ മാത്രം ഒമ്പതര കോടിയുടെ തട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തല്‍. കരിമണ്ണൂര്‍, തൊടുപുഴ, നെടുംകണ്ടം എന്നീ പോലീസ് സ്‌റ്റേഷനുകളിലാണ് നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നൂറു കണക്കിന് പരാതികളാണ് ദിവസംതോറും ഇയാള്‍ക്കെതിരെ ഉയരുന്നത്. തട്ടിപ്പ് നടത്തിയ പണം അനന്തു ആര്‍ഭാട ജീവിതത്തിന് ഉപയോഗിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. വിവിധ ഇടങ്ങളില്‍ ഭൂമിയും വാഹനങ്ങളും കെട്ടിടങ്ങളും ഇയാള്‍ വാങ്ങിക്കൂട്ടിയിട്ടിട്ടുണ്ട്. അനന്തുവിന്റെ വീട് സ്ഥിതി ചെയ്യുന്ന തൊടുപുഴയ്ക്കടുത്ത് കോളപ്രയില്‍ ഇയാള്‍ ഓഫീസും തുറന്നിരുന്നു. ഈ ഓഫീസ് ദിവസങ്ങളായി അടഞ്ഞ് കിടക്കുകയാണ്. ഓഫീസിന് സമീപമുള്ള പലരും ഇയാളുടെ തട്ടിപ്പിന് ഇരയായി. മുമ്പ് മണിചെയിന്‍ മാതൃകയില്‍ തട്ടിപ്പ് നടത്തിയിട്ടുള്ള ആളാണ് അനന്ദു കൃഷ്ണനെന്നും, വളരെ കുറഞ്ഞ കാലയളവില്‍ ഉന്നത സമ്പത്തിക സ്ഥിതിയിലേക്ക് എത്തിയതില്‍ സംശയം തോന്നിയിരുന്നു എന്നും നാട്ടുകാര്‍ പറഞ്ഞു. സംസ്ഥാനത്തൊട്ടാകെ 700 കോടിയിലധികം രൂപയുടെ തട്ടിപ്പ് അനന്തു നടത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തല്‍. വരും ദിവസങ്ങളില്‍ തട്ടിപ്പിനിരയായവരുടെ എണ്ണം വര്‍ദ്ധിക്കുമെന്നും തുക ആയിരം കോടിയിലധികമാകുമെന്നുമാണ് അന്വേഷണ ഉദ്യോദസ്ഥരുടെ കണക്ക് കൂട്ടല്‍.
തൊടുപുഴയില്‍ മാത്രം നൂറോളം പരാതികള്‍
അനന്തു കൃഷ്ണനെതിരെ നൂറോളം സ്ത്രീകളാണ് പണം നഷ്ടപ്പെട്ടെന്ന പരാതിയുമായി തൊടുപുഴ പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. ഒട്ടുമിക്കയാളുകള്‍ക്കും അറുപതിനായിരത്തിലധികം രൂപയാണ് നഷ്ടപ്പെട്ടത്. ഇതില്‍ രജിസ്‌ട്രേഷന്‍ ഫീസിനത്തില്‍ 320 രൂപായും വാഹനത്തിന്റെ പകുതി വിലയായ 60000 രൂപായും പ്രൊസസിങ് ഫീസിനത്തില്‍ 5900 രൂപായുമാണ് എല്ലാവരില്‍ നിന്നും വാങ്ങിയിരിക്കുന്നത്. 60000 രൂപാ അനന്തു കൃഷ്ണ്‍ന്റെ അക്കൗണ്ടിലേക്കും ബാക്കി പണം സീഡ് കോ.ഓര്‍ഡിനേറ്റര്‍മാരുടെ പക്കല്‍ നേരിട്ടുമാണ് നല്‍കിയിരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് പണം നല്‍കിയെങ്കിലും ഇവര്‍ക്ക് സ്‌കൂട്ടറോ മറ്റ് ഉപകരണങ്ങളോ കിട്ടിയില്ല. പണം തിരികെ വേണമെന്ന് ആവശ്യപ്പെടുമ്പോള്‍ സീഡ് കോ.ഓര്‍ഡിനേറ്റര്‍മാരുടെ ഭാഗത്ത് നിന്ന് ഭീഷണി ഉള്‍പ്പെടെയുണ്ടാകുന്നതായി പണം നഷ്ടപ്പെട്ടവര്‍ പറഞ്ഞു. തൊടുപുഴ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയവര്‍ക്കെല്ലാം രസീത് നല്‍കിയിട്ടുണ്ട്.
പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്ന് ജില്ലാ പോലീസ് മേധാവി
അനന്തു കൃഷ്ണനെതിരെ ഇടുക്കിയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും പരാതികളിലെല്ലാം പണം നല്‍കിയതിന്റെ രേഖ പരിശോധിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും ജില്ലാ പോലീസ് മേധാവി ടി.കെ വിഷ്ണു പ്രദീപ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. അന്വേഷണത്തിനായി സ്‌പെഷല്‍ ടീമിനെ നിയോഗിക്കും. രഹസ്യാന്വേഷണ വിഭാഗത്തിന് നേരത്തെ തന്നെ ഇത്തരത്തില്‍ പണമിടപാട് നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചിരുന്നുവെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു
Follow us on :
Please select your location.