Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്കപ്പട്ടികയില്‍

18 Sep 2024 16:18 IST

Shafeek cn

Share News :

ലപ്പുറം ജില്ലയില്‍ നിപ ജാഗ്രത തുടരുന്നു. കഴിഞ്ഞ തിങ്കളാഴ്ച മരിച്ച യുവാവിന്റെ സമ്പർക്ക പട്ടിക വിപുലീകരിച്ചു. നിലവില്‍ 175 പേരെയാണ് പട്ടികയില്‍ ഉള്ളത്. ഇതില്‍ 74 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു. ജില്ലയിൽ കണ്‍ട്രോള്‍ സെല്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. മരിച്ച യുവാവിന്റെ യാത്രാ വിവരങ്ങളും സമയവും അടങ്ങിയ റൂട്ട് മാപ്പ് നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.


126 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 49 പേര്‍ സെക്കന്ററി കോണ്‍ടാക്ട് പട്ടികയിലുമാണ്. പ്രൈമറി പട്ടികയിലുള്ള 104 പേരാണ് ഹൈ റിസ്‌ക് വിഭാഗത്തിൽ ഉള്ളത്. സമ്പര്‍ക്കപ്പട്ടികയിലുള്ള 10 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നിലവില്‍ 13 പേരുടെ സ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭ്യമാകാനുണ്ടെന്നും മന്ത്രി അറിയിച്ചു.


നിപ ജാഗ്രതയെ തുടര്‍ന്ന് മലപ്പുറം സര്‍ക്കാര്‍ അതിഥി മന്ദിര കോമ്പൗണ്ടിലാണ് കണ്‍ട്രോള്‍ സെല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. റൂട്ട് മാപ്പ് പരിശോധിച്ച ശേഷം സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ളവര്‍ കണ്‍ട്രോള്‍ സെല്ലില്‍ അറിയിക്കണമെന്ന മന്ത്രി ആവശ്യപ്പെട്ടു. 0483 2732010, 0483 2732060 എന്നീ നമ്പറുകളില്‍ വിളിച്ചാല്‍ നിപ കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെടാം.

മരണപ്പെട്ട വ്യക്തിയുടെ വീടിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ 66 ടീമുകളായി ഫീല്‍ഡ് സര്‍വെ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്ന് മമ്പാട് ഗ്രാമപഞ്ചായത്തിലെ 590 വീടുകളിലും വണ്ടൂരിലെ 447 വീടുകളിലും തിരുവാലിയിലെ 891 വീടുകളിലും അടക്കം ആകെ 1928 വീടുകളില്‍ സര്‍വെ നടത്തി. മമ്പാട് ഗ്രാമപഞ്ചായത്തില്‍ 10, വണ്ടൂരില്‍ 10, തിരുവാലിയില്‍ 29 ആകെ 49 പനി കേസുകള്‍ സര്‍വെയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ മമ്പാട് കണ്ടെത്തിയ ഒരു പനി കേസ് മാത്രമാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.



കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ ട്യൂഷന്‍ സെന്ററുകളും അങ്കണവാടികളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കണ്ടെയ്ന്‍മെന്റ് സോണില്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പോലീസിന് യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.കഴിഞ്ഞ തിങ്കളാഴ്ച മരിച്ച മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ വിദ്യാർഥിയാണ് നിപ ബാധിച്ച് മരിച്ചത്. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്.


ബെംഗളൂരുവില്‍ പഠിക്കുകയായിരുന്നു വിദ്യാർഥിക്ക് നാട്ടിലെത്തിയശേഷം കടുത്ത പനി ബാധിക്കുകയായിരുന്നു. ആദ്യം നടുവത്തുള്ള സ്വകാര്യ ക്ലിനിക്കിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. പനിവിട്ടുമാറത്ത സാഹചര്യത്തിലായിരുന്നു എംഇഎസില്‍ പ്രവേശിപ്പിച്ചത്. യുവാവ് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ നടത്തിയ ഡെത്ത് ഇന്‍വെസ്റ്റിഗേഷനിലാണ് നിപ വൈറസ് സംശയിച്ചത്.

Follow us on :

More in Related News