Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാതൃഭാഷ വെളിച്ചത്തിലേക്ക് നയിക്കുന്നു: കൽപ്പറ്റ നാരായണൻ

04 Jan 2025 09:49 IST

ENLIGHT MEDIA PERAMBRA

Share News :

കൊയിലാണ്ടി: മനുഷ്യരെ വെളിച്ചത്തിലേക്ക് നയിക്കുന്നത് മാതൃഭാഷയാണെന്ന് പ്രശസ്ത കവിയും സാഹിത്യവിമർശകനുമായ കൽപ്പറ്റ നാരായണൻ. ലോകത്തിലെ മാതൃഭാഷകൾ ഓരോന്നായി ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഭാഷയും വായനയും ജീവിതത്തിൻ്റെ ഭാഗം തന്നെയാണ്. ഭയം മൂലം ഉണ്ടാകുന്ന ഭക്തിയാണ് ഇന്ന് സമൂഹത്തിലെങ്ങും. ഭയത്തെ അകറ്റുന്ന സർഗ പ്രവൃത്തിയാണ് വായനയെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തോടെ വായിക്കുകയും പ്രതികരിക്കലുമാണ് യഥാർത്ഥ സർഗാത്മകത. വിധേയത്വമില്ലാത്ത ചിന്താ ശേഷിയുടെ വികാസത്തിന് അതിരുകൾ ഇല്ലാത്ത വായന അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി മോഡൽ ലൈബ്രറിയും അകം സാംസ്കാരിക വേദിയും സംഘടിപ്പിച്ച സ്നേഹാദരവ് പരിപാടിയിൽ എന്തുകൊണ്ട് വായിക്കണം? എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 


എഴുത്തും വായനയും ചേരുന്നതാണ് സാഹിത്യത്തിന്റെ ലോകം. അതൊരു കലയാണ്.വിജയത്തിലേക്കുള്ള വഴി കൂടിയാണ് വായന. മറ്റൊരാളുടെ സൃഷ്ടി വായനക്കാരുടെ സ്വന്തം ആനന്ദവും വിഷാദവും പ്രണയവുമായി മാറുകയാണ്. എഴുത്തുകാരൻ്റെ അനുഭവങ്ങൾ വായനക്കാരൻ്റെയും ജീവിതമായി മാറുന്നു. അദ്ദേഹം പറഞ്ഞു.പുന:സൃഷ്ടിക്കായാണ് മനുഷ്യകുലത്തെ പ്രകൃതി രൂപകൽപന ചെയ്തത്. മറ്റു ജീവജാലങ്ങളിൽ നിന്നും വ്യത്യസ്തമാണ് മനുഷ്യൻ്റെ ഉദ്ഭവം. പരിവർത്തനങ്ങളിലൂടെയാണ് ഇന്നത്തെ നിലയിൽ മനുഷ്യവർഗം എത്തിയത്. നിരന്തര പരിശീലനങ്ങളിലൂടെയും ജ്ഞാനസമ്പാദനത്തിലൂടെയുമാണ് മനുഷ്യൻ്റെ അതിജീവനം. സൃഷ്ടിപരതയാണ് ഈ മാറ്റങ്ങൾക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും സ്കൂളിലെ പൂർവാധ്യാപകനുമായ അദ്ദേഹത്തിന് വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ സ്നേഹോപഹാരങ്ങൾ കൈമാറി.


 പരിപാടിയോടനുബന്ധിച്ച് പുസ്തക മേളയും സംഘടിപ്പിച്ചു.പ്രിൻസിപ്പാൾ എൻ.വി. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ കെ. കെ. സുധാകരൻ, പി ടി എ പ്രസിഡണ്ട് വി. സുചീന്ദ്രൻ, വി എച്ച് എസ് ഇ പ്രിൻസിപ്പാൾ ബിജേഷ് ഉപ്പാലക്കൽ, എസ് എസ് ജി കൺവീനർ എം.ജി. ബൽരാജ്, പൂർവ്വ വിദ്യാർത്ഥി സംഘടന കൺവീനർ എൻ.വി. വത്സൻ, ഗുരുപഥം കൺവീനർ വി. ഗംഗാധരൻ,

സ്റ്റാഫ് സെക്രട്ടറി ഒ.കെ. ഷിജു എന്നിവർ സംസാരിച്ചു.

Follow us on :

Tags:

More in Related News