Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നെയ്യശേരി - തോക്കുമ്പന്‍ റോഡ് നിര്‍മാണത്തിന് വനം വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ

08 Jan 2025 19:10 IST

ജേർണലിസ്റ്റ്

Share News :



വണ്ണപ്പുറം: ഒരു നാടിന്റെ വികസന പ്രതീക്ഷയായ നെയ്യശേരി - തോക്കുമ്പന്‍ റോഡ് നിര്‍മാണത്തിന് വനം വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ. റോഡിന്റെ തൊമ്മന്‍കുത്ത് മണിയന്‍ സിറ്റി മുതല്‍ നാരങ്ങാനം വരെയുള്ള ഭാഗത്തെ പണി തടഞ്ഞു കൊണ്ടുള്ള കാളിയാര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ കത്ത് കെ.എസ്.ടി.പിക്ക് കൈമാറി. നാരങ്ങാനം മുണ്ടന്‍മുടി ഭാഗത്ത് റോഡരികില്‍ അപകടാവസ്ഥയില്‍ നിന്ന മരങ്ങള്‍ ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതിയോടെ മുറിച്ച് റോഡരികില്‍ കൂട്ടിയിരുന്നു. ഇതിന്റെ മുകളില്‍ മണ്ണിട്ട് മൂടിയെന്നതാണ് റോഡ് പണി തടയാനുള്ള കാരണങ്ങളില്‍ ഒന്ന്. ഇതിന് പുറമേ മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് കെ.എസ്.ടി.പിക്കും കരാര്‍ കമ്പനിക്കുമെതിരെ വനം വകുപ്പ് കേസെടുത്തിരുന്നു. എന്നാല്‍ ഇത് കള്ളക്കേസാണെന്ന നിലപാടില്‍ വനം വകുപ്പുമായി കെ.എസ്.ടി.പി സഹകരിച്ചിരുന്നില്ല. ഈ രണ്ട് കാരണങ്ങളാല്‍ നിര്‍മാണാനുമതി തടയുന്നതായാണ് ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ കത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്. 27കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് കരിമണ്ണൂരില്‍ നിന്ന് തുടങ്ങി തൊമ്മന്‍കുത്ത് - നാരങ്ങാനം വഴി മുണ്ടന്മുടിയിലെത്തി ആലപ്പുഴ - മധുര സംസ്ഥാന പാതയുമായി സന്ധിക്കും. പിന്നീട് വണ്ണപ്പുറം പെട്രോള്‍ പമ്പ് ജങ്ഷന്‍ മുതല്‍ പട്ടയക്കുടി വരെയും ഇതേ റോഡിന്റെ നിര്‍മ്മാണം നടക്കുന്നുണ്ട്. ജര്‍മന്‍ സഹായത്തോടെ ആധുനിക നിലവാരത്തിലാണ് റോഡ് പണിയുന്നത്. പട്ടയക്കുടിയില്‍ നിന്ന് വഞ്ചിക്കല്‍ പൊന്നെടുത്താന്‍ വഴി പഴയരിക്കണ്ടം വരെയുള്ള റോഡില്‍ പി.ഡബ്ല്യു.ഡി നടത്തുന്ന പണി അവസാന ഘട്ടത്തിലാണ്. രണ്ടു റോഡും പൂര്‍ത്തിയാകുമ്പോള്‍ വണ്ണപ്പുറം പഞ്ചായത്തിന്റെ മലയോര മേഖകളില്‍ എല്ലാം ബി.എം.ബി.സി നിലവാരത്തിലുള്ള റോഡുകളാണെന്ന പ്രത്യേകതയുമുണ്ട്. ഒന്നര പതിറ്റാണ്ടിന് മുന്‍പാണ് മൂന്ന് പഞ്ചായത്തുകളുടെ വികസനത്തിനുതകുന്ന നെയ്യശേരി - തോക്കുമ്പന്‍ റോഡ് പണി ആദ്യമായി പരിഗണനയില്‍ വന്നത്. അന്ന് വനം വകുപ്പിന്റെ കടുത്ത എതിര്‍പ്പും ചില രാഷ്ട്രീയ കാരണങ്ങളാലുമാണ് റോഡ് പണി മുടങ്ങിയത്. പിന്നീട് വര്‍ഷങ്ങളുടെ പരിശ്രമത്തിനോടുവില്‍ വനം വകുപ്പിന്റെ എല്ലാ തടസ്സങ്ങളും ഒഴിവാക്കി പണി തുടങ്ങുകയായിരുന്നു. എന്നാല്‍ വീണ്ടും ഓരോരോ നിസാര കാരണങ്ങള്‍ പറഞ്ഞ് വനം വകുപ്പ് നിരന്തരം പണി തടസ്സപ്പെടുത്തുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.


Follow us on :

More in Related News