Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Dec 2024 09:08 IST
Share News :
എ.വി. ഫർദിസ്
കോഴിക്കോട് : അഭിനയലോകത്തിൻ്റെ വിഹായസ്സിൽ തന്നെ , മരണം വരെ
പ്രേക്ഷകൻ
മനസ്സിൽ സൂക്ഷിക്കുന്ന അനേകം കഥാപാത്രങ്ങൾ കൊണ്ട് അടയാളപ്പെടുത്തിയ പ്രിയ തിരക്കഥാകൃത്തിൻ്റെ വേർപാടിൽ മനം തൊടുന്ന വാക്കുകളുമായി മലയാളത്തിൻ്റെ പ്രിയ നടൻ. അദ്ദേഹത്തിൻ്റെ ആദ്യ പ്രതികരണത്തിലൂടെ തന്നെയറിയാം, ഇരുവരും തമ്മിലുള്ള ഇഴയടുപ്പം.
1970 കളിലാണ് എറണാകുളത്ത് ജനശക്തി ഫിലിംസിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫിലിം ഫെസ്റ്റിവലിൽ വെച്ചാണ് മമ്മുട്ടി ആദ്യമായി എം.ടിയെ പരിചയപ്പെടുന്നത്.
ആ പരിചയമാണ്, പാണപറമ്പിൽ മുഹമ്മദ് കുട്ടി എന്ന ചെമ്പ് നിവാസിയെ മമ്മൂട്ടിയെന്ന നടനിലേക്കുള്ള പരിവർത്തിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
മമ്മൂട്ടി തന്നെ ഇതിനെക്കുറിച്ച് തൻ്റെ ആത്മകഥയിൽ എഴു
തിങ്ങനെയാണ്;-
' അവിടെ വെച്ചാണ് ഞാൻ എം.ടി വാസുദേവൻ നായരെ പരിചയപ്പെട്ടത്. എൻ്റെ ആത്മാവിലും ഹൃദയത്തിലും എൻ്റെ ശ്വാസത്തിലും ഗന്ധത്തിലും എൻ്റെ ചിന്തകളിലും പ്രവൃത്തികളിലും നിറഞ്ഞുനിന്ന ആ സ്വപ്നം - ഒരു സിനിമാ നടനാകുക എന്ന സ്വപ്നം - പൂവണിയാൻ ഇടയായത് അങ്ങനെയാണ്. '
പല സിനിമകളിൽ മമ്മൂട്ടി അഭിനയിച്ചെങ്കിലും വിൽക്കാനുണ്ട് സ്വപ്നങ്ങളിലെ, എം.ടി സൃഷ്ടിച്ച മാധവൻ കുട്ടി എന്ന കഥാപാത്രത്തിലൂടെയാണ് മമ്മൂട്ടി സിനിമാ ലോകത്ത് ഒരു ശക്തമായ സാന്നിധ്യം ഉറപ്പിക്കുന്നത്.
മമ്മൂട്ടി തന്നെ ഇതിനെക്കുറിച്ച് എഴുതുന്നു:-
' പിന്നെ ഞാനഭിനയിച്ചത് വില്ക്കാനുണ്ട് സ്വപ്നങ്ങളിലാണ്. ആ സിനിമയിലെ മാധവൻകുട്ടിയിൽ നിന്നാണ് മമ്മൂട്ടി എന്ന നടൻ്റെ വളർച്ച തുടങ്ങുന്നത്. '
തൻ്റെ ഗുരുസ്ഥാനത്താണ് മമ്മൂട്ടിക്ക് എം.ടി;
ഇതിനെക്കുറിച്ച് -' ശരിക്കും പറഞ്ഞാൽ എൻ്റെ ഗുരുസ്ഥാനത്ത് എം.ടി യെയും കെ.ജി. ജോർജിനെയും കാണേണ്ടിയിരിക്കുന്നു. എന്നെ കണ്ടെത്തിയത് എംടിയും വളർത്തിയത് കെ ജി ജോർജും ആണ്.അവരോടുള്ള ആദരവ് ഞാനിപ്പോഴും മനസ്സിൽ സൂക്ഷിക്കുന്നു. ആ കടപ്പാടും സ്നേഹവും നന്ദിയും എനിക്കെന്നും ഉണ്ടാകും '.
എം.ടി മരിച്ചെന്നറിഞ്ഞ ഉടനെ അദ്ദേഹം എഫ്.ബിയിലെഴുതിയ വരികൾ മണിക്കൂറുകൾക്കുള്ളിൽ തന്നെ വൈറലായതിനു കാരണവും ഈ ആത്മബന്ധം ആ വരികളിലൂടെ വായനക്കാരുടെ മനസ്സുകളിലേക്കെത്തുന്നുവെന്നതു കൊണ്ടാണ്.
മമ്മുട്ടിയുടെ എഫ്.ബി പോസ്റ്റിലെ വരികൾ വായിക്കാം:-
'ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്.കാണാൻ ആഗ്രഹിച്ചതും അതിനായി പ്രാർത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു.
കണ്ട ദിവസം മുതൽ ആ ബന്ധം വളർന്നു.
സ്നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി.
നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയിൽ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചിൽ ചാഞ്ഞു നിന്നപ്പോൾ,
ആ മനുഷ്യന്റെ മകനാണു ഞാനെന്നു എനിക്ക് തോന്നി.
ആ ഹൃദയത്തിലൊരിടം കിട്ടിയതാണ്
സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാനവതരിപ്പിച്ചിട്ടുണ്ട്.അതൊന്നും ഓർക്കുന്നില്ലിപ്പോൾ.ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. എന്റെ മനസ്സ് ശൂന്യമാവുന്നപോലെ തോന്നുന്നു.ഞാനെന്റെ ഇരു കൈകളും മലർത്തിവെക്കുന്നു '.
എം.ടിയുടെ സിനിമകൾ മലയാള സിനിമാലോകത്ത് വേറിട്ടു നില്ക്കുന്നവയാണ്. അത് ചലച്ചിത്ര ലോകത്തിനൊരു സംഭാവനയാണെങ്കിൽ അതേ പോലെ മമ്മൂട്ടിയെന്ന മഹാനടനെ മലയാള സിനിമയെന്ന സാഗരത്തിൽ ആടിയുലയാതെ നങ്കൂരമിടുന്നതിന്, എം.ടിയും ഒരു കാരണക്കാരനായെന്നതും അദ്ദേഹത്തിൻ്റെ മ ചലച്ചിത്ര ലോകത്തിനുള്ള പ്രധാന സംഭാവനങ്ങളിലൊന്നു തന്നെയാണ്.
Follow us on :
Tags:
More in Related News
Please select your location.