Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Sep 2024 11:31 IST
Share News :
കൊച്ചി : പിറവം സ്വദേശിയായ സിഎ വിദ്യാർഥിനി മിഷേൽ ഷാജിയെ കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സിബിഐ അന്വേഷണത്തിനുള്ള സാഹചര്യമില്ലെന്ന് ഹൈക്കോടതി. എന്നാൽ, പൊലീസിന്റെ അന്വേഷണത്തിലുണ്ടായ വീഴ്ചകൾ പരിശോധിച്ച് ക്രൈംബ്രാഞ്ച് രണ്ടു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും ജസ്റ്റിസ് സി.എസ്.സുധ ഉത്തരവിറക്കി.
പിറവം മുളക്കുളം വടക്കേക്കര പെരിയപ്പുറം എണ്ണയ്ക്കാപ്പിള്ളില്‍ ഷാജി വര്‍ഗീസിന്റെയും സൈലമ്മയുടെയും മകളായ മിഷേലിനെ 2017 മാര്‍ച്ച് അഞ്ചിനാണ് കൊച്ചിയില്‍ നിന്ന് കാണാതായത്. സംഭവം നടന്ന ദിനം വൈകിട്ട് അഞ്ചിന് കലൂര്‍ സെന്റ് ആന്റണീസ് പള്ളിയിലെത്തി മടങ്ങുന്ന മിഷേലിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിരുന്നു. പിറ്റേന്ന് വൈകിട്ട് കൊച്ചി കായലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മിഷേലിനെ കാണാനില്ലെന്ന് പരാതി നൽകിയിട്ടും പോലീസ് അന്വേഷിക്കാൻ വിമുഖത കാട്ടിയതായി കുടുംബം. തുടർന്ന് ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. എന്നാൽ അന്വേഷണം ശരിയായ ദിശയിൽ അല്ലെന്നും മകളെ ആരോ അപായപ്പെടുത്തിയതാണെന്നും കാട്ടി കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു.
അന്വേഷണം ശരിയായ ദിശയിൽ നടത്തണമെന്ന് ആവശ്യപ്പെടാനല്ലാതെ ഒരു പ്രത്യേക ഏജൻസി തന്നെ കേസ് അന്വേഷിക്കണമെന്ന് ശഠിക്കാൻ സാധിക്കില്ലെന്ന് ഉത്തരവിൽ പറയുന്നു. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയിട്ടുള്ള കേസിലെ ആറാം പ്രതിയുമായി മിഷേൽ സ്നേഹത്തിലായിരുന്നു എന്നാണ് റിപ്പോർട്ട്. കൂടാതെ ,പോസ്റ്റ് മോർട്ടം സമയത്ത് മിഷേലിന്റെ വയറ്റിൽനിന്ന് ദഹിക്കാത്ത ഒരു കഷ്ണം കാരറ്റ് കിട്ടിയിരുന്നു. ഇതിന്റെ ഉറവിടം കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. സംഭവം നടന്ന് 7 വർഷത്തിനു ശേഷം ഇത് കണ്ടെത്താൻ പൊലീസിനോട് പറയുന്നതുകൊണ്ട് പ്രയോജനമില്ലെന്നും കോടതി പറയുന്നു. ഇപ്പോഴും ദുരൂഹമായി നിലനിൽക്കുകയാണ് മിഷേൽ മരണം. മരണകാരണം വ്യക്തമല്ല. നിരവധി സംശയങ്ങൾ ബാക്കിയുമാണ്. രണ്ടാം ഗോശ്രീ പാലത്തിൽ നിന്ന് മിഷേൽ ചാടുകയായിരുന്നു എന്നതിന് വ്യക്തമായ തെളിവില്ല. രണ്ടാം പാലത്തിൽ നിന്നാണ് ചാടിയതെന്ന സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിൽ ഇവിടം മാത്രം പരിശോധിച്ചതു കൊണ്ടായിരിക്കാം മിഷേലിന്റെ ബാഗും മറ്റും കണ്ടെത്താൻ പൊലീസിന് കഴിയാതിരുന്നത്. ഈ സാഹചര്യത്തിൽ എല്ലാ സാധ്യതകളും തേടുന്നതിന്റെ ഭാഗമായി ഒന്നാം പാലത്തിനടുത്തും പരിശോധന നടത്തണം. മൃതദേഹം കിട്ടിയ സ്ഥലത്തെ വെള്ളത്തിന്റെ പരിശോധന മാത്രമേ പൊലീസ് നടത്തിയിട്ടുള്ളൂ.
ചാടിയെന്ന് പറയപ്പെടുന്ന ഒന്നും രണ്ടും പാലങ്ങളുടെ അടുത്തുനിന്നുള്ള വെള്ളത്തിലും ‘ഡയറ്റം പരിശോധന’ നടത്തണം. ആറാം പ്രതിയുടെ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്ത എസ്എംഎസുകൾ വീണ്ടെടുക്കാനുള്ള സാധ്യതകൾ വീണ്ടും പരിശോധിക്കേണ്ടതുണ്ട് .മൃതദേഹം ഒഴുകി ഐലൻഡ് വാർഫിൽ എത്തിയതു സംബന്ധിച്ചും വേലിയേറ്റ, വേലിയിറക്കങ്ങളെക്കുറിച്ചുമുള്ള പൊലീസിന്റെ കണ്ടെത്തലുകൾ വീണ്ടും പരിശോധിക്കണമെന്നും കോടതി പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.