Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നീലേശ്വരം വെടിക്കെട്ടപകടം; മരണം അഞ്ചായി

09 Nov 2024 11:30 IST

Shafeek cn

Share News :

കാസർകോട്; നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർ കാവിലെ വെടിക്കെട്ട് ദുരന്തത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. മംഗളൂരു എജെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രജിത്ത് (28) ആണ് മരിച്ചത്. കാസർകോട് കിണാവൂർ സ്വദേശിയായ രഞ്ജിത്ത് കെഎസ്ഇബിയിൽ ഡ്രൈവറായിരുന്നു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി.


രജിത്തിന്റെ സുഹൃത്തുക്കളായ ബിജു, രതീഷ്, സന്ദീപ് എന്നിവരും മരണപ്പെട്ടിരുന്നു. ഇവർ ഒരുമിച്ചാണ് തെയ്യംകെട്ടിന് പോയത്. ഇവർക്ക് പുറമെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തുരുത്തി ഓർക്കളത്തെ ശാബിൻ രാജും (19) മരിച്ചു. കിണാവൂരിലെ മുണ്ടോട്ട് കുഞ്ഞിരാമൻ, ഉഷ ദമ്പതികളുടെ മകനാണ് മരിച്ച രജിത്ത്. ഗോപികയാണ് രജിത്തിന്റെ ഭാര്യ. ഒരു വയസുള്ള കുഞ്ഞുണ്ട്. സഹോദരൻ സജിൻ.


ക്ഷേത്രത്തിലെ കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചായിരുന്നു കഴിഞ്ഞ ചൊവ്വാഴ്ച അപകടമുണ്ടായത്. രാത്രി 12 മണിക്കാണ് അപകടം നടക്കുന്നത്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് ചൈനീസ് പടക്കം പൊട്ടിക്കുന്നതിനിടെ കമ്പപ്പുരയ്ക്ക് മുകളിലേക്ക് തീപ്പൊരി വന്ന് പതിക്കുകയായിരുന്നു. അപകടത്തിൽ 150-ലേറെ പേർക്ക് പരിക്കേറ്റു.


ഉത്സവ നടത്തിപ്പുകാരുടെ അലംഭാവമാണ്‌ അപകടത്തിന്‌ മുഖ്യകാരണമെന്നാണ്‌ എഫ്‌ഐആറിലുള്ളത്‌. സംഘാടകരായ ഒമ്പതുപേർക്കെതിരെ വധശ്രമകുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. കേസിലെ എല്ലാ പ്രതികളുടെയും ജാമ്യം ജില്ലാ സെഷൻസ്‌ കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിട്ടുണ്ട്. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 4 ലക്ഷം രൂപ വീതം സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.



Follow us on :

More in Related News