Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുസ്ലിങ്ങളിൽ തീവ്രവാദ ചിന്ത വളർത്തുന്നതിൽ മഅ്ദനി പങ്കുവഹിച്ചു: പി ജയരാജൻ

25 Oct 2024 11:39 IST

Shafeek cn

Share News :

കൊച്ചി: കേരളത്തിലെ മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ തീവ്രവാദ ചിന്ത വളര്‍ത്തുന്നതില്‍ അബ്ദുല്‍ നാസര്‍ മഅ്ദനി പങ്കുവഹിച്ചിരുന്നുവെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍.  'അതിവൈകാരികമായ പ്രസംഗങ്ങളിലൂടെ ആളുകള്‍ക്കിടയില്‍ തീവ്രചിന്താഗതികള്‍ വളര്‍ത്താന്‍ മഅ്ദനി ശ്രമിച്ചു. സ്വകാര്യ സായുധ സുരക്ഷാ ഭടന്‍മാര്‍ക്കൊപ്പം നടത്തിയ പര്യടനം മുസ്ലിം യുവാക്കള്‍ക്കിടയില്‍ ആര്‍എസ്എസിനെ പ്രതിരോധിക്കാനുള്ള വഴികള്‍ ആരായുന്നതിലേക്ക് നയിച്ചു. എന്നും പി ജയരാജന്‍ പറഞ്ഞു. ബാബരി മസ്ജിദ് തകര്‍ച്ചയ്ക്ക് ശേഷം മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ നേതൃത്വത്തില്‍ കേരളത്തിലുടനീളം നടത്തിയ പ്രഭാഷണ പര്യടനം തീവ്രവാദ ചിന്ത വളര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. 


മഅ്ദനി അതിവൈകാരികമായ പ്രസംഗങ്ങളിലൂടെ ആളുകള്‍ക്കിടയില്‍ തീവ്രചിന്താഗതികള്‍ വളര്‍ത്താന്‍ ശ്രമിച്ചുവെന്നും ഇതിലൂടെ ഒട്ടേറെ യുവാക്കള്‍ തീവ്രവാദ പ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടിട്ടുണ്ട് എന്നത് വസ്തുതയാണെന്നും പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ മുസ്ലിം രാഷ്ട്രീയത്തിന്റെ ഗതിവികാസങ്ങളെക്കുറിച്ച് പി ജയരാജന്‍ എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ' കേരളം: മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം' എന്ന പുസ്തകത്തിലാണ് പി ജയരാജന്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. 1990-ല്‍ മഅ്ദനിയുടെ നേതൃത്വത്തില്‍ ആര്‍എസ്എസിനെ അനുകരിച്ച് ഇസ്ലാമിക് സേവക് സംഘം(ഐഎസ്എസ്) രൂപീകരിച്ചു. ഐഎസ്എസ് നേതൃത്വത്തില്‍ മുസ്ലിം യുവാക്കള്‍ക്ക് ആയുധ ശേഖരവും ആയുധപരിശീലനവും നല്‍കി', പി ജയരാജന്‍ പറയുന്നു.


മുസ്ലിം തീവ്രവാദത്തിന്റെ അംബാസഡറായി മഅ്ദനിയെ പലരും വിശേഷിപ്പിച്ചിരുന്നുവെന്നും ഒട്ടേറെ അക്രമ സംഭവങ്ങളില്‍ പ്രതി ചേര്‍ക്കപ്പെട്ട കണ്ണൂര്‍ സ്വദേശി തടിയന്റവിട നസീര്‍ മഅ്ദനിയുടെ അതിവൈകാരിക പ്രഭാഷണങ്ങളില്‍ ആകൃഷ്ടനായെന്നും പി ജയരാജന്‍ പുസ്തകത്തില്‍ പറയുന്നുണ്ട്. ഐഎസ്എസ് എന്ന സംഘടനയുടെ നേതൃത്വത്തില്‍ നടന്ന പ്രഭാഷണ പരമ്പരയുടെ കാലത്ത് അദ്ദേഹത്തിനെതിരെ മുസ്ലിം സമുദായത്തിനകത്ത് നിന്ന് തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ മഅ്ദനി ആ സംഘടന പിരിച്ചുവിടുകയും തുടര്‍ന്ന് കൂടുതല്‍ വിപുലമായ പ്രവര്‍ത്തന സാധ്യതകളുള്ള പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) രൂപികരിക്കുകയായിരുന്നുവെന്നും പി ജയരാജന്‍ അടയാളപ്പെടുത്തി.എന്നാല്‍ കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്തതിന് ശേഷം മഅ്ദനിയുടെ നിലപാടില്‍ ചില മാറ്റങ്ങള്‍ വന്നെന്നും പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.


ഒക്ടോബര്‍ 26 ശനിയാഴ്ച കോഴിക്കോട് വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം നിര്‍വഹിക്കാന്‍ പോകുന്ന പുസ്തകത്തിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ ജയില്‍മോചിതനായ ശേഷം അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ പിന്തുണ എല്‍ഡിഎഫിനുണ്ടായിരുന്നു. 2009-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ വെച്ച് അന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി ആയിരുന്ന പിണറായി വിജയന്‍ മഅ്ദനിയുമായി വേദി പങ്കിടുകയും, അന്ന് എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് പോസ്റ്ററുകളില്‍ മഅ്ദനിയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാക്കളിലൊരാളായ പി ജയരാജന്റെ ഈ പരാമര്‍ശങ്ങള്‍ പ്രാധാന്യമേറിയതാണ്.


Follow us on :

More in Related News