Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jul 2024 08:57 IST
Share News :
ന്യൂഡല്‍ഹി: നീറ്റ് യുജി പരീക്ഷാ ക്രമക്കേട് ചോദ്യം ചെയ്തുള്ള ഒരുകൂട്ടം ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിക്കുന്നത്. പുനപരീക്ഷ വേണോ എന്ന കാര്യത്തിലും സുപ്രീംകോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചേക്കും. നീറ്റ് യുജി കൗണ്‍സലിംഗിന് അനുമതി നല്‍കുന്ന കാര്യത്തിലും തീരുമാനമെടുത്തേക്കും.
നീറ്റ് യുജി പരീക്ഷ റദ്ദാക്കേണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരും ദേശീയ ടെസ്റ്റിംഗ് ഏജന്‍സിയും സുപ്രീംകോടതിയെ അറിയിച്ചത്. കൗണ്‍സിലിംഗിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും. ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയതിലെ സൂത്രധാരന്‍ ഉള്‍പ്പടെയുള്ള പ്രധാന പ്രതികളെ അറസ്റ്റ് ചെയ്തുവെന്ന തല്‍സ്ഥിതി റിപ്പോര്‍ട്ട് സിബിഐയും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനെ അറിയിക്കും. ഗോധ്രയിലും പട്‌നയിലും മാത്രമാണ് ക്രമക്കേട് റിപ്പോര്‍ട്ട് ചെയ്തതെന്നാണ് എന്‍ടിഎ നല്‍കിയ സത്യവാങ്മൂലം. പരീക്ഷയെഴുതിയ കുട്ടികളുടെ പ്രകടനം പരിശോധിച്ചു. ക്രമക്കേട് പരീക്ഷയുടെ പവിത്രതയെ ബാധിച്ചിട്ടില്ലെന്നാണ് പരിശോധനയില്‍ വ്യക്തമായതെന്നും എന്‍ടിഎയുടെ വിശദീകരണത്തിലുണ്ട്.
നീറ്റ് ക്രമക്കേടില്‍ പുനപരീക്ഷ വേണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് സിബിഐ കോടതിയില്‍ നല്‍കിയിട്ടുണ്ട്. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ രണ്ട് പേരെ കൂടി കഴിഞ്ഞ ദിവസം സിബിഐ അറസ്റ്റ് ചെയ്തിരുന്നു. പട്‌ന സ്വദേശി പങ്കജ് കുമാര്‍, ഹസാരിബാഗ് സ്വദേശി രാജു സിംഗ് എന്നിവരാണ് അറസ്റ്റിലായത്. പങ്കജ് കുമാര്‍ ചോദ്യപേപ്പര്‍ മോഷ്ടിച്ചു എന്നും രാജു സിംഗ് വിതരണം ചെയ്തു എന്നുമാണ് സിബിഐ കണ്ടെത്തിയത്. കേസില്‍ ഇതുവരെ 35 പേരാണ് അറസ്റ്റിലായത്.
നേരത്തെ കേന്ദ്രസര്‍ക്കാര്‍ വാദത്തെ പിന്തുണച്ച് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയും രംഗത്തുവന്നിരുന്നു. ജൂലായ് എട്ടിന് കേസ് പരിഗണിക്കവെ, കേന്ദ്രം സമര്‍പ്പിച്ച ഐഐടി മദ്രാസ് റിപ്പോര്‍ട്ടില്‍ പരീക്ഷയില്‍ ദുരുപയോഗം നടന്നതിന്റെയോ വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനം ലഭിച്ചതിന്റെയോ സൂചനയില്ലെന്നാണ് പറയുന്നത്. മാര്‍ക്ക് നല്‍കുന്നതില്‍ യാതൊരുവിധ ക്രമക്കേടും നടന്നിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഏകദേശം 24 ലക്ഷം വിദ്യാര്‍ത്ഥികളാണ് മെയ് 5 ന് രാജ്യത്ത് നീറ്റ് പരീക്ഷ എഴുതിയത്. ഒരു കോച്ചിംഗ് സെന്ററില്‍ നിന്ന് ആറ് പേര്‍ ഉള്‍പ്പെടെ 67 വിദ്യാര്‍ത്ഥികള്‍ 720 മാര്‍ക്ക് നേടിയതും ആയിരത്തിലധികം പേര്‍ ഗ്രേസ് മാര്‍ക്ക് ആനുകൂല്യം വാങ്ങിയതുമാണ് ആദ്യം സംശയത്തിനിടയാക്കിയത്. കടുത്ത പ്രതിഷേധത്തിനൊടുവില്‍ നടത്തിയ അന്വേഷണത്തില്‍ പിന്നീട് പരീക്ഷാ ചോദ്യ പേപ്പര്‍ ചോര്‍ന്നതായി പരീക്ഷാ ബോര്‍ഡും കേന്ദ്രസര്‍ക്കാരും സ്ഥിരീകരിച്ചിരുന്നു.
Follow us on :
Tags:
More in Related News
Please select your location.