Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാണാതായ പെൺകുട്ടി ഇന്ന് കേരളത്തിലേക്ക്; സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുക്കും

24 Aug 2024 10:35 IST

- Shafeek cn

Share News :

കഴക്കൂട്ടത്ത് നിന്ന് കാണാതായ പെൺകുട്ടിയെ ഇന്ന് തിരികെ നാട്ടിലെത്തിക്കാൻ സാധികച്ചേക്കും. ഇതിനായി കേരള പൊലീസ് സംഘം ഇന്ന് വിശാഖപട്ടണത്ത് നിന്ന് തിരിക്കും. വൈകിട്ട് 3:50 നുള്ള കന്യാകുമാരി വിവേക് എക്സ്പ്രസ്സിലായിരിക്കും പൊലീസ് സംഘം തിരുവനന്തപുരത്തേക്ക് തിരിക്കുക. ഇന്നലെ വിശാഖപട്ടണത്തെത്തിയ സംഘം കുട്ടിയെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു. എന്നാൽ തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ സമയം കഴിഞ്ഞതിനാൽ ഇന്നലെ കുട്ടിയെ ഏറ്റുവാങ്ങിയില്ല.


ഞായറാഴ്ച രാത്രിയോടെ സംഘം തിരുവനന്തപുരത്ത് എത്തുമെന്നാണ് കരുതുന്നത്. തിരുവനന്തപുരത്ത് എത്തിയാൽ കുട്ടിയുടെ സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുക്കും. തുടർന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷമായിരിക്കും മാതാപിതാക്കൾക്ക് കുട്ടിയെ വിട്ടുനൽകുക.


ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണത്തിനുള്ള കുട്ടിക്ക്, അസമിലേക്ക് പോകണമെന്ന ആഗ്രഹമാണ് കഴിഞ്ഞ ദിവസം മലയാളി സമാജം പ്രവർത്തകരോട് കുട്ടി പങ്കുവെച്ചത്. അമ്മയോടൊപ്പം നിൽക്കാൻ താല്പര്യമില്ല. അമ്മ വീട്ടുജോലികൾ കൂടുതൽ ചെയ്യിക്കുന്നുവെന്നും കുട്ടി മലയാളി സമാജം പ്രവർത്തകരോട് പറഞ്ഞു. പഠിക്കാനാണ് കൂടുതൽ ഇഷ്ടം. അസമിൽ തിരികെ പോയി പഠിക്കണമെന്നാണ് ആഗ്രഹം. അസമിൽ അപ്പൂപ്പനും അമ്മൂമ്മയും തന്നെ പഠിപ്പിക്കുമെന്നും കുട്ടി പറഞ്ഞു.


അതേസമയം ഇതേ നിലപാട് ഇന്നും തുടർന്നാൽ മജിസ്ട്രേറ്റിൻ്റെ അനുമതി കൂടി തേടിയ ശേഷമാകും വിശാഖപട്ടണത്ത് നിന്ന് കേരള പൊലീസിനൊപ്പം കുട്ടിയെ വിടുന്നതിൽ തീരുമാനമെടുക്കുക. കഴക്കൂട്ടത്ത് കുടുംബത്തോടൊപ്പം താമസിക്കുന്ന അസം സ്വദേശിയായ പെൺകുട്ടിയെ ഓഗസ്റ്റ് 20ന് രാവിലെ 10 മണി മുതല്ലാണ് കാണാതായത്. അയൽവീട്ടിലെ കുട്ടികളുമായി വഴക്കുണ്ടാക്കിയ കുട്ടിയെ മാതാവ് ശകാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടി വീട് വിട്ട് ഇറങ്ങിയത്. പിന്നാലെ ജോലിക്ക് പോയ മാതാപിതാക്കൾ കുട്ടി വീടുവിട്ടിറങ്ങിയെന്ന വിവരമറിയുന്നത് ഏറെ വൈകിയാണ്. സംഭവത്തിന് പിന്നാലെ നാല് മണിയോടെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.


തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടി സഞ്ചരിച്ച ട്രെയിനിലെ സഹയാത്രികയായിരുന്ന യുവതി പകർത്തിയ ചിത്രം പൊലീസിന് ലഭിക്കുന്നത്. ഇവർ നൽകിയ വിവരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണ് വിശാഖപട്ടണത്ത് നിന്നും ട്രെയിനിൽ ഉറങ്ങുകയായിരുന്ന നിലയിൽ മലയാളി സമാജം അം​ഗങ്ങൾ കുട്ടിയെ കണ്ടെത്തിയത്.

Follow us on :

More in Related News