Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊല്ലം കളക്ട്രേറ്റ് ബോംബ് സ്‌ഫോടനക്കേസ്: മൂന്ന് പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാ വിധി നാളെ

04 Nov 2024 12:30 IST

Shafeek cn

Share News :

കൊല്ലം കളക്ടറേറ്റ് വളപ്പിലെ ബോംബ് സ്ഫോടനക്കേസിൽ വിധി പറഞ്ഞ് കോടതി.കേസിലെ മൂന്ന് പ്രതികള്‍ കുറ്റക്കാര്രാണെന്ന് കോടതി കണ്ടെത്തി. പ്രതികളിൽ ഒരാളെ കോടതി കുറ്റവിമുക്തനാക്കി. നിരോധിത ഭീകരസംഘടനയായ ബേസ്‌ മൂവ്‌മെന്‍റ് പ്രവർത്തകരും മധുര സ്വദേശികളുമായ അബ്ബാസ് അലി (31), ഷംസൂൺ കരീംരാജ (33), ദാവൂദ് സുലൈമാൻ (27) എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടുള്ളത്. ഷംസുദ്ദീൻ എന്ന നാലാം പ്രതിയെയാണ് കോടതി വെറുതേവിട്ടത്. അഞ്ചാംപ്രതി മുഹമ്മദ് അയൂബിനെ നേരത്തെ മാപ്പുസാക്ഷിയാക്കിയിരുന്നു.


കൊല്ലം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് വിധിപറഞ്ഞത്. കേസിന്‍റെ വിചാരണ കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. പ്രതികൾക്കുള്ള ശിക്ഷാവിധി കോടതി ചൊവ്വാഴ്ച പ്രഖ്യാപിക്കും. 2016 ജൂൺ 15 ന് രാവിലെ 10.45 നായിരുന്നു കലക്ട്രേറ്റ് വളപ്പിലെ മുന്‍സിഫ് കോടതിക്ക് മുന്നില്‍ കിടന്ന ജീപ്പില്‍ സ്ഫോടനം. തൊഴിൽ വകുപ്പിന്‍റെ ഉപയോഗിക്കാതെ കിടന്ന ജീപ്പിൽ ചോറ്റുപാത്രത്തിലാണ് ബോംബ് വച്ചത്.


രണ്ട് ചോറ്റുപാത്രങ്ങള്‍ക്കുള്ളില്‍ ഡിറ്റണേറ്ററുകളും ബാറ്ററിയും വെടിമരുന്നും നിറച്ചാണ് സ്‌ഫോടനം നടത്തിയത്. സ്ഫോടനത്തില്‍ പേരയം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റ് സാബുവിന് പരുക്കേറ്റിരുന്നു. ഗുജറാത്തിൽ പൊലീസ് ഏറ്റുമുട്ടലിൽ ഇസ്രത്ത് ജഹാൻ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായി ദക്ഷിണേന്ത്യയിൽ മൂന്നു സംസ്ഥാനങ്ങളിലായി അഞ്ച് സ്ഥലങ്ങളിലെ കോടതി വളപ്പുകളിലാണ് പ്രതികള്‍ സ്ഫോടനം നടത്തിയത്. ഇതില്‍ മൈസുരു കോടതി വളപ്പിലെ സ്ഫോടനക്കേസ് അന്വേഷണമാണ് കൊല്ലം കേസില്‍ തുമ്പുണ്ടാക്കിയത്. 


കേസിൽ ഇതുവരെ പ്രോസിക്യൂഷൻ 63 സാക്ഷികളെ വിസ്തരിച്ചു. 109 രേഖകളും 24 തൊണ്ടിമുതലുകളും ഹാജരാക്കി. ഗൂഢാലോചന, കൊലപാതകശ്രമം, പരുക്കേല്‍പ്പിക്കല്‍, നാശനഷ്ടം വരുത്തല്‍, എന്നിവയ്ക്ക് പുറമേ സ്ഫോടകവസ്തു നിയമവും യുഎപിഎ വകുപ്പുകളുമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുളളത്. കേസിൽ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിലെ (യു.എ.പി.എ.) വകുപ്പുകൾ ഉൾപ്പെടുത്താൻ‍ നിശ്ചിത സമയത്തിനുള്ളിൽ അനുമതി ലഭിച്ചില്ലെന്ന പ്രതിഭാഗം വാദത്തിൽ പ്രോസിക്യൂഷനിൽനിന്ന് കോടതി വ്യക്തത തേടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അടുത്തിടെ സുപ്രീംകോടതിയുടെ ഉത്തരവ് പ്രോസിക്യൂഷൻ ഹാജരാക്കി.


കേസിലെ അഞ്ചാംപ്രതി മുഹമ്മദ് അയൂബിനെ മാപ്പുസാക്ഷി ആക്കിയതിനെക്കുറിച്ചും കോടതി വിശദാംശങ്ങൾ തേടി. മറ്റു പ്രതികൾക്കൊപ്പം ജയിലിൽ കഴിഞ്ഞിരുന്ന അയൂബ് പ്രതികളെ തിരിച്ചറിഞ്ഞു എന്നതി്റെ യുക്തി എന്തെന്ന് കോടതി ചോദിച്ചു. പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ കണ്ടെടുത്തെന്നു പറയുന്ന തെളിവുകൾക്കു ബലംനൽകുന്ന സാക്ഷിമൊഴികളോ രേഖകളോ ഹാജരാക്കിയില്ലെന്നും കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷനുവേണ്ടി ഗവൺമെൻ്റ് പ്ലീഡർ സേതുനാഥും പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകൻ കുറ്റിച്ചൽ ഷാനവാസുമായിരുന്നു ഹാജരായിരുന്നത്.



Follow us on :

More in Related News