Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രതിപക്ഷത്തെ പിണറായി വിജയൻ നയിക്കും

14 May 2026 23:41 IST

CN Remya

Share News :

കോട്ടയം; പ്രതിപക്ഷത്തെ ഇനി പിണറായി വിജയൻ നയിക്കും. തിരുവനന്തപുരത്ത് നടന്ന സിപിഎം സംസ്ഥാന കമ്മറ്റിയിലാണ് പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തത്. സിപിഎം സംസ്ഥാന കമ്മറ്റി ഐകകണ്ഠേനയാണ് പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തിരഞ്ഞെടുത്തത്.

അവൈലബിൾ പിബി അംഗങ്ങളും കേന്ദ്രകമ്മറ്റി അംഗങ്ങളുമാണ് പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്തത്. കഴിഞ്ഞ പത്ത് വർഷം കേരളത്തെ നയിച്ച മുഖ്യമന്ത്രി പദവിയിൽനിന്നാണ് പിണറായി വിജയൻ പ്രതിപക്ഷ നേതാവിന്റെ റോളിലേക്ക് എത്തുന്നത്. ഇനി അഞ്ചുവർഷം കേരളത്തിന്റെ പ്രതിപക്ഷ നേതാവായി സിപിഎം പോളിറ്റ് ബുറോ അംഗമായ പിണറായി പ്രതിപക്ഷ നിരയെ നയിക്കും. 

1944 പഴയ മദ്രാസ് പ്രസിഡൻസിയിലെ പിണറായി ഗ്രാമത്തിൽ മുണ്ടയിൽ കോരന്റെയും കല്യാണിയുടെയും പതിനാലാമത്തെ മകനായാണ് പിണറായി വിജയന്റെ ജനനം. വീട്ടിലെ ബുദ്ധിമുട്ടുകൾ കാരണം സ്കൂൾ വിദ്യാഭാസം പൂർത്തിയാക്കി പഠനം നിർത്തുകയും പിന്നീട് തലശ്ശേരി ബ്രണ്ണൻ കോളേജിൽനിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടുകയും ചെയ്തു. വിദ്യാർത്ഥി ആയിരുന്നപ്പോൾ കെഎസ്എഫിലൂടെയും തുടർന്ന് യുവജന സംഘടനയായ കെ എസ് വൈ എഫിന്റെ പ്രസിഡന്റായും പ്രവർത്തിച്ചു. 24ആം വയസിൽ സിപിഎമ്മിന്റെ കണ്ണൂർ ജില്ലാ കമ്മറ്റി അംഗമായി പിണറായി തിരഞ്ഞെടുക്കപ്പെട്ടു. ഇരുപത്തിയെട്ടാം വയസ്സിൽ ജില്ലാ സെക്രട്ടറിയേറ്റിലേക്കും എത്തി. തുടർന്ന് സിപിഎം സംസ്ഥാന കമ്മറ്റിയിലും സംസ്ഥാന സെക്രട്ടറിയേറ്റിലും കേന്ദ്ര കമ്മറ്റിയിലും പോളിറ്റ് ബ്യൂറോയിലും. മൂന്ന് തവണ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയും ആയി. അടിയന്തരാവസ്ഥക്കാലത്ത് കേന്ദ്രസർക്കാറിന്റെ അതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തിയതിന് ജയിലിൽ അടയ്ക്കപ്പെട്ടതും ക്രൂരമർദ്ദനത്തിന് ഇരയായതും ആ ചോരയുടെ മണമുള്ള ഷർട്ടുമായി നിയമസഭയിൽ എത്തി നടത്തിയ പ്രസംഗവും ചരിത്രം.

1970ൽ കൂത്തുപറമ്പിൽനിന്നാണ് ആദ്യമായി കേരളം നിയമസഭയിലേക്ക് എത്തുന്നത്. അന്ന് കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎ എന്ന റെക്കോർഡ് അദ്ദേഹത്തിന് ഒപ്പമായിരുന്നു. തുടർന്ന് 1977, 1991, 1996, 2016, 2021, ഇപ്പോൾ 2026 ലും നിയമസഭയിലേക്ക് ജയിച്ച് എത്തി. 1996ൽ ഇ കെ നായനാർ മന്ത്രിസഭയിൽ വൈദ്യുതി സഹകരണ വകുപ്പ് മന്ത്രി ആയിരുന്നു. 2016 മുതൽ 2026 വരെയുള്ള പത്തുവർഷം കേരളത്തിൻ്റെ മുഖ്യമന്ത്രിയായി. ലോകം പകച്ചുനിന്ന പ്രകൃതി ദുരന്തത്തിന്റെ വക്കിലും മഹാമാരിയുടെ വക്കിലും കേരളത്തെ പിടിച്ചുയർത്തുന്നതിൽ നിർണായകമായ പങ്കുവഹിച്ചു. പത്തുവർഷം കൊണ്ട് സർവ്വ മേഖലയിലും കേരളത്തിൻ്റെ മുഖം മാറ്റിയ മുഖ്യമന്ത്രി. പത്തുകൊല്ലം കേരളത്തെ അടുത്തറിഞ്ഞ കേരളത്തിൽ വികസന മുന്നേറ്റത്തിന് ചുക്കാൻ പിടിച്ച പിണറായി ഇനി പുതിയ സർക്കാരിൻ്റെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും തെറ്റുകൾ ചൂണ്ടിക്കാണിക്കുകയും പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന പ്രതിപക്ഷത്തെ അമരക്കാരനാകും.

Follow us on :

More in Related News