Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Aug 2026 20:24 IST
Share News :
ന്യൂഡൽഹി: ലഹരി നൽകുന്ന താൽക്കാലികമായ ആനന്ദം ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ദുരിതങ്ങൾക്ക് കാരണമാകുമെന്ന് യുവാക്കൾക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലഹരിയുടെ ഉപയോഗം വ്യക്തികളുടെ ആരോഗ്യത്തെയും ഭാവിയെയും തകർക്കുമെന്നും, ലഹരിമുക്തി നേടി സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്നവരെ സമൂഹം പോരാളികളായി കാണുകയും ബഹുമാനിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച 'വികസിത് ഭാരത് സങ്കൽപ് അഭിയാന് വേണ്ടിയുള്ള നഷാ മുക്ത് യുവ' (Nasha Mukt Yuva for Viksit Bharat Sankalp Abhiyan) കാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തെ യുവാക്കൾ ലഹരിക്കെതിരെ പ്രതിജ്ഞയെടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തിയെന്നും, ശാരീരികമായും മാനസികമായും ആരോഗ്യവാന്മാരായ യുവതലമുറയാണ് വികസിത ഇന്ത്യയുടെ അടിത്തറയെന്നും പ്രധാനമന്ത്രി പറഞ്ഞു. അതുകൊണ്ടുതന്നെ എല്ലാ തരത്തിലുള്ള ലഹരിവസ്തുക്കളിൽ നിന്നും യുവാക്കൾ വിട്ടുനിൽക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലഹരിമുക്തി നേടിയവരെ ഒറ്റപ്പെടുത്താതെ സമൂഹം ചേർത്തുപിടിക്കണമെന്നും, അവർക്ക് രണ്ടാമതൊരു അവസരം നൽകണമെന്നും മോദി പറഞ്ഞു. യോഗ, ധ്യാനം, കുടുംബത്തിന്റെയും സമൂഹത്തിന്റെയും പിന്തുണ എന്നിവയിലൂടെ ലഹരിയിൽ നിന്ന് മോചനം നേടാൻ കഴിയുമെന്ന് ഇന്ത്യൻ സംസ്കാരം പഠിപ്പിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലഹരി ശരീരത്തെ മാത്രമല്ല, ഒരു കുടുംബത്തിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും തകർക്കുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മക്കളുടെ ലഹരി ഉപയോഗം സാമൂഹികമായ അന്തസ്സിനെ ഭയന്ന് മറച്ചുവയ്ക്കാതെ, തുറന്ന് സംസാരിക്കുകയും വിദഗ്ധ ചികിത്സയും കൗൺസിലിംഗും തേടുകയും ചെയ്യണമെന്ന് മാതാപിതാക്കളോടും അദ്ദേഹം അഭ്യർഥിച്ചു.
രാജ്യത്തുടനീളമുള്ള ലഹരി കടത്തുകാർക്കെതിരെ സർക്കാർ ശക്തമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും, മയക്കുമരുന്ന് കടത്തും വിതരണവും തടയാൻ വിവിധ ഏജൻസികൾ ഏകോപിതമായി പ്രവർത്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ലഹരിമുക്തമായ ഒരു ഇന്ത്യ എന്ന ലക്ഷ്യത്തോടെ ആരംഭിച്ച 'നഷാ മുക്ത് യുവ' കാമ്പയിൻ 100 ആഴ്ച നീണ്ടുനിൽക്കുന്ന ജനപങ്കാളിത്ത പരിപാടിയായിരിക്കും. എല്ലാ ഞായറാഴ്ചകളിലും കല, കായികം, സംസ്കാരം, യോഗ, ധ്യാനം, ആത്മീയത, സാമൂഹിക സേവനം എന്നിവയുമായി ബന്ധപ്പെട്ട പരിപാടികൾ സംഘടിപ്പിച്ച് ലഹരിവിരുദ്ധ സന്ദേശം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും എത്തിക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.