Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Apr 2024 17:54 IST
Share News :
മുണ്ടക്കയം: പത്തനംതിട്ട ലോക്സഭ മണ്ഡലത്തിന്റെ ഭാഗമായ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയമസഭ മണ്ഡലങ്ങളിലും പോളിങ് ശതമാനം ഇടിഞ്ഞതോടെ, ഇരുമുന്നണിയും ആശങ്കയിൽ. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കാഞ്ഞിരപ്പള്ളിയിൽ 11.76 ശതമാനത്തിന്റെയും പൂഞ്ഞാറിൽ 13.72 ശതമാനത്തിന്റെയും കുറവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. വലിയ തോതിലുള്ള വോട്ട് വ്യത്യാസം ഇരുമുന്നണിയുടെയും നെഞ്ചടിപ്പേറ്റുകയാണ്. ആദ്യഘട്ട വിലയിരുത്തലുകളിൽ ഇത് എങ്ങനെ ബാധിക്കുമെന്ന് കണ്ടെത്താൻ നേതൃത്വങ്ങൾക്ക് കഴിയുന്നുമില്ല.
ഇരുമണ്ഡലത്തിലും ഇടത്- വലത് മുന്നണികൾ വ്യക്തമായ ലീഡ് അവകാശപ്പെടുന്നുണ്ടെങ്കിലും പോളിങ്ങിലെ കുറവ് എങ്ങനെ ബാധിക്കുമെന്നതിൽ വ്യക്തമായ ഉത്തരം ഇരുകൂട്ടർക്കുമില്ല. യു.ഡി.എഫും ഇടതുമുന്നണിയും ഒപ്പം നിൽക്കുമെന്ന് കണക്കുകൂട്ടുന്ന മണ്ഡലങ്ങളാണ് പൂഞ്ഞാറും കാഞ്ഞിരപ്പള്ളിയും. കേരള കോൺഗ്രസ് എമ്മിന്റെ വോട്ടുകൾക്കൊപ്പം ന്യൂനപക്ഷങ്ങളും ഇത്തവണ തങ്ങളുടെ പാളയത്തിലേക്ക് എത്തിയെന്നാണ് എൽ.ഡി.എഫ് ക്യാമ്പിന്റെ വിലയിരുത്തൽ. എന്നാൽ, പൂഞ്ഞാറിൽ വൻ ലീഡാണ് യു.ഡി.എഫ് പ്രതീക്ഷിക്കുന്നത്. കാഞ്ഞിരപ്പള്ളിയും ഒപ്പം നിൽക്കുമെന്ന് ഇവർ പറയുന്നു. പരമ്പരാഗത യു.ഡി.എഫ് കോട്ടയായ ഇരുമണ്ഡലവും മാറി ചിന്തിക്കില്ലെന്ന് അവകാശപ്പെടുന്ന ഇവർ, സംസ്ഥാന സർക്കാറിനോടുള്ള ന്യൂനപക്ഷങ്ങളുടെ എതിർപ്പ് വോട്ടിൽ പ്രതിഫലിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. പി.സി. ജോർജിലൂടെ വലിയൊരു ശതമാനം വോട്ടുകൾ ലഭിച്ചെന്നാണ് എൻ.ഡി.എ നേതാക്കൾ പറയുന്നത്.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളിയിൽ 77.87 ശതമാനവും പൂഞ്ഞാറിൽ 77.20 ശതമാനവുമായിരുന്നു പോളിങ്. ഇത്തവണ ഇത് കുത്തനെ ഇടിഞ്ഞു. കാഞ്ഞിരപ്പള്ളിയിൽ 66.11 ശതമാനവും പൂഞ്ഞാറിൽ 63.48 ശതമാനവും പേർ മാത്രമാണ് വോട്ട് ചെയ്തിരിക്കുന്നത്. പോളിങ് ശതമാനം കുറഞ്ഞത് അനുകൂലമെന്നാണ് പൂഞ്ഞാറിലെ ഇടതു മുന്നണി പ്രാദേശിക നേതൃത്വത്തിന്റെ വിലയിരുത്തൽ. എന്നാൽ, പിണറായി സർക്കാറിനോടുള്ള ജനവിരുദ്ധതയാണ് പോളിങ് കുറയാൻ ഇടയാക്കിയതെന്ന് യു.ഡി.എഫ് പറയുന്നു.
15 വർഷം മണ്ഡലത്തിലെ ജനപ്രതിനിധിയായിരുന്ന ആന്റോ ആന്റണിയുടെ വികസനം ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിൽ 15 വർഷം മണ്ഡലത്തെ എം.പി വികസനരംഗത്തു പിന്നോട്ടടിച്ചെന്ന് പറഞ്ഞായിരുന്നു ഇടതുമുന്നണി വോട്ടു പിടിച്ചത്. യു.ഡി.എഫിൽ ഘടകകക്ഷികൾക്കിടയിൽ ഭിന്നത ഇല്ലായിരുന്നുവെങ്കിലും കോൺഗ്രസിൽ ഭിന്നത നിലനിന്നിരുന്നു. എന്നാലിത് വോട്ടിനെ ബാധിച്ചില്ലെന്നാണ് നേതാക്കൾ പറയുന്നത്. സംസ്ഥാനത്തെ മികച്ച നേതാക്കളിൽ ഒരാളായ തോമസ് ഐസക്കിനെയാണ് രംഗത്തിറക്കിയ എൽ.ഡി.എഫ്, പ്രചാരണത്തിലും ഈ പരിഗണന കാത്തുസൂക്ഷിച്ചു. ബി ജെ.പിയാവട്ടെ എ.കെ. ആന്റണിയുടെ മകനെ തന്നെ കളത്തിൽ ഇറക്കി പ്രചാരണരംഗത്ത് ഇരുമുന്നണിക്കും ഒപ്പംനിന്നിരുന്നു.
Follow us on :
Tags:
Please select your location.