Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുഷ്ഠരോഗ രോഗ നിര്‍ണ്ണയ ക്യാമ്പയിന്‍ ജനുവരി 30 മുതല്‍ ഫെബുവരി 12 വരെ നടക്കും

28 Jan 2025 12:08 IST

Jithu Vijay

Share News :

മലപ്പുറം : ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി ജില്ലയിലെ ആരോഗ്യ വകുപ്പും ആരോഗ്യ കേരളവും  അശ്വമേധം 6.0 എന്ന പേരില്‍ കുഷ്ഠരോഗ നിര്‍ണ്ണയ ക്യാമ്പയിന്‍ സംഘടിപ്പിക്കും. ജനുവരി 30 മുതല്‍ ഫെബുവരി 12 വരെ പതിനാല് ദിവസമാണ് ക്യാമ്പയിന്‍ നടക്കുക. ക്യാമ്പയിന്റെ വിജയത്തിന് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനം അനിവാര്യമെന്ന് ജില്ലാ കളക്ടര്‍ വി ആര്‍.വിനോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. കുഷ്ഠരോഗത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം, പ്രാഥമിക പരിശോധന, രോഗബാധിതര്‍ക്ക് വിദഗ്ധ പരിശോധന, ചികിത്സ എന്നിവ ലഭ്യമാക്കുകയാണ് അശ്വമേധം 6.0 കാമ്പയിന്റെ ലക്ഷ്യം. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജനുവരി 30ന് തിരൂരില്‍ നടക്കും. 


രണ്ടു വയസിനു മുകളില്‍ പ്രായമുള്ളവരിലാണ് പരിശോധന നടത്തുന്നത്. ജില്ലയിലെ എല്ലാ വീടുകളിലും ആരോഗ്യ വകുപ്പു ജീവനക്കാരുടെ നേതൃത്വത്തില്‍ പരിശീലനം ലഭിച്ച വോളന്റിയര്‍മാര്‍ സന്ദര്‍ശനം നടത്തും. കൂടാതെ അതിഥി തൊഴിലാളികളുടെ സ്ഥലങ്ങളും സന്ദര്‍ശിച്ചു പരിശോധന നടത്തും. ഭവന സന്ദര്‍ശനത്തിന് ആശാ വര്‍ക്കര്‍മാരുടെയും മറ്റു വോളന്റിയര്‍മാരുടെയും സേവനം പ്രയോജനപ്പെടുത്തും. തദ്ദേശസ്ഥാപനങ്ങള്‍, വിദ്യാഭ്യാസം, വനിതാ ശിശുവികസനം, സാമൂഹിക നീതി, പട്ടിക ജാതി, പട്ടിക വര്‍ഗ വികസനം, തൊഴില്‍ തുടങ്ങി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് ക്യാമ്പയിന്‍ നടക്കുന്നത്. സ്‌കൂള്‍ പിടിഎ, അംഗണ്‍വാടി ജീവനക്കാര്‍, വിദ്യാര്‍ഥികള്‍, അതിഥി തൊഴിലാളികള്‍, പിന്നാക്ക വിഭാഗങ്ങള്‍ തുടങ്ങി സമൂഹത്തിലെ എല്ലാ മേഖലയിലും പ്രചാരണപരിപാടിയും ബോധവല്‍ക്കരണവും സംഘടിപ്പിക്കും. ദേശീയ കുഷ്ഠരോഗ അവബോധ ദിനമായ ജനുവരി 30ന് പ്രചാരണ പരിപാടിയുടെ ഭാഗമായി സ്‌കൂളുകളില്‍ പ്രത്യേക അസംബ്ലി നടത്തി കുഷ്ഠരോഗ നിര്‍മാര്‍ജ്ജന പ്രതിജ്ഞ ചൊല്ലും. 


യോഗത്തില്‍ ജില്ലാ കളക്ടര്‍ വി. ആര്‍ വിനോദ്, ഡി.എം.ഒ. ഡോ.ആര്‍.രേണുക, ജില്ലയിലെ ലെപ്രസി ഓഫീസർ ഡോ.കെ. എ.നൂന മർജ, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ഷുബിൻ, എന്‍.സി.ഡി.നോഡല്‍ ഓഫീസര്‍ ഡോ. വി.ഫിറോസ് ഖാന്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

Follow us on :

More in Related News