Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Dec 2025 08:01 IST
Share News :
പുല്പള്ളി: എൽഡിഎഫ് നേതൃത്വം കോൺഗ്രസിന് വോട്ടുമറിച്ചതായി ആരോപിച്ച് എൽഡിഎഫ് സ്ഥാനാർഥിയായിരുന്നയാളും കുടുംബവും ബിജെപിയിൽ ചേർന്നു. തദ്ദേശതിരഞ്ഞെടുപ്പിൽ പുല്പള്ളി ഗ്രാമപ്പഞ്ചായത്തിലെ ആനപ്പാറ വാർഡിൽനിന്ന് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ഗോപി മനയത്തുകുടിയിലും കുടുംബവുമാണ് ബിജെപിയിൽ ചേർന്നത്. സിപിഐയുടെ സ്ഥാനാർഥിയായി മത്സരിച്ച ഗോപി, വാർഡിൽ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഈ വാർഡിൽ 432 വോട്ടുനേടിയ കോൺഗ്രസിലെ വിനോദ് കാഞ്ഞൂക്കാരനാണ് വിജയിച്ചത്. തന്നെ നിർബന്ധിച്ച് മത്സരിക്കാനിറക്കിയശേഷം കോൺഗ്രസിന് വോട്ടുകൾ മറിച്ചുനൽകിയതിൽ പ്രതിഷേധിച്ചാണ് താൻ ബിജെപിയിൽ ചേരാൻ തീരുമാനിച്ചതെന്ന് ഗോപി പറഞ്ഞു.
ബിജെപിയുടെ സിറ്റിങ് വാർഡായിരുന്ന ആനപ്പാറയിൽ ഇത്തവണ 393 വോട്ടുമായി ബിജെപി സ്ഥാനാർഥി സിജേഷ് കുട്ടൻ രണ്ടാംസ്ഥാനത്താണ്. ഇവിടെ ബിജെപിയെ പരാജയപ്പെടുത്തുന്നതിനുവേണ്ടി എൽഡിഎഫിന്റെ വോട്ടുകൾ കോൺഗ്രസ് സ്ഥാനാർഥിക്ക് കൂട്ടത്തോടെ മറിച്ചുനൽകിയെന്നാണ് ആരോപണം. നാമനിർദേശപത്രിക സമർപ്പിക്കുന്നതിനുള്ള അവസാനദിവസമാണ് എൽഡിഎഫ് നേതാക്കളെത്തി തന്നെ നിർബന്ധിച്ച് സ്ഥാനാർഥിയാക്കിയതെന്ന് ഗോപി പറയുന്നു. എൽഡിഎഫിന് ഇവിടെ 264 ഉറച്ചവോട്ടുകളുണ്ടെന്നും തിരഞ്ഞെടുപ്പുചെലവ് മുന്നണി വഹിക്കുമെന്നുമായിരുന്നു നേതാക്കൾ ഉറപ്പുനൽകിയിരുന്നത്. എന്നാൽ, ഇതൊന്നും പാലിക്കപ്പെട്ടില്ല. തിരഞ്ഞെടുപ്പുഫലം വന്നശേഷം ഗോപി പാർട്ടി ഓഫീസിലെത്തി പരാതിയുന്നയിച്ചപ്പോൾ, ഈ വിഷയം പരിശോധിക്കാമെന്നുപറഞ്ഞ് നേതാക്കൾ കൈയൊഴിയുകയായിരുന്നു.
ഗോപിയെയും കുടുംബത്തെയും ബിജെപി നേതാക്കൾ വീട്ടിലെത്തി പാർട്ടിയിലേക്ക് സ്വീകരിച്ചു. ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് കെ.ഡി. ഷാജിദാസ്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.കെ. അരുൺ, ഇ.കെ. സനൽകുമാർ, പി.ആർ. തൃദീപ്കുമാർ, പി.ആർ. സുഭാഷ്, സിജേഷ് ഇല്ലിക്കൽ, ദിനേശൻ കാപ്പിക്കുന്ന് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്.
Follow us on :
Tags:
More in Related News
Please select your location.