Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മെക്‌സെവനതിരെ വീണ്ടും കാന്തപുരം ; സ്ത്രീകളും പുരുഷൻമാരും ഒന്നിച്ചുള്ള വ്യായാമം വേണ്ടെന്ന്

19 Jan 2025 07:33 IST

Fardis AV

Share News :




കോഴിക്കോട്: മെക് സെവൻ ആരോഗ്യസംരക്ഷണ കൂട്ടായ്മക്കെതിരായ ആരോപണങ്ങളിൽ നിന്നും സി.പി.എം പിൻവാങ്ങിയെങ്കിലും രൂക്ഷ വിമർശനങ്ങളുമായി കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ നേതൃത്വം നൽകുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. തുടക്കത്തിൽ സമസ്തയുടെ നേതാവ് പേരോട് അബ്ദുറഹിമാൻ സഖാഫിയാണ് രംഗത്ത് വന്നതെങ്കിൽ കഴിഞ്ഞ ദിവസം ചേർന്ന സമസ്ത മുശാവറ യോഗത്തിലാണ് കാന്തപുരത്തിന്റെ വിമർശനം. സ്ത്രീകളും പുരുഷൻമാരും ഒന്നിച്ച് നടത്തുന്ന യോഗാഭ്യാസങ്ങൾ മത മൂല്യങ്ങൾക്കെതിരാണെന്നായിരുന്നു വിവാദ പ്രസ്താവന. അതോടെ മെക്‌സെവൻ ആരോഗ്യ കൂട്ടായ്മ വീണ്ടും ചർച്ചയിലേക്ക് വരികയാണ്. പേരെടുത്ത് പറയാതെയാണ് വിമർശനമെങ്കിലും അതിരൂക്ഷമായാണ് മുസ്ലീം സമുദായത്തിനുള്ളിലെ വലിയ വിഭാഗമായ കാന്തപുരം എ.പി.സുന്നിവിഭാഗം നടത്തിയിരിക്കുന്നത്.


ആരോഗ്യസംരക്ഷണം ഇസ്‌ലാം വളരെ പ്രാധാന്യം നൽകുന്നതാണെന്നും ജീവിത ശൈലി രോഗങ്ങൾ തടയുന്നതിനും ശാരീരിക ഉണർവ്വിന്നും മത നിയമങ്ങൾക്ക് വിധേയമായി ആവശ്യമായ വ്യായാമവും വിരോധിക്കപ്പെട്ടതല്ലെന്നും പുരുഷൻമാരും സ്ത്രീകളും ഒന്നിച്ചുള്ള അഭ്യാസം വേണ്ടെന്നുമാണ് കാന്തപുരത്തിന്റെ വിവാദ പ്രസ്താവന. 

അന്യപുരുഷൻമാരുടെ മുന്നിലും ഇടകലർന്നും സ്ത്രീകൾ അഭ്യാസം നടത്തുന്നതും മത വിശ്വാസത്തിന് ഹാനികരമാകുന്ന ഗാനങ്ങളും പ്രചരണങ്ങളും ക്ലാസ്സുകളും സംഘടിപ്പിച്ച് അതിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നതും അനുവദിയമല്ല. സുന്നീ വിശ്വാസികൾ ഇത്തരം കാര്യങ്ങളിൽ ജാഗ്രതപുലർത്തി പൂർവ്വീക വിശ്വാസ ആചാരങ്ങളും നയങ്ങളും മുറുകപ്പിടിച്ച് ജീവിക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് വിശദീകരിക്കാൻ സമസ്ത സെന്റിനറിയുടെ ഭാഗമായി ഫെബ്രുവരി 11 ന് കോഴിക്കോട് വെച്ച് മുൽതഖൽ ഉലമായും ഏപ്രിൽ മാസത്തിൽ ജില്ലാ, മേഖല തലങ്ങളിൽ പണ്ഡിത സംഗമങ്ങളും സംഘടിപ്പിക്കുമെന്നും മുശാവറയിൽ കാന്തപുരം പറഞ്ഞു. 

മെക്‌സെവൻ ആരോഗ്യകൂട്ടായ്മയ്ക്ക് പിന്നിൽ ജമാ അത്തെ ഇസ്ലാമിയാണെന്നും ദുർഭലമായ മതസംഘടനയിലേക്ക് ആളെക്കയറ്റുകയാണ് ഇതിന് പിന്നെലെന്നുമായിരുന്നു നേരത്തെ കാന്തപുരം നേതാവ് പേരോട് അബ്ദുറഹിമാൻ സഖാഫി പറഞ്ഞത്. ഇതിനെ കൂട്ടുപിടിച്ച് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനും മെക്‌സെവൻ കൂട്ടായ്മക്കെതിരെ രംഗത്തെത്തി. ജമാ അത്തെ ഇസ്ലാമിയും നിരോധിക്കപ്പെട്ട പോപ്പുലർഫ്രണ്ടുമായിരുന്നു കൂട്ടായ്മക്ക് പിന്നിലെന്നായിരുന്നു മോഹനന്റെ വിലയിരുത്തൽ. ഇത് വിവാദമായതോടെ അദ്ദേഹമത് തിരുത്തുകയും ആരോഗ്യസംരക്ഷണത്തിന് പിന്നിലെ കൂട്ടായ്മകൾക്ക് തെറ്റില്ലെന്നും പറഞ്ഞ് തടിയൂരി. എന്നാൽ മലബാറിൽ വലിയ പ്രചാരണം നേടിയ കൂട്ടായ്മ തങ്ങളുടെ അണികളെ ചോർത്തുമെന്ന് ഭയന്ന് കാന്തപുരം വിഭാഗം കടുത്ത വിമർശനവുമായി മുന്നോട്ട് പോവുകയാണ്. സ്ത്രീകൾക്കെതിരെ അപഹാസ്യമായി നിരവധി പ്രസ്താവനകൾ നടത്തിയ നേതാവാണ് കാന്തപുരം. സ്ത്രീകളുടെ മാസമുറക്കാലത്ത് ലൈഗികാവശ്യങ്ങൾ നിർവഹിക്കാൻ ഒന്നിലേറെ വിവാഹങ്ങൾ കഴിക്കുന്നതിൽ തെറ്റില്ലെന്ന് കാന്തപുരത്തിന്റെ പ്രസ്താവന കേരളീയ സമൂഹത്തിൽ വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.

Follow us on :

More in Related News