Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Dec 2025 06:03 IST
Share News :
കോട്ടയം: പാലാ നഗരസഭാ ഭരണം യുഡിഎഫിന്. സ്വതന്ത്ര സ്ഥാനാർഥികളായി മത്സരിച്ച ബിനു പുളിക്കക്കണ്ടവും മകൾ ദിയാ ബിനു പുളിക്കക്കണ്ടവും ബിനുവിന്റെ സഹോദരൻ ബിജു പുളിക്കക്കണ്ടവും യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് നഗരസഭാ ഭരണം യുഡിഎഫിന് ലഭിച്ചത്. ചെയർപേഴ്‌സൺ സ്ഥാനം പങ്കുവെക്കാനും ധാരണയായിട്ടുണ്ട്. ആദ്യ ടേമിൽ ദിയയ്ക്ക് പാലാ നഗരസഭയുടെ ചെയർപേഴ്‌സൺ സ്ഥാനം നൽകാനാണ് ധാരണ. കോൺഗ്രസ് വിമതയായി മത്സരിച്ച മായാ രാഹുലിനെ വെെസ് ചെയർപേഴ്സണുമാക്കും. 1985-ന് ശേഷം ഇതാദ്യമായാണ് പാലാ നഗരസഭയുടെ ഭരണത്തിൽനിന്ന് കേരളാ കോൺഗ്രസ് എം പുറത്താകുന്നത്.
തിരഞ്ഞെടുപ്പ് ഫലത്തിൽ എൽഡിഎഫിനും യുഡിഎഫിനും കേവലഭൂരിപക്ഷമില്ലാതെവന്നതോടെയാണ് പുളിക്കക്കണ്ടം കുടുംബത്തിന്റെ പിന്തുണ നിർണായകമായത്. ബിനു മുന്നോട്ടുവെച്ച പല ആവശ്യങ്ങളും യുഡിഎഫ് അംഗീകരിച്ചതായാണ് വിവരം. 21-കാരിയായ ദിയ, നഗരസഭാധ്യക്ഷയാകുന്നതോടെ ഈ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയായി മാറും.
ബിനു പുളിക്കക്കണ്ടം, പാലാ നഗരസഭയുടെ 14-ാം വാർഡിലും ബിജു പുളിക്കക്കണ്ടം 13-ാം വാർഡിലും ബിനുവിന്റെ മകൾ ദിയ 15-ാം വാർഡിലുമായിരുന്നു ജനവിധി തേടിയത്. ഈ മൂന്ന് വാർഡുകളിലും യുഡിഎഫിന് സ്ഥനാർഥികളുണ്ടായിരുന്നില്ല. മൂന്നു വാർഡുകളിലും ബിനു പുളിക്കക്കണ്ടത്തിന്റെ നേതൃത്വത്തിലുള്ള സ്വതന്ത്രരുടെ കൂട്ടായ്മയെ യുഡിഎഫ് പിന്തുണയ്ക്കുകയായിരുന്നു.
26 അംഗ നഗരസഭയിൽ എൽഡിഎഫിന് പതിനൊന്നും യുഡിഎഫിന് പത്തംഗങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. ബിജു, ബിനു, ദിയ എന്നിവരെ കൂടാതെ മറ്റ് രണ്ട് സ്വതന്ത്രരും വിജയിച്ചിരുന്നു. ഇതിലൊരാൾ കോൺഗ്രസ് വിമതയായിരുന്ന മായാ രാഹുലായിരുന്നു. ഇവർക്ക് ആദ്യ ടേമിൽ വൈസ് ചെയർപേഴ്‌സൺ സ്ഥാനം നൽകിയിട്ടുണ്ട്. പുളിക്കക്കണ്ടം കുടുംബത്തിന്റെയും മായയുടെയും പിന്തുണ ലഭിച്ചതോടെ യുഡിഎഫിന്റെ അംഗബലം 14 ആയി.
കോൺഗ്രസ് പ്രതിനിധിയായാണ് ബിനു പുളിക്കക്കണ്ടം ആദ്യം നഗരസഭാംഗമായത്. പിന്നീട് സ്വതന്ത്രനായി വിജയിച്ചു. 2015-ൽ ബിജെപി ടിക്കറ്റിൽ വിജയിച്ച് പാലായിൽ ആദ്യമായി താമര വിരിയിച്ചു. അന്ന് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച സഹോദരൻ ബിജുവായിരുന്നു പ്രധാന എതിരാളി. 2020-ൽ സിപിഎം സ്ഥാനാർഥിയായി പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ചു. സിപിഎമ്മിന്റെ ചിഹ്നത്തിൽ വിജയിച്ച ഏക ഇടതുപക്ഷ അംഗമായിരുന്നു ബിനു. ജോസ് കെ. മാണിയെ പരസ്യമായി വിമർശിച്ചിരുന്ന ബിനുവിന് കേരള കോൺഗ്രസിന്റെ സമ്മർദംമൂലം ചെയർമാൻ സ്ഥാനം നൽകാൻ സിപിഎം തയ്യാറായില്ല. ഇക്കുറി വീണ്ടും സ്വതന്ത്രനായി രംഗത്തിറങ്ങുകയായിരുന്നു.
ബിജു പുളിക്കക്കണ്ടം ദീർഘനാൾ കേരള കോൺഗ്രസിന്റെ യുവജന വിഭാഗമായ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. മദ്രാസ് ക്രിസ്ത്യൻ കോളേജിൽനിന്ന് ഇക്കണോമിക്സിൽ ബിരുദമെടുത്തശേഷം എംബിഎ പഠനത്തിനൊരുങ്ങുമ്പോഴാണ് ദിയ മത്സരരംഗത്ത് ഇറങ്ങിയത്.
Follow us on :
More in Related News
Please select your location.