Tue Dec 12, 2023 10:56 PM 1ST

Location  

Sign In

"നല്ലപാഠം ചിറകുകൾ" പദ്ധതിക്ക് തുടക്കമാകുന്നു ;ഭിന്നശേഷി സൗഹൃദ ഗ്രാമമാക്കാൻ ഇ.എം.ഇ.എ. സ്കൂളിന്റെ മാതൃകാ സംരംഭം

28 Jul 2026 10:15 IST

Jithu Vijay

Share News :

കൊണ്ടോട്ടി : ഇ.എം.ഇ.എ. ഹയർ സെക്കൻഡറി സ്കൂൾ ഉൾക്കൊള്ളുന്ന ചെമ്മലപ്പറമ്പ് ഗ്രാമത്തെ ഭിന്നശേഷി സൗഹൃദ ഗ്രാമമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ 'ചിറകുകൾ' എന്ന സമഗ്ര സാമൂഹിക പദ്ധതിക്ക് തുടക്കമാകുന്നു. മലയാള മനോരമയുടെ നല്ലപാഠം ക്ലബ്ബ്, അമൽ ഇൻസ്പയർ കൂട്ടായ്മ, ഡിവിഷൻ കൗൺസിലർ എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഒന്നാംഘട്ട ആലോചനാ യോഗം സ്കൂളിൽ ചേർന്നു.


സ്കൂൾ ഹെഡ്മിസ്ട്രസ് രോഹിണി കെ.എസ്. യോഗം ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ ഫൗസിയ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. അമൽ ഇഖ്ബാൽ പദ്ധതിയുടെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും വിശദീകരിച്ചു. വിദ്യാർത്ഥി കോർഡിനേറ്റർ മാളവിക നന്ദി രേഖപ്പെടുത്തി.അമൽ പിതാവ്

ഇഖ്‌ബാൽ സംസാരിച്ചു


ഭിന്നശേഷിയുള്ള വ്യക്തികൾക്ക് സമൂഹത്തിന്റെ മുഖ്യധാരയിൽ സമഗ്ര പങ്കാളിത്തം ഉറപ്പാക്കി ചെമ്മലപ്പറമ്പിനെ മാതൃകാ ഭിന്നശേഷി സൗഹൃദ ഗ്രാമമാക്കി മാറ്റുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കാഴ്ച, കേൾവി, സംസാരശേഷി, മാനസിക വെല്ലുവിളി, ശാരീരിക പരിമിതി, വിവിധ പഠനവൈകല്യങ്ങൾ എന്നിവ നേരിടുന്നവരുടെ ജീവിതനിലവാരം ഉയർത്താൻ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സമൂഹത്തെ പങ്കാളികളാക്കുന്ന വിവിധ പ്രവർത്തനങ്ങൾ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.


സമഗ്ര പുനരധിവാസ സംവിധാനം, ചികിത്സ, തെറാപ്പി, കൗൺസിലിങ്, തൊഴിൽപരിശീലനം എന്നിവ ഒരൊറ്റ കേന്ദ്രത്തിൽ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ, ഭിന്നശേഷിക്കാരായ മക്കളുടെ ഭാവിയെക്കുറിച്ചുള്ള മാതാപിതാക്കളുടെ ആശങ്കകൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുള്ള ഇടപെടലുകൾ, ഭിന്നശേഷി സൗഹൃദ അടിസ്ഥാനസൗകര്യ വികസനം, വൊക്കേഷണൽ ട്രെയിനിങ് കേന്ദ്രങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സാമൂഹ്യനീതി വകുപ്പിന്റെയും ഏകോപനത്തോടെ ക്ഷേമപദ്ധതികൾ നടപ്പാക്കൽ എന്നിവ പദ്ധതിയുടെ പ്രധാന ഘടകങ്ങളായിരിക്കും.


പല കുടുംബങ്ങളിലും ഭിന്നശേഷി സംബന്ധമായ വെല്ലുവിളികൾ വൈകിയാണ് തിരിച്ചറിയപ്പെടുന്നത്. ഇതുമൂലം ചികിത്സയും തെറാപ്പിയും വൈകി കുട്ടികളുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ബോധവൽക്കരണം, പ്രാരംഭ തിരിച്ചറിവ്, സമയബന്ധിത ഇടപെടൽ എന്നിവയ്ക്കും പദ്ധതിയിൽ പ്രത്യേക പ്രാധാന്യം നൽകും.


ഭിന്നശേഷിയുള്ളവരുടെ വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം, തൊഴിൽ, സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ മേഖലകളിലെ പങ്കാളിത്തം ശക്തിപ്പെടുത്തി വിവേചനരഹിതവും ഉൾക്കൊള്ളുന്നതുമായ സമൂഹം സൃഷ്ടിക്കാൻ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മാതൃകാപരമായ ഇടപെടലുകൾക്ക് തുടക്കമിടുകയാണ് 'ചിറകുകൾ' പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് കോർഡിനേറ്റർ കെ.എം.ഇസ്മായിൽ മാസ്റ്റർ അറിയിച്ചു.

Follow us on :

More in Related News