Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എൻസിപി നേതൃയോഗത്തിൽ വാക്കേറ്റം; പരസ്പരം കുറ്റപ്പെടുത്തി ചാക്കോയും രാജനും, യോഗം പിരിച്ചുവിട്ടു

08 Sep 2024 11:57 IST

Shafeek cn

Share News :

തിരുവനന്തപുരം: മന്ത്രിസ്ഥാനത്തില്‍ തീരുമാനമാകാതെ എന്‍സിപി നേതൃയോഗം പിരിഞ്ഞു. സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ ഓണ്‍ലൈനായി വിളിച്ച യോഗത്തില്‍ വാക്കേറ്റമുണ്ടായതിനെ തുടര്‍ന്നാണ് തീരുമാനമെടുക്കാനാകാതെ നേതൃയോഗം പിരിഞ്ഞത്. ഓണ്‍ലൈനായി നടന്ന യോഗത്തില്‍ പി സി ചാക്കോയും ജനറല്‍ സെക്രട്ടറി കെ ആര്‍ രാജനും തമ്മിലായിരുന്നു വാക്കേറ്റം. ശശീന്ദ്രന്‍ പക്ഷക്കാരനാണ് കെ ആര്‍ രാജന്‍. ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കാന്‍ ചാക്കോ മാന്യതയില്ലാത്ത നീക്കങ്ങള്‍ നടത്തിയെന്ന് രാജന്‍ ആരോപിച്ചു. ഗാന്ധിയനായിട്ടും രാജന് സങ്കുചിത നിലപാടെന്ന് ചാക്കോയും തിരിച്ചടിച്ചു.


ആരാണ് സങ്കുചിതമായി പെരുമാറുന്നതെന്ന് പാര്‍ട്ടിക്കാര്‍ക്ക് ബോധ്യമുണ്ടെന്ന് കെ ആര്‍ രാജനും കൂട്ടിച്ചേര്‍ത്തു. തര്‍ക്കം വ്യക്തിപരമായ തലത്തിലേക്ക് കടന്നതോടെ ചാക്കോ യോഗം അവസാനിപ്പിക്കുകയായിരുന്നു. മന്ത്രിസ്ഥാനം രാജിവെക്കുന്ന കാര്യം ശശീന്ദ്രന്‍ സ്വയം തീരുമാനിക്കട്ടെ എന്നായിരുന്നു പിസി ചാക്കോയുടെ നിലപാട്.


അതേസമയം മന്ത്രിസ്ഥാനത്തെ സംബന്ധിച്ച് തോമസ് കെ തോമസ് മുഖ്യമന്ത്രിയെ കണ്ടു. ഇന്നലെയാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. മന്ത്രിസ്ഥാനം ലഭിക്കാന്‍ ഇടപെടണമെന്ന് തോമസ് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. എന്‍സിപി കത്ത് നല്‍കിയാല്‍ പരിഗണിക്കാം എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. തോമസ് കെ തോമസ് മുഖ്യമന്ത്രിയെ കണ്ടതും പിസി ചാക്കോ നേതൃയോഗത്തില്‍ അറിയിച്ചു.


മന്ത്രിമാറ്റ ചര്‍ച്ചകള്‍ക്കിടെ എ കെ ശശീന്ദ്രനെതിരെ തോമസ് കെ തോമസ് നേരത്തെ രംഗത്ത് വന്നിരുന്നു. ശശീന്ദ്രന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്ന് പറയുന്നതിലൂടെ സ്വാര്‍ത്ഥതയാണ് പുറത്തുവരുന്നതെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. ജനങ്ങള്‍ തിരഞ്ഞെടുത്ത ആളാണ്. അവര്‍ക്കുവേണ്ടി നിലനില്‍ക്കണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

Follow us on :

More in Related News