Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Aug 2024 16:20 IST
Share News :
ദില്ലി: പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിര്‍മ്മിക്കുന്ന വീടുകളുടെ മുന്നില്‍ പദ്ധതിയുടെ ലോഗോ പ്രദര്‍ശിപ്പിക്കണമെന്ന നിബന്ധനയില്‍ മാറ്റമില്ലെന്ന് കേന്ദ്ര ഭവന നഗരകാര്യ മന്ത്രി തൊഖാന്‍ സാഹു രാജ്യസഭയില്‍ അറിയിച്ചു. ജെബി മേത്തര്‍ എംപിയുടെ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് കേന്ദ്ര ഭവന നഗരകാര്യ മന്ത്രി തൊഖാന്‍ സാഹു ഇക്കാര്യം രാജ്യസഭയില്‍ വ്യക്തമാക്കിയത്.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് നാല് വിഭാഗങ്ങളിലായാണ് സഹായം അനുവദിക്കുന്നത്. ചേരി നിര്‍മ്മാര്‍ജ്ജനത്തിന് ഒരു ലക്ഷം രൂപയും ഗുണഭോക്താക്കള്‍ നേരിട്ട് നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് ഒന്നര ലക്ഷം രൂപ വീതവും, വായ്പയെടുത്ത് വീട് നിര്‍മ്മിക്കുന്നവര്‍ക്ക് 2.67 ലക്ഷം രൂപ പലിശ സബ്‌സിഡിയുമാണ് നല്‍കുന്നതെന്നും കേന്ദ്ര മന്ത്രി വിശദീകരിച്ചു.
കേന്ദ്ര സഹായത്തോടെ പൂര്‍ത്തിയാക്കുന്ന വീടുകള്‍ക്ക് പ്രത്യേകം ലോഗോ വേണമെന്ന കേന്ദ്ര നിര്‍ദ്ദേശം അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കിയത്.
ബ്രാന്റിംഗ് നല്‍കുന്നത് വിവേചനത്തിന് ഇടയാക്കും എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം. എല്ലാ ഭവന നിര്‍മ്മണ പദ്ധതികളും ഒരൊറ്റക്കുടക്കീഴിലാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ ലൈഫ് മിഷന്‍ എന്ന ഒറ്റ പദ്ധതി ആവിഷ്‌കരിച്ചത്. പ്രധാനമന്ത്രി ആവാസ് യോജന വഴി നഗര പ്രദേശങ്ങളിലും ഗ്രാമങ്ങളിലും വീട് വയ്ക്കാന്‍ നല്‍കുന്ന പദ്ധതിയും ഇതില്‍പ്പെടും. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത് 72000 രൂപയാണ്. ബാക്കി തുക കൂടി ചേര്‍ത്ത് നാല് ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ഗുണഭോക്താവിന് നല്‍കുന്നത്. കേന്ദ്ര സഹായത്തോടെ പൂര്‍ത്തിയാക്കുന്ന വീടുകളില്‍ അത് രേഖപ്പെടുത്തും വിധം ലോഗോ വേണമെന്ന ആവശ്യത്തിലാണ് കേരളവും കേന്ദ്രവും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നത്.
ബ്രാന്റിംഗ് ഇല്ലെങ്കില്‍ പണമില്ലെന്ന കേന്ദ്രത്തിന്റെ കടുംപിടുത്തം പദ്ധതി നടത്തിപ്പിനെ തന്നെ ബാധിക്കുന്നു എന്ന വിമര്‍ശനത്തിന് പിന്നാലെ ബ്രാന്റിങ് നല്‍കാന്‍ കേരളം ഉദ്ദേശിക്കുന്നില്ലെന്ന് തദ്ദേശ മന്ത്രി കേന്ദ്ര സര്‍ക്കാരിന് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു. 2023 ഒക്ടോബര്‍ 31 വരെ ലൈഫ് മിഷന് കീഴില്‍ പൂര്‍ത്തിയാക്കിയത് 3,56,108 വീടാണ്. അതില്‍ പ്രധാന്‍മന്ത്രി ആവാസ് യോജന അര്‍ബന്‍ വിഭാഗത്തില്‍ 79860 വീടും ഗ്രാമീണ്‍ വിഭാഗത്തില്‍ 32171 വീടുമാണുള്ളത്. അര്‍ബന്‍ വിഭാഗത്തില്‍ 1 ലക്ഷത്തി 50000 വും ഗ്രാമീണ്‍ വിഭാഗത്തില്‍ 72000 ഉം ആണ് കേന്ദ്ര വിഹിതം. കേന്ദ്രത്തില്‍ നിന്ന് പണം വാങ്ങിയെടുത്ത് സംസ്ഥാനം, പദ്ധതിയുടെ ക്രഡിറ്റെടുക്കുന്നു എന്നാണ് കേന്ദ്ര വാദം.
Follow us on :
Tags:
More in Related News
Please select your location.